|    Oct 22 Mon, 2018 11:54 pm
FLASH NEWS
Home   >  Kerala   >  

ഫസല്‍ ഗഫൂറിനെതിരായ നീക്കത്തിന് പിന്നില്‍ എംഇഎസിലെ പ്രമുഖര്‍

Published : 29th March 2018 | Posted By: kasim kzm

പി  സി  അബ്ദുല്ല
കോഴിക്കോട്: അഴിമതിയും ഏകാധിപത്യവും ഉപജാപവും ആരോപിച്ച് ഡോ. ഫസല്‍ ഗഫൂറിനെതിരേ രംഗത്തുവന്ന സേവ് ഫോറത്തിനു പിന്നില്‍ എംഇഎസിലെ പ്രമുഖര്‍. വിവിധ കാലയളവുകളില്‍ എംഇഎസിന് നിസ്തുല സംഭാവനകളര്‍പ്പിച്ചവരും സമുദായ ഗുണകാംക്ഷികളുമാണ് പുതിയ നീക്കത്തിന്റെ അണിയറയിലെന്നത് വരും നാളുകളില്‍ തിരുത്തല്‍ ശക്തിയായി എംഇഎസിനെ പിന്തുടരുമെന്നാണ് സൂചന. ഫസല്‍ ഗഫൂറിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഒരു വിഭാഗം  കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തു വന്നത് പൊടുന്നനെയുള്ള പ്രേരണയാലോ ബാഹ്യ സമ്മര്‍ദത്താലോ അല്ല എന്ന് വ്യക്തമാക്കുന്നതാണ് സംഭവ വികാസങ്ങള്‍. മാനേജുമെന്റു തലത്തിലും സംഘടനാപരമായും തിരുത്തല്‍ നടപടികള്‍ക്കു ശ്രമിച്ച് പരാജയപ്പെട്ട ശേഷമാണ് ഈ വിഭാഗം പരസ്യമായ പടപുറപ്പാടിന് നിര്‍ബന്ധിതരായത്.
വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ എംഇഎസിനുവേണ്ടി നിസ്വാര്‍ഥമായി പ്രയത്‌നിച്ച പ്രമുഖ വ്യക്തിത്വങ്ങളെല്ലാം ഇപ്പോള്‍ ഫസലിനെതിരാണെന്നത് ആരോപണങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഇന്ന്  പെരിന്തല്‍മണ്ണയില്‍ എംഇഎസ് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ നടക്കുകയാണ്. ജനറല്‍ ബോഡിയില്‍  ചര്‍ച്ച ചെയ്യാനായി നിരവധി വിഷയങ്ങളുന്നയിച്ച് നൂറോളം പേര്‍ നിയമ പ്രകാരം രണ്ടാഴ്ച മുമ്പേ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭരണസമിതിയുടെ അനുമതിയില്ലാതെ എംഇഎസിന്റെ സ്വത്തു വകകള്‍ വിറ്റത്,  ഭരണഘടന ഭേദഗതി ചെയ്ത് ഫസല്‍ ഗഫൂര്‍ പ്രസിഡന്റായി തുടരുന്നത്, പ്രസിഡന്റ് മെഡിക്കല്‍ കോളജില്‍ നിന്നും  ശമ്പളം പറ്റുന്നത്,  കോഴിക്കോട് ഗോവിന്ദപുരത്തിനടുത്ത സ്ഥലമിടപാടിലെ ദുരൂഹതകള്‍, പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വാണിജ്യ സംരംഭങ്ങള്‍ ആരംഭിച്ചത്, നാമ നിര്‍ദേശങ്ങള്‍ വഴി ഇഷ്ടക്കാരെ ജില്ലാ കമ്മിറ്റികളില്‍ പ്രതിഷ്ഠിക്കുന്നത്, സാമൂഹിക പ്രതിബദ്ധതയുള്ളവരെ ഒഴിവാക്കി സമ്പന്നരെ  നേതൃസ്ഥാനങ്ങളില്‍ വാഴിക്കുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് മലപ്പുറം ജില്ലയില്‍ നിന്നു മാത്രം 40 ഓളം പേര്‍ ഇന്നത്തെ കൗണ്‍സിലില്‍  ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
എന്നാല്‍, മുന്‍നിരയിലെ ഉപജാപകരെ ഉപയോഗിച്ച് ബന്ധപ്പെട്ടവര്‍ ജനറല്‍ കൗണ്‍സില്‍ നടപടികള്‍ അട്ടിമറിക്കുമെന്നും കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ചോദ്യങ്ങള്‍ക്കൊന്നും ഇന്നത്തെ യോഗത്തിലും മറുപടി ലഭിക്കാനിടയില്ലെന്നും സേവ് ഫോറം ഭാരവാഹികള്‍ പറയുന്നു.  ഇന്ന് ജനറല്‍ കൗണ്‍സില്‍  നടപടികള്‍ ജനാധിപത്യ പരമല്ലെങ്കില്‍  ഹൈക്കോടതിയെ സമീപിക്കുമെന്നും  അവര്‍ വ്യക്തമാക്കി. എംഇഎസിനും സമുദായത്തിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ചവരെ  ഡോ. ഫസല്‍ ഗഫൂര്‍ നേതൃത്വത്തിലെത്തിയ ശേഷം പുകച്ച് പുറത്തു ചാടിച്ചുവെന്നാണ് ആരോപണം.  എംഇഎസിനു കോടികളുടെ സ്വത്ത്  സംഭാവന ചെയ്ത് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കു വഹിക്കുകയും ചെയ്ത കാപ്പുങ്ങല്‍ സൈദലവി ഹാജിയോടും കുടുംബത്തോടുമുള്ള പ്രതികാര നടപടികള്‍ വിമത വിഭാഗം തെളിവായി  ഉയര്‍ത്തിക്കാട്ടുന്നു.
എംഇഎസ് ഭാരവാഹിയായിരുന്ന സൈദലവി ഹാജിയുടെ മകന്‍ ഡോ. മഹ്ഫൂസ് റഹ്മാനെ  പുറത്താക്കിയതിന് ഇപ്പോഴും തൃപ്തികരമായ വിശദീകരണമില്ല. എംഇഎസ്  നേതൃ നിരയിലെ സജീവ വ്യക്തിത്വമായിരുന്നു,  കോഴിക്കോട്ടെ ഡോ. കെ മൊയ്തു. ഫസല്‍ ഗഫൂറിനെ നേതൃനിരയിലെത്തിക്കാന്‍ സ്ഥാന ത്യാഗം ചെയ്ത ഡോ. മൊയ്തുവും  ഇപ്പോള്‍ അവഗണിക്കപ്പെട്ടു.  എംഇഎസിന്റെ  പാരമ്പര്യവും ഭരണഘടനയുമുപയോഗിച്ച്  നേരിടാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന്  ഡോ. ഫസല്‍ ഗഫൂര്‍ അനുകൂലികള്‍ വിശദീകരിക്കുന്നു. പ്രവാസികള്‍ക്കിടയില്‍ എംഇഎസിന് വേരോട്ടമുണ്ടാക്കാന്‍ പണിപ്പെട്ട മണപ്പാട്ട് അമീര്‍ അഹ്മദ് ഓവര്‍സീസ് കമ്മിറ്റികളുടെ ചെയര്‍മാനായിരുന്നു.
സ്‌പെഷ്യല്‍ പാട്രന്‍ഷിപ്പ് അംഗത്വമുള്ള അദ്ദേഹത്തെ  ഇന്ന് നടക്കുന്ന കൗണ്‍സില്‍ ഔദ്യോഗകമായി അറിയിച്ചില്ലെന്നത്  വിഭാഗീയതയുടെ ആഴം വ്യക്തമാക്കുന്നു. സേവ് എംഇഎസ് ഫോറം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ ഇന്നലെ ലഭ്യമായില്ല. തേജസ് പ്രതിനിധി പല വട്ടം മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല.  എംഇഎസിന്റെ വിവിധ ഓഫിസുകളില്‍ ബന്ധപ്പെട്ടപ്പോഴും ഫസല്‍ ഗഫൂര്‍ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss