|    Aug 19 Sat, 2017 1:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫലസ്തീന്‍ സ്വാതന്ത്ര്യത്തിന് ഇന്ത്യന്‍ പിന്തുണ വേണം: ഇസ്മായില്‍ ഹനിയ്യ

Published : 5th August 2017 | Posted By: fsq

 

കോഴിക്കോട്: ഫലസ്തീന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന് ഇന്ത്യയുടെ പിന്തുണ വേണമെന്ന് ഫലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയും  ഹമാസ് നേതാവുമായ ഇസ്മയില്‍ ഹനിയ്യ. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച ഖുദ്‌സ് ഐക്യദാര്‍ഡ്യ സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളും പ്രസ്ഥാനങ്ങളും മാറിമാറി വന്ന സര്‍ക്കാരുകളും ചരിത്രപരമായി ഫലസ്തീനികളുടെ പോരാട്ടത്തെ എന്നും പിന്തുണച്ചവരാണ്. ആ പിന്തുണ തുടരുമെന്ന് പ്രത്യാശിക്കുന്നു. ബൈത്തുല്‍ മുഖദ്ദസില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ ലോകത്തുടനീളമുള്ള ജനകോടികളുടെ പിന്തുണയോടെ സമരം തീര്‍ത്ത് ഫലസ്തീന്‍ ജനത വിജയം വരിച്ചിരിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സയുടെ  സമീപത്ത് താമസിക്കുന്ന ജനത ഒരു പോരാട്ടത്തിലേക്ക്് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.   ഭീകരമായ അടിച്ചമര്‍ത്തലിന്റെയും അധിനിവേശത്തിന്റെയും നിഴലിലാണ് ഫലസ്തീനികള്‍ കഴിയുന്നത്.  ബൈത്തുല്‍ മുഖദ്ദസിലെ ഇസ്രായേലി നിയന്ത്രണങ്ങള്‍ക്കെതിരേ  ഫലസ്തീന്‍ ജനത നേടിയ  വിജയത്തിന് വലിയ പ്രധാന്യമുണ്ട്.  ആരാച്ചാരെ പുണ്യവല്‍ക്കരിച്ച്  കഴുമരത്തിലിരിക്കുന്നവനെ ഭര്‍ത്സിക്കുന്നത് പോലെയാണ് ചിലര്‍ ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടത്തെ ഭീകരവാദമാക്കി ചിത്രീകരിക്കുന്നത്്്.  ആഗോള മാടമ്പിത്തത്തെ ഫലസ്തീനികളുടെ മേല്‍ കയറൂരി വിടാനാണ് ചിലര്‍ ഇത്തരം പ്രചാരണം നടത്തുന്നത്്്.  ഇത് അനീതിയാണ്. ബ്രിട്ടിഷ് ആധിപത്യത്തിനെതിരേ സ്വാതന്ത്ര്യ സമരം നടത്തി ലോകത്തിന് ഇന്ത്യന്‍ ജനത മാതൃക കാട്ടിയിട്ടുണ്ട്. ഫലസ്തീന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട മാതൃഭൂമി തിരിച്ചു പിടിക്കണം. അതിന് ഫലസ്തീന് ഇന്ത്യന്‍ ജനതയുടെ സര്‍വവിധ പിന്തുണയും വേണമെന്നും ഹനിയ്യ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക