|    Feb 26 Sun, 2017 8:59 am
FLASH NEWS

ഫസലിനെ കൊന്നത് ആര്‍എസ്എസെന്ന് പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലിസ്

Published : 22nd November 2016 | Posted By: SMR

കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് ദിനപത്രത്തിന്റെ ഏജന്റുമായിരുന്ന മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുറ്റസമ്മതം നടത്തിയതായി പോലിസ്. പാതിരിയാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാലില്‍ മോഹനന്‍ വധക്കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്രയിലെ സുബീഷാണ് ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
പോലിസ് കസ്റ്റഡിയിലിരിക്കെ സുബീഷ് നല്‍കിയ മൊഴിയുടെ ശബ്ദരേഖയും വീഡിയോയും റിക്കാഡ് ചെയ്തിട്ടുണ്ട്. മൊഴി പരിശോധിച്ചുവരികയാണെന്നും എന്നാല്‍, ഡിജിപിക്കോ മുഖ്യമന്ത്രിക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍ തേജസിനോടു പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍, തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരന്‍, ടിപി വധക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ കൊടി സുനി തുടങ്ങിയ എട്ട് സിപിഎം പ്രവര്‍ത്തകരാണ് പ്രതികളെന്നു സിബിഐ കണ്ടെത്തിയ കേസിലാണ് പുതിയ മൊഴിയുമായി സംസ്ഥാന പോലിസ് രംഗത്തെത്തിയത്.
സുബീഷിനെ കൂടാതെ ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍എസ്എസ് പ്രചാരക്, കതിരൂര്‍ ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാക്കളായ ശശി, മനോജ് എന്നിവരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സുബീഷിന്റെ മൊഴിയിലുള്ളതെന്നാണു സൂചന.
കേസില്‍ പ്രതികളായ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. മൂന്നു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ഇരുവര്‍ക്കും ജാമ്യം ലഭിച്ചെങ്കിലും ജില്ലയില്‍ പ്രവേശനാനുമതി തേടി കോടതിയെ സമീപിച്ചപ്പോള്‍ സിബിഐയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തള്ളുകയായിരുന്നു. ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കാരായി രാജനും ചന്ദ്രശേഖരനും സ്ഥാനാര്‍ഥികളായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ പാട്യം ഡിവിഷനില്‍ നിന്ന് ജയിച്ച രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും തലശ്ശേരി നഗരസഭയിലെ ചേലക്കര ഡിവിഷനില്‍ നിന്ന് ജയിച്ച ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനു ശേഷവും ജില്ലയില്‍ പ്രവേശനാനുമതി തേടി ഇരുവരും കോടതിയെ സമീപിച്ചെങ്കിലും നല്‍കിയില്ല. പ്രതിഷേധം ശക്തമായതോടെ ഇരുവരും തല്‍സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
2006 ഒക്‌ടോബര്‍ 22നു ചെറിയ പെരുന്നാള്‍ തലേന്ന് പുലര്‍ച്ചെയാണ് ഫസല്‍ വെട്ടേറ്റു മരിച്ചത്. കേസില്‍ ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് സിപിഎം പ്രവര്‍ത്തകരായ കൊടി സുനി ഉള്‍പ്പെടെയുള്ളവരെ പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തില്‍ ആദ്യം പ്രതികരിക്കാതിരുന്ന സിപിഎം പിന്നീട്, സിബിഐ അന്വേഷണത്തില്‍ നേതാക്കളായ കാരായി രാജനെയും ചന്ദ്രശേഖരനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ വിവിധ രീതിയില്‍ പ്രതിരോധശ്രമങ്ങളുമായെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക