|    Apr 25 Wed, 2018 6:01 pm
FLASH NEWS

ഫലവൃക്ഷത്തിലെ പറവകള്‍

Published : 17th April 2016 | Posted By: sdq

hridaya

ഒരു വ്യക്തിയുടെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ് ആദര്‍ശധീരത. മഹാത്മാക്കളുടെ ജീവചരിത്രങ്ങളില്‍ വളരെ പ്രധാനപൂര്‍വം രേഖപ്പെടുത്തുക ആദര്‍ശ പ്രതിബദ്ധതയെ വിളിച്ചോതുന്ന അവരുടെ പ്രവര്‍ത്തനങ്ങളാണ്. വ്യക്തിയുടെ ചിന്തയും കാഴ്ചപ്പാടുകളും ജീവിതരീതിയും നയസമീപനങ്ങളും അയാളുടെ ആശയത്തിനും വിശ്വാസത്തിനും അനുസൃതമായിരിക്കും. സമാധാനകാലത്തും സംഘര്‍ഷവേളകളിലും തന്റെ നിലപാടുകള്‍ക്ക് ആദര്‍ശത്തെ അളവുകോലാക്കും. പ്രലോഭിതനാവാതിരിക്കാനും പ്രകോപിതനാവാതിരിക്കാനുമുള്ള മനോദാര്‍ഢ്യവും കരുത്തും ആദര്‍ശധീരതയുടെ ഫലമായാണ് സൃഷ്ടിക്കപ്പെടുക. വിശ്വാസദൗര്‍ബല്യം, ആദര്‍ശരാഹിത്യം തുടങ്ങിയവ ആദര്‍ശധീരതയുടെ നേര്‍വിപരീതങ്ങളാണ്. മനുഷ്യത്വപരമെന്നോ, അബദ്ധമെന്നോ, സുബദ്ധമെന്നോ, നിയമപരമെന്നോ, നിയമവിരുദ്ധമെന്നോ ഉള്ള പരിഗണനകള്‍ പാലിക്കാതെ ജീവിക്കുന്ന ഒരവസ്ഥയിലേക്ക് ആദര്‍ശരാഹിത്യം വ്യക്തിയെ കൊണ്ടെത്തിക്കുന്നു. നികൃഷ്ടമായ ഏതു പ്രവൃത്തിയും ചെയ്യാന്‍ അത്തരമൊരാള്‍ക്ക് യാതൊരു സങ്കോചവുമുണ്ടാവുകയില്ല. പണത്തിനും പ്രതാപത്തിനും വേണ്ടിയുള്ള ആഗ്രഹങ്ങളും മോഹങ്ങളും അയാളെ കീഴ്‌പ്പെടുത്തും. ഇതൊക്കെ മനുഷ്യര്‍ക്ക് ചേരുമോ എന്ന് മറ്റുള്ളവര്‍ ചോദിച്ചുപോവുന്ന അപരിഷ്‌കൃതവും ജീര്‍ണവുമായ സാഹചര്യത്തിലായിരിക്കും അയാള്‍ ജീവിക്കുക.
ഓരോ തിരഞ്ഞെടുപ്പും കടന്നുവരുന്നത് കാലുമാറ്റത്തിന്റെയും കുതികാല്‍ വെട്ടിന്റെയും പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ്. തിരഞ്ഞെടുപ്പ് കാലത്തെ കെണികളില്‍ വീണുപോവുന്നവര്‍ സാധാരണക്കാര്‍ മാത്രമല്ല. അക്കൂട്ടത്തില്‍ ഒന്നാംസ്ഥാനക്കാരായി ബുദ്ധിജീവികളെയും പണ്ഡിതന്മാരെയും പുരോഹിതന്മാരെയും കാണാനാവും. അധികാരക്കൊതിയും പണക്കൊതിയും സുഖജീവിതത്തോടുള്ള പ്രിയവും ത്യജിക്കാനും ത്യാഗം ചെയ്യാനുമുള്ള വിമുഖതയുമാണ് കൂറുമാറാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.
ബുദ്ധിജീവികള്‍ ഫലവൃക്ഷങ്ങളിലെ പറവകള്‍ പോലെയാണ്. അവര്‍ക്ക് സ്ഥിരമായ സങ്കേതങ്ങളില്ല. ഫലങ്ങള്‍ എവിടെയാണോ അവിടമാണ് അവരുടെ അഭയം. തിരഞ്ഞെടുപ്പുകാലത്ത് ഇങ്ങനെ ലാവണം തേടിപ്പോയവര്‍ നിരവധി. ആകാശത്തിനു ചുവട്ടിലെ നികൃഷ്ടജീവികള്‍ എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരെ മുഹമ്മദ് നബി വിശേഷിപ്പിച്ചത്. അവരില്‍ നിന്നാണ് കുഴപ്പങ്ങളെല്ലാം ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക ചിന്തകനായ ഇമാം ഗസ്സാലി ഒരു വ്യക്തിയുടെ ആദര്‍ശപരത എങ്ങനെയാണ് പരിശോധിച്ചറിയേണ്ടതെന്ന് പറഞ്ഞുതന്നിട്ടുണ്ട്.’കണ്ടംവച്ച കുപ്പായവും മടമ്പിന്‍ കാലിനു മീതെ ഉയര്‍ത്തി ഉടുത്ത മുണ്ടും നെറ്റിയിലെ നമസ്‌കാരത്തഴമ്പും നിന്നെ വഞ്ചിതനാക്കരുത്. പണം മുമ്പില്‍ വച്ചുകൊണ്ട് ഭക്തിയും സൂക്ഷ്മതയും പരീക്ഷിച്ചറിയുക. ജനങ്ങളെ ഭിന്നിപ്പിക്കുകയും അതുവഴി ജനശക്തി ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നവരുടെ സ്‌നേഹലാളനകള്‍ ഏറ്റുവാങ്ങാന്‍ കൈകൂപ്പി നില്‍ക്കുന്നവര്‍ക്ക് ആകാശത്തിനു ചുവട്ടിലെ നികൃഷ്ടജീവികള്‍ എന്ന വിശേഷണമാണ് അനുയോജ്യമാവുക.
സ്വന്തം താല്‍പര്യങ്ങള്‍ക്കായി ജനകീയസമരങ്ങളെ ഒറ്റിക്കൊടുക്കുന്നവരുണ്ട്. പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ കീഴടങ്ങുന്നവരാണവര്‍. കഴിഞ്ഞ കാലങ്ങളില്‍ അവര്‍ നേടിയ ജനപിന്തുണയും ജനസമ്മതിയും തങ്ങളുടെ സ്വകാര്യ ലാഭങ്ങള്‍ക്കായി വിലപേശാനുള്ള ഉപാധികളായി കൊണ്ടുനടക്കുന്നവര്‍. ഹിംസയുടെ വക്താക്കള്‍ക്ക് വഴികാട്ടുന്നവരാണവര്‍. സ്ത്രീകളിലും അത്തരക്കാരെ നമുക്ക് കാണാനാവുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തവേ അബ്ദുല്‍ ഗഫാര്‍ഖാന്‍ ഇങ്ങനെ പറഞ്ഞു: … എന്നാല്‍ സ്ത്രീകളുടെ ചിന്ത മറ്റൊന്നായിരുന്നു. മാന്‍പേട വളരെ വേഗം കൂടിയതാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കാല്‍ത്തള അണിയിച്ചിരുന്നാല്‍ പോലും നൊടിയിടയില്‍ അതോടി മറയും. അതുപോലെ പ്രശ്‌നമുണ്ടായപ്പോള്‍ സ്ത്രീകള്‍ മാന്‍പേടയുടെ വേഗത്തില്‍ അപ്രത്യക്ഷമായി. ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss