|    Nov 15 Thu, 2018 9:31 am
FLASH NEWS
Home   >  News now   >  

ഫസല്‍ വധം: കുറ്റസമ്മതം പോലിസ് മര്‍ദിച്ചു പറയിപ്പിച്ചതെന്ന് സുബീഷ്

Published : 11th June 2017 | Posted By: mi.ptk

കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് താന്‍ ഉള്‍പ്പെടുന്ന ആര്‍എസ്എസ് സംഘമാണെന്നു കുറ്റം സമ്മതിച്ചുകൊണ്ടുള്ള വീഡിയോ  പോലിസ് ക്രൂരമായി മര്‍ദിച്ച ശേഷം പറയിപ്പിച്ചതാണെന്ന് ചെമ്പ്ര സ്വദേശി സുബീഷ്. ജോലി വാഗ്ദാനം ചെയ്തും ജീവന്‍ അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയും ഡിവൈഎസ്പിമാരായ പി പി സദാനന്ദനും പ്രിന്‍സ് എബ്രഹാമുമാണ് മര്‍ദിച്ചത്. തലകീഴായി കെട്ടിത്തൂക്കിയ ശേഷം തലയിലൂടെ എരിവുവെള്ളം ഒഴിച്ചു. മൂന്നു ദിവസം അന്നപാനീയങ്ങള്‍ നല്‍കാതെ നഗ്നനാക്കി മര്‍ദിച്ച ശേഷം പോലിസ് പറഞ്ഞുതന്ന മൊഴി പറയുന്നതാണ് വീഡിയോയിലുള്ളത്. ഇക്കാര്യങ്ങളെല്ലാം കോടതികളില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും രേഖകള്‍ ചൂണ്ടിക്കാട്ടി സുബീഷ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. 2016 നവംബര്‍ 11നു കുടുംബത്തോടൊപ്പം മൂന്നാറില്‍ പോയി തിരിച്ചുവരുന്നതിനിടെ മൂര്യാട് പാലത്തിനു സമീപം വാഹനം തടഞ്ഞുനിര്‍ത്തിയാണ് പോലിസ് തന്നെ പിടിച്ചുകൊണ്ടുപോയത്. അഴീക്കല്‍ തീരദേശ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചു ക്രൂരമായി മര്‍ദിച്ചു. പിന്നീട് പോലിസ് എഴുതിത്തയ്യാറാക്കിയ സ്‌റ്റേറ്റ്‌മെന്റ് വായിക്കാന്‍ പറഞ്ഞു. ഇതിനു വിസമ്മതിച്ചപ്പോള്‍, ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൂടുതല്‍ കേസുകളില്‍ പെടുത്തി ജയിലിനുള്ളിലാക്കുമെന്നും ഭീഷണിപ്പെടുത്തി. മൂന്നാമത്തെ ദിവസം രാത്രി 10ഓടെയാണ് മട്ടന്നൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. പിന്നീടാണ് സിപിഎം പ്രവര്‍ത്തകന്‍ മോഹനന്‍ വധക്കേസില്‍ പ്രതിചേര്‍ത്തതായി അറിയുന്നത്. ആറു ദിവസം പോലിസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോഴും മര്‍ദനവും പ്രലോഭനവും ഭീഷണിയും തുടര്‍ന്നു. കൊല്ലപ്പെട്ട ഫസലിനെഅറിയില്ല. ഇന്നലെ കോടതിയില്‍ ഹാജരാക്കിയെന്നു പറയുന്ന ഫോണ്‍ സംഭാഷണം എന്റേതല്ല. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍  ഏതെങ്കിലും ആര്‍എസ്എസ് നേതാവുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. വീഡിയോ-ഓഡിയോ സംവിധാനങ്ങളുള്ള മുറിയില്‍ നിന്നാണ് മൊഴിയെടുത്തത്. നുണപരിശോധന ഉള്‍പ്പെടെ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സുബീഷ് പറഞ്ഞു. അഭിഭാഷകനൊപ്പമാണ് സുബീഷ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss