|    Sep 21 Fri, 2018 6:08 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫലസ്തീനെക്കുറിച്ചുള്ള കവിതാ സമാഹാരത്തില്‍ സ്‌നേഹകാവ്യമെഴുതി സീന ശ്രീവല്‍സന്‍

Published : 30th August 2018 | Posted By: kasim kzm

ഷമീര്‍ രാമപുരം

മങ്കട: ഫലസ്തീനെക്കുറിച്ച് അമേരിക്കയില്‍ നിന്നു പുറത്തിറങ്ങുന്ന കവിതാ സമാഹാരത്തില്‍ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയുടെയും അതിജീവനത്തിന് ഐക്യദാര്‍ഢ്യത്തിന്റെയും സ്‌നേഹകാവ്യമെഴുതി ശ്രദ്ധേയമായിരിക്കുകയാണ് അങ്ങാടിപ്പുറത്തെ സീന ശ്രീവല്‍സന്‍ എന്ന യുവ കവയിത്രി. പ്രക്ഷുബ്ധമായ കടലില്‍ ഒരു കപ്പല്‍ സ്‌നേഹമാവുന്ന തീരത്തേക്കണഞ്ഞു എന്നു തുടങ്ങുന്ന എ ഡീപ് സെയ്ല്‍ എന്ന തലക്കെട്ടിലുള്ള കവിത ഫലസ്തീന്‍ ആന്തോളജിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫലസ്തീന്‍ എ കണ്‍ഷ്യസ് പോയെട്രിക് ഓഫറിങ് എന്ന കവിതാ സമാഹാരത്തിലാണ് സീനയുടെ കവിത ഇടംനേടിയത്. ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് വീര്യം പകരുന്ന കവിതാ സമാഹാരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് മികച്ച കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഫലസ്തീന്‍ ജനത അനുഭവിക്കുന്ന വേദനകളും സങ്കടങ്ങളും പുസ്തകത്തിലെ ഇതിവൃത്തമാണ്. ഇസ്രായേല്‍ ഒരു സ്റ്റേറ്റും ഫലസ്തീന്‍ ഒരു രാജ്യവുമാണ്. മറ്റു രാജ്യങ്ങളെപ്പോലെ സമാധാനത്തോടെയും സ്വതന്ത്രമായും ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുമാണവര്‍. അവര്‍ക്ക് അവരുടെ മണ്ണ് തിരിച്ചുപിടിക്കാന്‍ സാധിക്കണം. ഫലസ്തീനികള്‍ക്ക് നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുന്നുവെന്നതാണ് കവിതയുടെ സത്ത.
വംശീയതയും രാഷ്ട്രീയ സംഘട്ടനങ്ങളും ആഗോളതാപനവുമെല്ലാം മുന്‍ കവിതാ സമാഹാരങ്ങളില്‍ വിഷയങ്ങളായപ്പോള്‍ ഇത്തവണ ഫലസ്തീനികള്‍ക്ക് പിന്തുണയര്‍പ്പിച്ച കവിതകള്‍ ക്ഷണിച്ചപ്പോഴാണ് സീന തന്റെ കവിത അയച്ചതും പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതും. വിവിധ രാജ്യങ്ങളിലെ കവിതകളുടെ കൂടെ സീന ശ്രീവല്‍സന്റെ കവിതയും ഉള്‍പ്പെടുത്തി.
ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും എഴുതാറുള്ള സീന ശ്രീവല്‍സന്റെ ഇംഗ്ലീഷ് കവിതകള്‍ ഇന്റര്‍നാഷനല്‍ ആന്തോളജികളില്‍ ഇടംനേടിയിട്ടുണ്ട്. ഇന്റര്‍നാഷനല്‍ മള്‍ട്ടി ലിംഗ്വല്‍ പോയറ്റ്‌സ് മീറ്റ്, ഐപിഎഫ് ഗുണ്ടൂര്‍, ചെന്നൈ പോയറ്റ്‌സ് സര്‍ക്കിള്‍, കാഫ്‌ല ഇന്റര്‍നാഷനല്‍ റൈറ്റേഴ്‌സ് മീറ്റ് എന്നിവയില്‍ പങ്കെടുത്ത് സീന കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. വെന്‍ മൈ ഹെയര്‍ കോട്ട് ഫയര്‍ സീനയുടെ പുറത്തിറങ്ങിയിട്ടുള്ള ഇംഗ്ലീഷ് കവിതാ സമാഹാരമാണ്.
ശ്രീവല്‍സനാണ് ഭര്‍ത്താവ്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നെറ്റും നേടിയ സീന തേലക്കാട് ജിഎല്‍പി സ്‌കൂള്‍ അധ്യാപികയാണ്. തിരുവിഴാംകുന്നിലാണ് താമസം. അങ്ങാടിപ്പുറത്തെ എന്‍ ശോഭനയുടെയും വി പി സേതുമാധവന്റെയും മകളാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss