|    Feb 22 Wed, 2017 10:10 am
FLASH NEWS

ഫലസ്തീനില്ലാത്ത ഒരു മിഡിലീസ്റ്റ് ചര്‍ച്ച

Published : 31st October 2016 | Posted By: SMR

എം വദൂദ് സാജിദ്

പാകിസ്താന് എതിരായി നടത്തിയ മിന്നലാക്രമണത്തെ ഫലസ്തീന്‍കാരെ കൃത്യമായി ലക്ഷ്യംവച്ച് ഇസ്രായേല്‍ നടത്തുന്ന ആക്രമണവുമായി പ്രധാനമന്ത്രി താരതമ്യം ചെയ്ത ഒക്ടോബര്‍ 18ന് എനിക്കൊരു ക്ഷണം കിട്ടി. ‘മധ്യപൗരസ്ത്യവും ഇന്ത്യയും’ എന്ന വിഷയത്തെക്കുറിച്ച ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു അത്.
ഉന്നതതലം എന്നു ഞാന്‍ വിശേഷിപ്പിച്ചത് വെറുതെയല്ല. രണ്ടു ബിജെപി എംപിമാരും വിദേശകാര്യ വകുപ്പില്‍ നിന്നുള്ള ഒരു ഉന്നതോദ്യോഗസ്ഥനും യുകെയില്‍ നിന്നും ജര്‍മനിയില്‍ നിന്നുമുള്ള രണ്ട് അന്താരാഷ്ട്രകാര്യ വിദഗ്ധരും ചില മുസ്‌ലിം ബുദ്ധിജീവികളും ഒന്നോ രണ്ടോ പത്രപ്രവര്‍ത്തകരും പിന്നെ സൂഫി പീസ് ഫൗണ്ടേഷന്റെ ഒരു ഭാരവാഹിയും അതില്‍ പങ്കെടുത്തിരുന്നു. ഞാന്‍ അവര്‍ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനും കെട്ടുകള്‍ അഴിക്കാനും ശ്രമിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എന്റെ ജോലി എളുപ്പമാക്കി.
പാകിസ്താനു നേരെ നടത്തിയ ആക്രമണം ഇസ്രായേല്‍ ഫലസ്തീന്‍കാര്‍ക്കു നേരെ നടത്തുന്ന കൈയേറ്റം പോലെയാണെന്ന് മോദി പറഞ്ഞതോടെ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും കാലം തൊട്ട് പിന്തുടര്‍ന്നുപോന്ന, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകള്‍ ചെറിയ വ്യത്യാസങ്ങളോടെ പുലര്‍ത്തിയ വിദേശനയം നാം ഉപേക്ഷിക്കുകയാെണന്നു വ്യക്തമായി.
ഇന്ത്യ ഇപ്പോഴും ചേരിചേരാപ്രസ്ഥാനത്തില്‍ അംഗമാണ്. അതാവട്ടെ നിസ്സഹായരായ ഫലസ്തീന്‍കാരെ പിന്തുണയ്ക്കുകയും ഇസ്രായേലിനെ അക്രമിയായി പരിഗണിക്കുകയും ചെയ്യുന്നു. ഇസ്രായേലിനെ അനുകൂലിച്ചിരുന്ന പ്രധാനമന്ത്രിമാരായ ചന്ദ്രശേഖറും നരസിംഹറാവുവും ആദര്‍ശബദ്ധമായ ഈ നിലപാട് ഉപേക്ഷിക്കുകയെന്ന വിഡ്ഢിത്തം ചെയ്തുകൊണ്ട് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചുവെങ്കിലും അവര്‍ പോലും ഫലസ്തീനികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധം നിലനിര്‍ത്തിയിരുന്നു. എന്നാല്‍, പ്രയോഗത്തില്‍ ഇപ്പോള്‍ ആ ബന്ധം നാം മുറിച്ചുകളയുകയാണ്.
ഇതിനോടൊപ്പം മറ്റൊരു കാര്യം കൂടി നാം പരിഗണിക്കേണ്ടതുണ്ട്: ഒക്ടോബര്‍ 15ന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇസ്‌ലാംവിരുദ്ധനായ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് റിപബ്ലിക്കന്‍ ഹിന്ദുസഖ്യത്തിന്റെ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. വിഭാഗീയമായി സംഘടിപ്പിക്കപ്പെട്ട ഒരു തിരഞ്ഞെടുപ്പു യോഗത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥി പങ്കെടുത്തിരിക്കുക. അതുപോലെ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ പ്രവാസികള്‍ ആദ്യമായിട്ടായിരിക്കും മതവിഭാഗീയതയുടെ അടിസ്ഥാനത്തില്‍ ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ സമ്മേളിക്കുന്നത്. റിപബ്ലിക്കന്‍ ഹിന്ദുസഖ്യത്തിന്റെ അധ്യക്ഷന്‍ ശലഭ് കുമാറിന് ആര്‍എസ്എസുമായി അടുത്ത ബന്ധമാണുള്ളത്.
ഇനി ഡല്‍ഹിയിലെ ഡിപ്ലമാറ്റ് ഹോട്ടലില്‍ ചേര്‍ന്ന ഉന്നതതല ചര്‍ച്ചയിലേക്കു തിരിച്ചുവരാം. മധ്യപൗരസ്ത്യവും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ചര്‍ച്ചയില്‍ ഫലസ്തീന്‍ പ്രശ്‌നം ഉയര്‍ന്നുവരുമെന്നാണല്ലോ നാം കരുതുക. ഈ വിഷയത്തില്‍ വിദേശ വിദഗ്ധര്‍ക്കും നമ്മുടെ നയകോവിദന്‍മാര്‍ക്കും എന്തു പറയാനുണ്ട് എന്നറിയാന്‍ നമുക്കു കൗതുകമുണ്ടാവും. ചര്‍ച്ച തുടങ്ങിവച്ച ഓവല്‍ ഒബ്‌സര്‍വര്‍ ഫൗണ്ടേഷന്‍ എന്ന ബ്രിട്ടിഷ് തിങ്ക്ടാങ്കിന്റെ ഇന്ത്യന്‍ ഏജന്റ് സന്‍മിത് അഹൂജ മധ്യപൗരസ്ത്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ സാമ്പത്തിക നില, കുടിയേറ്റം, ഇന്ധനവില, ഐഎസ് എന്നിവ പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി.
തന്റെ മുഖ്യ പ്രഭാഷണത്തില്‍ ഡര്‍ഹം സര്‍വകലാശാലയില്‍ നിന്നുള്ള പ്രഫ. ഡേവിഡ് ഹെല്‍ഡ് സപ്തംബര്‍ 11ലെ പെന്റഗണ്‍-വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ അപലപിച്ചുവെങ്കിലും മറ്റു രാജ്യങ്ങളില്‍ സൈനികമായി ഇടപെട്ടതിന് അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കും ഒരു ന്യായവുമില്ലെന്നും അതാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ചൂണ്ടിക്കാട്ടി. ലിബിയയിലും ഇറാഖിലുമുള്ള ഭീകരമായ അരക്ഷിതാവസ്ഥ അവരാണ് ഉണ്ടാക്കിയത്- ഹെല്‍ഡ് പറഞ്ഞു.
അമേരിക്കയുടെ ഇടപെടല്‍ മൂലം ഒരു ഭരണാധികാരി പുറത്താക്കപ്പെടുന്നതോടെ ആ രാജ്യത്ത് അരക്ഷിതാവസ്ഥയും സംഘര്‍ഷങ്ങളും ഉണ്ടാവുന്നു. സിറിയയിലെ ബശ്ശാറുല്‍ അസദ് തന്റെ നാട്ടുകാരെത്തന്നെ വിഷവാതകം ഉപയോഗിച്ചു കൊന്നൊടുക്കുന്നു. ഇസ്‌ലാംവിരുദ്ധ ഭരണകൂടങ്ങളുടെ സഹായത്തോടെ അധികാരത്തില്‍ തുടരാന്‍ അയാള്‍ക്കൊരു ന്യായവുമില്ല. ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫിയോ ഈജിപ്തിലെ ഹുസ്‌നി മുബാറകോ ഇറാഖിലെ സദ്ദാം ഹുസയ്‌നോ അല്ല ബശ്ശാര്‍. അവര്‍ ഏകാധിപതികളായിരുന്നു എങ്കിലും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. അധികാരത്തില്‍ തുടരാനായി അവര്‍ കഠിനമായി പെരുമാറിയിട്ടുണ്ട്. എന്നാല്‍, അവര്‍ ജനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിച്ചു- ഹെല്‍ഡ് തുടര്‍ന്നു. അമേരിക്ക ഭീകരാക്രമണങ്ങളെ അപലപിക്കുന്നു. എന്നാല്‍, അമേരിക്കയില്‍ വെടിയേറ്റു കൊല്ലപ്പെടുന്നവരുടെ എണ്ണം ഭീകരാക്രമണത്തില്‍ മൊത്തം കൊല്ലപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ എത്രയോ ഇരട്ടിയാണ്. അതുകൊണ്ടുതന്നെ മധ്യപൗരസ്ത്യത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ഇന്ത്യക്കു വീണ്ടുവിചാരം വേണ്ടതുണ്ടെന്നും ഹെല്‍ഡ് ചൂണ്ടിക്കാട്ടി.
വിദേശകാര്യ വകുപ്പില്‍ നിന്നു വന്ന പ്രതിനിധി മോദി സര്‍ക്കാരിന്റെ വീക്ഷണങ്ങളല്ല തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ചത്. ഇന്ത്യ ഒരു ബഹുസംസ്‌കൃതിയുള്ള രാജ്യമാണെന്നും അന്യരാഷ്ട്രങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് സൂക്ഷിച്ചുവേണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കുള്ള പ്രധാന കാരണം അനീതിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൂഫി പീസ് ഫൗണ്ടേഷന്റെ ഭാരവാഹി സൗദി അറേബ്യയെയും തുര്‍ക്കിയെയും ഇറാനെയും വിമര്‍ശിക്കാനാണ് തന്റെ സമയം ചെലവഴിച്ചത്. സൂഫി ആചാര്യന്‍ പറയുന്നതു മുഴുവന്‍ ശരിയാണോ എന്ന സംശയം എനിക്കുണ്ടായിരുന്നു. സൗദികള്‍ യമനില്‍ ഹൂഥികള്‍ക്കെതിരേ ഇടപെടുന്നതിനു പിന്നില്‍ ഇറാന്റെ സ്വാധീനം തടയുക എന്ന ലക്ഷ്യമുണ്ടായിരുന്നു. സൗദി പ്രവിശ്യയായ ഖത്തീഫില്‍ ഇറാന്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇറാഖില്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതില്‍ ഇറാന്റെ പങ്ക് ചെറുതല്ലെന്ന് എനിക്കു തോന്നി.
ചര്‍ച്ചയുടെ ഗതി എങ്ങോട്ടാെണന്നു മനസ്സിലാക്കുകയായിരുന്നു എന്റെ പ്രധാന ലക്ഷ്യം. വളരെ വൈകാതെ അതു വ്യക്തമാവുകയും ചെയ്തു. ഇറാന്‍, ഇറാഖ്, സിറിയ, സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിങ്ങനെ പല രാജ്യങ്ങളും പലരുടെയും പ്രസംഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍, ആരും മധ്യപൗരസ്ത്യത്തിലെ പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ട ഫലസ്തീന്‍ അധിനിവേശം വിഷയമാക്കിയില്ല. ചെറുപ്പം തൊട്ടേ നാം കേള്‍ക്കുന്നതാണ് ഫലസ്തീന്‍ പ്രശ്‌നം; ഇസ്രായേലി അധിനിവേശത്തിന്റെ പശ്ചാത്തലം, അവര്‍ നടത്തുന്ന അക്രമങ്ങള്‍ എല്ലാം. എന്നാല്‍, ലോകം മാറിയിരിക്കുന്നു. ഇന്ത്യ ഇസ്രായേലി ക്രൂരതകളെ അപലപിക്കാറില്ല.
അതിനാല്‍, നമ്മുടെ മിന്നലാക്രമണത്തെ ഇസ്രായേലി അധിനിവേശവുമായി മോദി താരതമ്യം ചെയ്യുന്നത് വെറുമൊരു യാദൃച്ഛികതയല്ല. മുസ്‌ലിംകള്‍ ഇന്ത്യയില്‍ അനഭിലഷണീയരായ ഒരു സമുദായമായി മാറുന്നപോലെ, ഫലസ്തീന്‍ ജനത ബിജെപി ഭരണകൂടത്തിന്റെ ചക്രവാളത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.
ഉപപ്രധാനമന്ത്രിയായിരുന്ന ലാല്‍കൃഷ്ണ അഡ്വാനി ഇസ്രായേലികള്‍ ഫലസ്തീന്‍കാരെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നു പഠിക്കാന്‍ ഇസ്രായേലില്‍ പോയിരുന്നു. പിന്നീട് സയണിസ്റ്റ് തന്ത്രങ്ങള്‍ നമ്മുടെ സൈനികരെ പഠിപ്പിക്കാന്‍ ഇസ്രായേലികള്‍ ഇന്ത്യയില്‍ എത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇസ്രായേല്‍ സന്ദര്‍ശിച്ചത് ഈയിടെ. ഇസ്രായേലിനു ഫലസ്തീന്‍കാര്‍ എങ്ങനെയാണോ അതുപോലെയാണ് ബിജെപിക്ക് ഇന്ത്യന്‍ മുസ്‌ലിംകള്‍. എന്നാല്‍, അക്കാര്യത്തെപ്പറ്റി മുസ്‌ലിം സംഘടനാ നേതാക്കള്‍ ചിന്തിക്കുന്നുണ്ടോ? മുത്വലാഖും ഏക സിവില്‍കോഡുമായി കെട്ടിമറിയുന്ന അവര്‍ അതിനുള്ള മനസ്സാന്നിധ്യം കാണിക്കുമോ?

(ഉര്‍ദു പത്രപ്രവര്‍ത്തകനാണ് ലേഖകന്‍.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക