|    Sep 19 Wed, 2018 4:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫസല്‍ വധം:അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് സിബിഐ ഹൈക്കോടതിയില്‍

Published : 18th August 2018 | Posted By: kasim kzm

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുന്നതായി സിബിഐ ഹൈക്കോടതിയില്‍. ഫസലിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷിന്റെ മൊഴി നിയമപരമല്ലെന്നും അതിന് കടലാസിന്റെ വിലപോലുമില്ലെന്നും മര്‍ദിച്ചു തയ്യാറാക്കിയ മൊഴിയാണിതെന്നും സിബിഐ വാദിച്ചു.
കുപ്പി സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് സിബിഐ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ സിപിഎം അനുഭാവിയായ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് സിബിഐ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണം പൂര്‍ത്തിയായ കേസാണിതെന്നും വിചാരണ തുടങ്ങാനിരിക്കുകയാണെന്നും സിബിഐ വ്യക്തമാക്കി. യാതൊരു വിധ സമ്മര്‍ദവും ചെലുത്തിയില്ലെന്നും സുബീഷ് സ്വമേധയാ ആണ് മൊഴി നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
കൂത്തുപറമ്പ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 2016ല്‍ മോഹനന്‍ എന്ന സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് 2009ല്‍ കണ്ണവത്ത് പവിത്രന്‍ എന്ന സിപിഎം പ്രവര്‍ത്തകനെയും തലശ്ശേരിയില്‍ ഫസലിനെയും കൊന്നിട്ടുണ്ടെന്നു സുബീഷ് കുറ്റസമ്മത മൊഴി നല്‍കിയതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
തലശ്ശേരിയില്‍ ജിജേഷ്, പാണ്ടക്കലില്‍ രവീന്ദ്രന്‍ എന്നിവരെ കൊന്നതും ആര്‍എസ്എസ്-ബിജെപി സംഘമാണെന്നും സുബീഷ് മൊഴി നല്‍കിയിരുന്നു. ഫസല്‍ വധക്കേസ് സിബിഐ അന്വേഷിക്കുന്നതായതിനാല്‍ കുറ്റസമ്മത മൊഴി സംബന്ധിച്ച വിവരം ഡിജിപി സിബിഐയെ അറിയിച്ചു.
കണ്ണവം പോലിസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പവിത്രന്‍ കേസില്‍ തുടരന്വേഷണത്തിനു തലശ്ശേരി കോടതി ഉത്തരവിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് തുടരന്വേഷണം നടത്തുന്നത്. ചോദ്യം ചെയ്യലെല്ലാം വിശദമായി വീഡിയോ എടുത്തിട്ടുണ്ട്. ഇതും സമാനമായ ടെലിഫോണ്‍ സംഭാഷണങ്ങളും കോടതിക്കു പരിശോധിക്കാം. നിലവില്‍ സര്‍ക്കാര്‍ വകുപ്പില്‍ ഗുമസ്തനും മാഹി റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുകയും ചെയ്യുന്ന പ്രനീഷ്, ഇപ്പോള്‍ ഗള്‍ഫിലുള്ള മാഹി പാറാല്‍ തൈക്കോട്ട് പ്രഭീഷ് കുമാര്‍, തലശ്ശേരി ടെംപിള്‍ ഗേറ്റ് മാടപ്പീടിക കുനിയില്‍ വീട്ടില്‍ ഷിനോജ് എന്നിവരും താനും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് സുഭീഷ് മൊഴി നല്‍കിയിരിക്കുന്നത്.
ഫസല്‍ കൊല്ലപ്പെടുന്നതിനു മുമ്പ് പ്രദേശത്ത് ആര്‍എസ്എസ്-എന്‍ഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നു. ഫസലിന്റെ കൊലപാതകം ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ്. സുബീഷിനെ ചോദ്യം ചെയ്യുന്നതിന്റെ ഡിവിഡിയും ടെലിഫോണ്‍ സംഭാഷണങ്ങളും കോടതി പരിശോധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് അടുത്തമാസം മൂന്നിന് വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss