|    Mar 17 Sat, 2018 10:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫലസ്തീന്‍: അബ്ബാസ് ഇസ്രായേല്‍ താല്‍പര്യങ്ങള്‍ക്കു വഴങ്ങുന്നു

Published : 6th December 2017 | Posted By: kasim kzm

ബൈറൂത്ത്: ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സൗദി അറേബ്യയുടെയും ഇസ്രായേലിന്റെയും താല്‍പര്യങ്ങള്‍ക്കു വഴങ്ങുന്നു. ഇസ്രായേല്‍-ഫ്‌ലസ്തീന്‍ സമാധാനത്തിനായി യുഎസ്  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറാക്കുന്ന സമാധാന കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം അബ്ബാസിനെ സൗദി കിരീടാവകാശി  മുഹമ്മദ് ബിന്‍ സല്‍മാന്‍  റിയാദിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും ഫലസ്തീനികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതുമായ പദ്ധതിയാണ് സൗദി കിരീടാവകാശി അബ്ബാസിനു മുന്നില്‍ വച്ചതെന്നാണ് വിവരം. കരാര്‍ പ്രകാരം ഫലസ്തീന് അവരുടേതായ ഒരു രാഷ്ട്രം ലഭി—ക്കും. എന്നാല്‍, വെസ്റ്റ്ബാങ്കിന് അടുത്തല്ലാത്ത പ്രദേശങ്ങളാണ് ഫലസ്തീന് ലഭിക്കുക. അതില്‍ ഫലസ്തീന്‍ ജനതയ്ക്ക് പരിമിതമായ പരമാധികാരം മാത്രമേ ലഭിക്കുകയുള്ളു. വെസ്റ്റ്ബാങ്കിലെ ഇസ്രായേലിന്റെ കുടിയേറ്റ പാര്‍പ്പിട കേന്ദ്രങ്ങള്‍ നിലനില്‍ക്കുകയും ചെയ്യും. കിഴക്കന്‍ ജറുസലേമിനെ ഫലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കുകയോ ഫലസ്തീനില്‍നിന്നു പലായനം ചെയ്ത അഭയാര്‍ഥികളെ തിരികെ വരാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്നുമാണ് റിപോര്‍ട്ട്.   അറിയപ്പെടുന്ന സയണിസ്റ്റായ ട്രംപിന്റെ  ജാമാതാവും മുഖ്യ  ഉപദേഷ്ടാവുമായ ജാരിഡ് കുഷ്‌നര്‍, മുതിര്‍ന്ന നയതന്ത്ര പ്രതിനിധി ജാസണ്‍ ഗ്രീന്‍ബ്ലാട്ട്  എന്നിവരെയാണ് ട്രംപ് കരാര്‍ രൂപീകരണത്തിന് നിയോഗിച്ചിരിക്കുന്നത്.
ഇത്തരമൊരു കരാര്‍ അസ്വീകാര്യവും പരിഹാസ്യവുമാണെന്ന് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടി അധികൃതരും ഹമാസും വ്യക്തമാക്കി. അബ്ബാസിന് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദുമായി വളരെ അടുത്ത രഹസ്യ ബന്ധങ്ങളുണ്ടെന്നും ആരോപണമുണ്ട്. ട്രംപ് മുന്നോട്ടുവയ്ക്കുന്ന കരാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അബ്ബാസിനെ അധികാരത്തില്‍ നിന്നിറക്കി പകരം മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്ന് സൗദി കരീടാവകാശി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ട്രംപിന്റെ സമാധാന കാരാര്‍ ഫ—ലസ്തീനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സൗദി ശ്രമിക്കുന്നതായി നേരത്തേ ആരോപണമുയരുകയും അബ്ബാസ് ഇതു തള്ളുകയും ചെയ്തിരുന്നു.
അതേസയമം, ട്രംപ് ബുധനാഴ്ച ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തുമെന്ന് മുതിര്‍ന്ന ഉപദേഷ്ടാവ് അറിയിച്ചു.  ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനുള്ള നീക്കത്തിനെതിരേ ഫ്രാന്‍സ്, തുര്‍ക്കി, ജോര്‍ദാന്‍ അടക്കമുളള രാജ്യങ്ങള്‍ രംഗത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss