|    Jun 20 Wed, 2018 3:30 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫലസ്തീന്‍ സമാധാന ഉച്ചകോടിക്ക് പാരിസില്‍ തുടക്കം

Published : 16th January 2017 | Posted By: fsq

 

പാരിസ്: ദശാബ്ദങ്ങളായി തുടരുന്ന ഫലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട്  ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ സുപ്രധാന അന്താരാഷ്്ട്ര ഉച്ചകോടിക്ക് തുടക്കമായി. 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ശാശ്വത സമാധാനം ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്. സമ്മേളനത്തെ ഫലസ്തീന്‍ സ്വാഗതം ചെയ്‌തെങ്കിലും തങ്ങള്‍ക്കെതിരായ നീക്കമാണെന്നാരോപിച്ച് ഇസ്രായേല്‍ മുഖംതിരിച്ചുനില്‍ക്കുകയാണ്. സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും നേരിട്ട് മുഖാമുഖമിരുന്നത് 2014 ഏപ്രിലിലാണ്. അധിനിവിഷ്ട പ്രദേശങ്ങളില്‍ ഇസ്രായേല്‍ ജൂത കുടിയേറ്റം ശക്തിപ്പെടുത്തിയതോടെ ചര്‍ച്ച നിലയ്ക്കുകയായിരുന്നു. സമ്മേളനത്തിന്റെ അവസാന സെഷനുകളില്‍ പങ്കെടുക്കാനാണ് ഇസ്രായേലിനും ഫലസ്തീനും ക്ഷണമുള്ളത്. എന്നാല്‍, സമ്മേളനത്തിലേക്കില്ലെന്നാണ് ഇസ്രായേല്‍ നിലപാട്. യുഎന്‍ രക്ഷാസമിതി ഇസ്രായേലിനെതിരേ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് ഉച്ചകോടി നടക്കുന്നത്. പ്രമേയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒബാമ ഭരണകൂടമാണെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഇസ്രായേലും ഫലസ്തീനും ദ്വിരാഷ്ട്ര പരിഹാരത്തിന് ഔദ്യോഗികമായി മുന്നോട്ട് വരണമെന്ന് ആവശ്യപ്പെടുന്ന പ്രസ്താവന സമ്മേളനം പുറത്തിറക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ചര്‍ച്ചകളില്‍ മുന്‍വിധികളില്ലാതെ പങ്കെടുക്കണമെന്നും ഇരുരാജ്യങ്ങളോടും ആവശ്യപ്പെടും.എന്നാല്‍, നേരിട്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാവൂയെന്ന നിലപാടുയര്‍ത്തി ചര്‍ച്ചകളില്‍ മൂന്നാം കക്ഷി ഇടപെടുന്നതിനെ ഇസ്രായേല്‍ എതിര്‍ക്കുകയാണ്. പാരിസ് സമ്മേളനം അനാവശ്യമാണെന്നും സമ്മേളനത്തിലെ തീരുമാനം അംഗീകരിക്കില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ആരു പങ്കെടുത്തില്ലെങ്കിലും സമ്മേളനം നിര്‍ണായകവും സന്തുലിതവുമായ തീരുമാനമെടുക്കുമെന്ന്് യുഎസിനെ പ്രതിനിധീകരിക്കുന്ന വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. സമ്മേളനം ദ്വിരാഷ്ട്ര പരിഹാരത്തിന്റെ കാര്യത്തില്‍ അന്തിമ കരാര്‍ ഉണ്ടാക്കുമോ എന്നാണ് ഇസ്രായേലിന്റെ ആശങ്ക.അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രായേല്‍ നടത്തുന്ന ജൂത കുടിയേറ്റ നിര്‍മാണങ്ങള്‍ നിര്‍ത്തി ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്നാണ് ഫല്‌സതീന്‍ ആവശ്യം. ഇസ്രായേലിനെ ജൂത രാഷ്ട്രമായി ഫലസ്തീന്‍ അംഗീകരിക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം. ജറുസലേമിന്റെ പദവിയും ലക്ഷക്കണക്കിന് വരുന്ന ഫലസ്തീന്‍ അഭയാര്‍ഥികളുടെ കാര്യവുമാണ് മറ്റ് വിവാദ വിഷയങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss