|    Nov 24 Fri, 2017 8:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫലസ്തീന്‍ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ : ഇസ്രായേല്‍ സംഘത്തെ സ്വീകരിക്കാതെ ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ്

Published : 9th August 2017 | Posted By: fsq

 

പ്രിട്ടോറിയ: ഇസ്രായേല്‍ പ്രതിനിധിസംഘത്തെ സ്വീകരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് വിസമ്മതിച്ചു. ഫലസ്തീന്‍ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രകടിപ്പിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റിന്റെ നടപടി. ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ (എഎന്‍സി) തീരുമാനപ്രകാരമാണ് ഇസ്രായേല്‍ സംഘവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയത്. പാര്‍ലമെന്റിന്റെ നടപടിയെ രാജ്യത്തെ രാഷ്ട്രീയസംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സ്വാഗതം ചെയ്തു. ഇസ്രായേല്‍ പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയതിന് പാര്‍ലമെന്റിനെ അഭിനന്ദിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകനും പാര്‍ലമെന്റംഗവുമായ മണ്ട്‌ല മണ്ടേല പ്രതികരിച്ചു. ഫലസ്തീനൊപ്പം നില്‍ക്കുന്നതിന് പ്രതിബദ്ധത പ്രകടിപ്പിച്ച നെല്‍സണ്‍ മണ്ടേലയോട് നീതിപുലര്‍ത്തുന്ന നിലപാടാണ് പാര്‍ലമെന്റ് സ്വീകരിച്ചത്.  ദക്ഷിണാഫ്രിക്കയിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് ഇസ്രായേല്‍ പ്രതിനിധിസംഘത്തെ തടയേണ്ടതുണ്ടെന്നും മണ്ട്‌ല മണ്ടേല വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ കൊസാറ്റുവും പാര്‍ലമെന്റ് തീരുമാനത്തെ സ്വാഗതംചെയ്തു. ഇസ്രായേലുമായി സൗഹാര്‍ദം ആഗ്രഹിക്കുന്ന ശക്തികള്‍ ഇതിനെതിരേ പ്രചാരണം നടത്താന്‍ സാധ്യതയുള്ളതായി സംഘടന മുന്നറിയിപ്പു നല്‍കി. ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമരകാലത്ത് വര്‍ണവിവേചനം തുടരുന്ന ഭരണകൂടത്തെ ഇസ്രായേല്‍ പിന്തുണക്കുകയും കറുത്ത വര്‍ഗക്കാരുടെ സമരത്തെ എതിരിടുന്നതിന് ആയുധങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലെയും ഫലസ്തീന്റെയും പല നേതാക്കളുടെയും വധത്തിനു പിറകില്‍ ഇസ്രായേലിന്റെയും വര്‍ണവെറി ഭരണകൂടത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളായിരുന്നു. യാസര്‍ അറാഫത് അടക്കമുള്ള ഫലസ്തീന്‍ നേതാക്കള്‍ സ്വാതന്ത്ര്യസമരകാലത്ത് നെല്‍സണ്‍ മണ്ടേലയ്ക്കും ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനും പിന്തുണ നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക