|    Apr 28 Fri, 2017 12:16 am
FLASH NEWS

ഫലസ്തീന്‍ ജനതയ്ക്ക് എവിടെ രാജ്യം?

Published : 5th March 2017 | Posted By: fsq

palestine

 

2017 ഫെബ്രുവരി 14ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വൈറ്റ്ഹൗസില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഫലസ്തീന്‍ പ്രശ്‌നത്തിനു പരിഹാരമായി പറയപ്പെട്ടിരുന്ന ദ്വിരാഷ്ട്രപരിഹാരം ട്രംപ് തള്ളിപ്പറഞ്ഞു.

slug-ck-abdulla

തനിക്കു മുമ്പുള്ള മൂന്നു മുന്‍ വൈറ്റ്ഹൗസ് മുതലാളിമാര്‍ (ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബറാക് ഒബാമ) കൊണ്ടുപിടിച്ചു പ്രചരിപ്പിച്ചിരുന്ന ടൂ സ്‌റ്റേറ്റ് സൊല്യൂഷനില്‍ തനിക്കു താല്‍പര്യമില്ലെന്നും ഒന്നുതന്നെ ധാരാളമാണെന്നും ട്രംപ് തമാശ പൊട്ടിച്ചപ്പോള്‍ നെതന്യാഹു ആസ്വദിച്ചു ചിരിക്കുന്നുണ്ടായിരുന്നു.

1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിനു ശേഷം വരയ്ക്കപ്പെട്ട അതിര്‍ത്തികളുടെ അടിസ്ഥാനത്തില്‍ വെസ്റ്റ്ബാങ്ക്, ഗസ, കിഴക്കന്‍ ഖുദ്‌സ് (ഈസ്റ്റ് ജറുസലേം) എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ ജനത പരസ്പര സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന വിധം ഫലസ്തീന്‍, ഇസ്രായേല്‍ എന്നീ രണ്ടു രാഷ്ട്രങ്ങള്‍ നിലവില്‍വരുക എന്നതാണ് ദ്വിരാഷ്ട്ര പരിഹാരമെന്ന സങ്കല്‍പം. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു പരിഹാര സങ്കല്‍പം ഇസ്രായേലിന്റെയോ ഫലസ്തീനികളുടെയോ നിര്‍ദേശമല്ല.

1987ല്‍ ഫലസ്തീനികള്‍ നടത്തിയ ഒന്നാം ഇന്‍തിഫാദയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇസ്രായേലിനെ രക്ഷിക്കാന്‍ അന്നത്തെ അമേരിക്കന്‍ നേതൃത്വം മെനഞ്ഞെടുത്തതാണ് ദ്വിരാഷ്ട്ര പരിഹാരമെന്ന മനപ്പായസം. സയണിസ്റ്റുകള്‍ കൈയേറിയ ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രായേല്‍ രൂപീകരിക്കുന്നതിനു 1947ല്‍ യുഎന്‍ അവതരിപ്പിച്ച വിഭജനപദ്ധതിയില്‍ പുണ്യഗേഹങ്ങള്‍ അടങ്ങിയ ഖുദ്‌സ് (ജറുസലേം) ഫലസ്തീനോ ഇസ്രായേലോ ഭരിക്കാതെ അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഭരിക്കപ്പെടണം എന്നു നിര്‍ദേശിക്കപ്പെട്ടിരുന്നു. അന്നത്തെ അറബ് നേതൃത്വങ്ങളുടെ എതിര്‍പ്പോടെ യുഎന്‍ പദ്ധതി അംഗീകരിക്കപ്പെടുകയും 1948ല്‍ ഇസ്രായേല്‍ നിലവില്‍വരുകയും ചെയ്തതോടെ ഫലസ്തീനികളെ പുറത്താക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും ഇസ്രായേല്‍ പദ്ധതികള്‍ അഭംഗുരം തുടരുന്നു.

ഫലസ്തീന്‍ ജനതയില്‍ ബാക്കിയായവര്‍ അധിനിവേശത്തെ ചെറുക്കാന്‍ തങ്ങളാലാവുന്നത് ചെയ്തുനോക്കുന്നുമുണ്ട്. 1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേലിനു മേല്‍ക്കൈ ലഭിച്ച ശേഷം അവതരിക്കപ്പെട്ട യുഎന്‍ പ്രമേയം 242 ഇസ്രായേലിനെ എല്ലാവരും അംഗീകരിക്കണമെന്നും മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സ്വതന്ത്ര അസ്തിത്വം അംഗീകരിക്കപ്പെടുമെന്നും പ്രസ്താവിച്ചു. ഇസ്രായേലിനെ പേരെടുത്തു പറഞ്ഞെങ്കിലും മേഖലയിലെ ഏതു രാഷ്ട്രങ്ങളെന്നു പറയാതിരിക്കുന്നതിലൂടെ ഫലസ്തീന്റെ അസ്തിത്വം പോലും പ്രമേയം മറച്ചുപിടിച്ചു.

1988ല്‍ ഫലസ്തീന്‍ വിമോചനമുന്നണി (പിഎല്‍ഒ) നേതാവ് യാസിര്‍ അറഫാത്ത് ഫലസ്തീന്‍ പ്രദേശത്ത് രണ്ടു ജനതയ്ക്ക് രണ്ടു രാഷ്ട്രം സ്വീകാര്യമാണെന്നും ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാണെന്നും പ്രഖ്യാപിച്ചതോടെ ഫലത്തില്‍ ഫലസ്തീന്‍ ഭൂമിയുടെ 78 ശതമാനവും കൈയടക്കിയിരുന്ന ഇസ്രായേലിനെ അംഗീകരിക്കലായി. ഈ തക്കം ഉപയോഗപ്പെടുത്തി ഫലസ്തീന്‍ പ്രദേശത്തിന്റെ മേല്‍നോട്ട ഉത്തരവാദിത്തത്തില്‍ നിന്നു ജോര്‍ദാന്‍ തടിയൂരി. ഫലസ്തീന്‍ ജനത ഇന്‍തിഫാദയിലൂടെ ഇസ്രായേലിനു ശക്തമായ ഭീഷണി ഉയര്‍ത്തിയ ഘട്ടത്തിലായിരുന്നു അറഫാത്തിന്റെ ഈ നടപടി. പിഎല്‍ഒയുടെ ഭാഗമായ ചില മുന്നേറ്റങ്ങള്‍ അറഫാത്ത് ഫോര്‍മുല അംഗീകരിച്ചെങ്കിലും ഹമാസ്, അല്‍ ജിഹാദുല്‍ ഇസ്‌ലാമി പോലുള്ള ഇന്‍തിഫാദയ്ക്ക് നേതൃത്വം കൊടുത്തിരുന്ന പ്രസ്ഥാനങ്ങള്‍ അത് അംഗീകരിച്ചില്ല.

ഫലസ്തീന്‍ പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട ഇസ്രായേലിനെ അംഗീകരിക്കാനാവില്ലെന്നും ചരിത്രപരമായ ഫലസ്തീന്‍ ഭൂമി മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരണമെന്നുമാണ് അവരുടെ വാദം. 1993ലെ ഓസ്‌ലോ കരാറിലൂടെ ഇസ്രായേലിനെ പിഎല്‍ഒ അംഗീകരിച്ചതിനു പകരമായി പിഎല്‍ഒ നേതൃത്വം ഫലസ്തീന്റെ നിയമപരമായ പ്രാതിനിധ്യമായി ഇസ്രായേല്‍ അംഗീകരിച്ചു. 1999ഓടെ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുമെന്ന ഓസ്‌ലോ കരാര്‍ പരാമര്‍ശം വെറും കടലാസിലൊതുങ്ങി. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയ പിഎല്‍ഒക്ക് സ്വന്തമായ നേട്ടങ്ങള്‍ കിട്ടി. അവരുടെ കീഴില്‍ ഫലസ്തീന്‍ അതോറിറ്റി നിലവില്‍ വന്നു. പിഎല്‍ഒ പിന്നീട് ഫത്ഹ് മുന്നണിയായി രൂപാന്തരം പ്രാപിച്ചു.

അംഗസംഘടനകളില്‍ ചിലവ വഴിപിരിഞ്ഞതും അധിനിവേശവിരുദ്ധ ചെറുത്തുനില്‍പില്‍ ഭിന്നത ഉണ്ടായതുമൊന്നും ആനുകൂല്യങ്ങളില്‍ ആകൃഷ്ടരായവരുടെ കണ്ണു തുറപ്പിച്ചില്ല. മേഖലയിലെ ധനികരാഷ്ട്രങ്ങളില്‍ നിന്നു വൈറ്റ്ഹൗസിലെ വല്യേട്ടന്‍ പിരിച്ചെടുത്തു നല്‍കുന്ന സംഭാവനകളുടെ ബലത്തില്‍ മാത്രം നിലനില്‍ക്കുന്ന ഫലസ്തീന്‍ അതോറിറ്റി ഒരിക്കലും ഒരു രാഷ്ട്രനേതൃത്വമായിരുന്നില്ല.  ഫലസ്തീന്‍ രാഷ്ട്രമെന്നത് ഒരിക്കലും ഇസ്രായേല്‍ അംഗീകരിച്ചില്ല.  ‘രേഖകളില്‍ ഒന്നിലും ഫലസ്തീന്‍ സ്‌റ്റേറ്റ് എന്ന പ്രയോഗം സ്വീകാര്യമല്ലെ’ന്ന ഇസ്രായേലിന്റെ നിലപാടില്‍ ഫലസ്തീന്‍ അതോറിറ്റിക്ക് എതിര്‍പ്പുമുണ്ടായിരുന്നില്ല. 2002ല്‍ അറബ് ലീഗ് കൊണ്ടുവന്ന ‘അറബ് പീസ് ഇനീഷ്യേറ്റീവ്’ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ഇസ്രായേല്‍ സമ്മതിക്കുന്നപക്ഷം ഇസ്രായേലുമായി അറബ് രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കാമെന്നു പ്രഖ്യാപിച്ചത് ഇസ്രായേലുമായി രഹസ്യബാന്ധവമുള്ള അറബ് രാജ്യങ്ങള്‍ക്ക് ആശ്വാസമായതല്ലാതെ ഫലസ്തീന്‍ രാഷ്ട്രക്കാര്യത്തില്‍ ഇസ്രായേല്‍ കമാന്നു മിണ്ടിയില്ല.

ഇന്‍തിഫാദ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനും ഇസ്രായേലിന്റെ ‘കുടിയേറ്റം’ എന്ന് ഓമനപ്പേരുള്ള കൈയേറ്റം അവസാനിപ്പിക്കുന്നതിനും അനുസൃതമായി 2005ഓടെ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ‘റോഡ്മാപ്’ വന്നു. അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂനിയന്‍, യുഎന്‍ അടങ്ങുന്ന മിഡില്‍ഈസ്റ്റ് ക്വാര്‍ട്ടറ്റ് കമ്മിറ്റി കൊണ്ടുവന്ന ഈ പുതിയ ഇരുമ്പുലക്ക ഇന്‍തിഫാദയ്ക്ക് തല്‍ക്കാലം അറുതിവരുത്തിയെങ്കിലും ഇസ്രായേലിന്റെ കൈയേറ്റത്തില്‍ ഒരു വ്യത്യാസവും ഉണ്ടായില്ല.

റോഡ്മാപ് പറഞ്ഞു ഫലസ്തീന്‍ അതോറിറ്റി ലോകം ചുറ്റിയതല്ലാതെ 2005 പിന്നിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഫലസ്തീന്‍ രാഷ്ട്രം ദിവാസ്വപ്‌നം തന്നെ. ദ്വിരാഷ്ട്ര പരിഹാരം എന്ന അമേരിക്കന്‍ ഫോര്‍മുല അന്താരാഷ്ട്ര സമൂഹം പലപ്പോഴും ചര്‍ച്ചയ്‌ക്കെടുത്തതാണ്. എന്നാല്‍, ഫലസ്തീന്‍ മുഴുവനായി വിഴുങ്ങുന്നതിനു വ്യക്തമായ പദ്ധതിയുള്ള ഇസ്രായേല്‍ ഒരിക്കലും ദ്വിരാഷ്ട്ര പരിഹാരം ഉയര്‍ത്തിപ്പിടിച്ചില്ല.  ‘ഫലസ്തീനികളോട് സമയം വാങ്ങാന്‍ ആവശ്യമുള്ളപ്പോള്‍ നമുക്ക് ദ്വിരാഷ്ട്ര പരിഹാരം എടുത്തിടാം’ എന്നായിരുന്നു മുന്‍ പ്രധാനമന്ത്രി യിസ്ഹാക് റബിന്‍ ഇസ്രായേല്‍ കാബിനറ്റില്‍ ഒരിക്കല്‍ തുറന്നുപറഞ്ഞത്. ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വന്നാല്‍ ഇസ്രായേല്‍ തുടച്ചുനീക്കപ്പെടുമെന്ന സാങ്കല്‍പിക ഭീതി ഇസ്രായേലിലെ വലതുപക്ഷ തീവ്ര ജൂതസംഘങ്ങള്‍ കൊണ്ടുപിടിച്ചു പ്രചരിപ്പിക്കുന്നുമുണ്ട്.

ഇസ്രായേല്‍ ഒരുമ്പെട്ട് ഉണ്ടായ 2006ലെയും 2008ലെയും യുദ്ധങ്ങളില്‍ ലബനാനിലെയും ഫലസ്തീനിലെയും ചെറുത്തുനില്‍പ് സംഘങ്ങളോട് ദയനീയമായി തോറ്റ സാഹചര്യത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് ഇസ്രായേല്‍ തയ്യാറാണെന്ന് 2009ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അടവെടുത്തിട്ടു. ഇസ്രായേലിനെ ജൂതരാഷ്ട്രമായി ഫലസ്തീനികള്‍ അംഗീകരിച്ചാല്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നാണ് നെതന്യാഹു പറഞ്ഞത്. യിസ്ഹാഖ് റബിന്‍ പറഞ്ഞ ഒരു തന്ത്രപ്രയോഗം മാത്രമായിരുന്നു അത്. ഹമാസ് പോലുള്ള ചെറുത്തുനില്‍പ് സംഘങ്ങള്‍ അത് അംഗീകരിക്കില്ലെന്ന് കണക്കുകൂട്ടിയുള്ള ഒരു വെടിപ്രയോഗം.

(അവസാനിക്കുന്നില്ല)

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day