|    Oct 16 Tue, 2018 7:36 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഫറോവമാര്‍ വാഴുന്ന കേരളം

Published : 20th August 2016 | Posted By: SMR

pinarayi-modi

റഹീം നെട്ടൂര്‍

ഇരട്ടച്ചങ്കുള്ളവരെന്നും ഒന്നിലും പതറാത്തവരെന്നുമൊക്കെ അണികളാല്‍ വാഴ്ത്തപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ ഭയത്തിന്റെ കൊടുമുടിയില്‍ കഴിയുന്നവരാണ്. നാട്ടില്‍ കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യശസ്സ് അല്‍പം ഇടിയുന്നതുപോലും ഇത്തരക്കാര്‍ക്ക് സഹിക്കുകയില്ല. കേവലം ഒരു സ്വപ്‌നത്തിന്റെ പേരില്‍ മാത്രം നാട്ടിലെ ആണ്‍കുട്ടികളെയെല്ലാം കൊല്ലാന്‍ ഉത്തരവിട്ട ഫിര്‍ഔനെ പോലും നാണിപ്പിക്കുന്നവരാണ് ഇന്ന് പ്രധാനമന്ത്രിപദവും കേരളത്തിന്റെ മുഖ്യമന്ത്രിപദവും കൈയാളുന്നവര്‍. ഇനി ജനിക്കാനിരിക്കുന്ന ഒരാണ്‍കുട്ടി തന്നെ നശിപ്പിക്കുമെന്ന സ്വപ്‌നത്തിന്റെ പിന്‍ബലമെങ്കിലും ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ ഫിര്‍ഔനുണ്ടായിരുന്നു. എന്നാല്‍, ഈ മന്ത്രിപുംഗവന്‍മാര്‍ക്കാവട്ടെ അതിന്റെപോലും ആവശ്യമില്ല. താന്‍ മാത്രമാണ് ഉന്നതനെന്ന ഫാഷിസ്റ്റ് ബോധമാണ് ഫാഷിസത്തിന്റെ ആള്‍രൂപമായ നരേന്ദ്രമോദിക്കെങ്കില്‍ കമ്മ്യൂണിസ്റ്റായ മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ ഫാഷിസ്റ്റ് മനോഭാവമാണ്. ഇരുവരിലും കാണാം അസഹിഷ്ണുതയുടെ ഒട്ടേറെ ഐക്യപ്പെടലുകള്‍. മാത്രമല്ല, അപഹാസ്യരാവുന്നതിലുമുണ്ട് ഇരുവര്‍ക്കും ചെറിയ സാമ്യം. പച്ചക്കോട്ടും ലൈറ്റ് കത്തുന്ന ഷൂവുമൊക്കെയിട്ട്, പോവുന്ന വിദേശരാജ്യങ്ങളിലെല്ലാം കൈയടി വാങ്ങുകയാണ് പ്രധാനമന്ത്രി. മുഖ്യമന്ത്രിയായ ഉടനെ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി തന്റെ ജന്മദിനം സംബന്ധിച്ച് പൈങ്കിളിക്കഥകളിലെ ഡയലോഗടിച്ച് മുഖ്യനും ഒന്ന് കൈയടി വാങ്ങിയിരുന്നു.
പ്രധാനമന്ത്രിപദത്തിലേക്ക് ലാല്‍ കൃഷ്ണ അഡ്വാനിയെ പോലും വെട്ടിയരിഞ്ഞു മുന്നേറിയ മോദി നിസ്സാര വിമര്‍ശനങ്ങള്‍പോലും തനിക്ക് വിലങ്ങുതടിയാവുമോയെന്ന് ഭയന്നിരുന്നു. ഇന്നും ഭയക്കുന്നു. മോദി മല്‍സരിച്ച വാരണാസിയില്‍ എതിര്‍സ്ഥാനാര്‍ഥി ഉയര്‍ത്തിയ മണ്ണിന്റെ മക്കള്‍ വാദം പൊളിക്കാന്‍ മോദി കൊണ്ടുവന്ന ട്രിക്ക് രാജ്യം കണ്ട് നമിച്ചുപോയതാണ്. മോദിയുടെ അച്ഛന്‍ വാരണാസിയില്‍നിന്നു കച്ചവടത്തിനെത്തിയവര്‍ക്ക് ചായ നല്‍കിയിരുന്നത്രെ. മാത്രമല്ല, വാരണാസിക്കാരായ കാലിക്കച്ചവടക്കാരുടെ സമ്പാദ്യമെല്ലാം സൂക്ഷിക്കുന്ന ചെറിയൊരു ബാങ്കായിരുന്നുപോലും അച്ഛന്റെ ചായക്കട. പോരാത്തതിന് വാരണാസിയില്‍ കുട്ടിക്കാലത്ത് പോയി താമസിച്ചിരുന്നുവെന്ന ബന്ധവും എഴുതിച്ചേര്‍ത്തു. നാടോടിക്കഥകളായല്ല, ഹിന്ദു ബനാറസ് സര്‍വകലാശാലയിലെ പ്രഫസര്‍മാരെക്കൊണ്ടാണ് മോദി ഈ കെട്ടുകഥ മാലോകരെ അറിയിച്ചത്. വാരണാസിയില്‍ വിജയം ഉറപ്പാണെന്ന കാര്യത്തില്‍ സംശയത്തിനു വകയില്ലാത്ത സമയത്തായിരുന്നു നാട്ടുകാരനല്ലെന്ന എതിരാളിയുടെ വാദത്തെ കടത്തിവെട്ടാന്‍ ഇത്തരം ഗിമ്മിക്കുകള്‍ മോദി പ്രയോഗിച്ചത്. മാത്രമല്ല, കുട്ടിക്കാലത്ത് പുഴയിലിറങ്ങി മുതലയെ പിടിച്ചെന്ന ബാലമാസികകളെപ്പോലും കടത്തിവെട്ടുന്ന കഥകളും പ്രചരിക്കപ്പെട്ടു. ഗുജറാത്ത് മുഖ്യനായിരിക്കെ തനിക്കെതിരേ തിരിഞ്ഞ ഉദ്യോഗസ്ഥര്‍ക്കെല്ലാം സസ്‌പെന്‍ഷനും സര്‍വീസില്‍നിന്നു ശേഷിച്ച കാലം കോടതി കയറിയിറങ്ങാന്‍ കള്ളക്കേസുകളും ചുമത്തിക്കൊടുത്തു.
നമ്മുടെ മുഖ്യമന്ത്രി അത്രയ്‌ക്കൊന്നും വമ്പനല്ലെങ്കിലും വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നത് പണ്ടേ കലിയാണ്. മാധ്യമസിന്‍ഡിക്കേറ്റ്, നികൃഷ്ടജീവി തുടങ്ങിയ പ്രയോഗങ്ങളൊക്കെ ജനകീയമാക്കിയത് പിണറായിയുടെ അസഹിഷ്ണുതയായിരുന്നു. പാര്‍ട്ടിയില്‍ എതിര്‍ശബ്ദങ്ങളില്ലാതാക്കുന്നതില്‍ ഒരുപക്ഷേ, മോദിയെക്കാള്‍ മിടുക്കന്‍ പിണറായി വിജയന്‍ തന്നെയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോഴാവട്ടെ ഒരെതിര്‍പ്പും തീരെ സഹിക്കാന്‍ പറ്റാതായിട്ടുണ്ട്. മന്ത്രിസഭാ തീരുമാനങ്ങള്‍ നാട്ടുകാരെ അറിയിച്ചിട്ടെന്തിനാണെന്നാ മൂപ്പരുടെ ചോദ്യം. മന്ത്രിസഭ തീരുമാനിക്കുന്ന കാര്യങ്ങള്‍ പത്രക്കാരെ വിളിച്ചുകൂട്ടി പങ്കുവച്ച് സ്റ്റാറാവേണ്ട ആവശ്യമൊന്നും അദ്ദേഹത്തിനില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനൊന്നുമല്ല കേട്ടോ. വെറുതെ ചെയ്യുന്ന പുണ്യകര്‍മങ്ങളൊക്കെ ജനങ്ങളെ അറിയിച്ച് ആളാവുന്നതെന്തിനാണെന്ന് ഓര്‍ത്തിട്ടാണ് ഈ ഒഴിഞ്ഞുമാറ്റം.
സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തനിക്കും പാര്‍ട്ടിക്കും എതിരാവുന്നോ എന്ന തോന്നലാണു മുഖ്യന്. എന്തെങ്കിലും കണ്ടാലുടന്‍ ഒരു ലെവലുമില്ലാത്ത തനി പാര്‍ട്ടിക്കാരനായി പ്രതികരിച്ചുകളയും മുഖ്യന്‍. പിന്നെ ഇരിക്കുന്നത് മുഖ്യമന്ത്രിക്കസേരയിലാണെന്നോ നില്‍ക്കുന്നത് നിയമസഭയ്ക്കകത്താണെന്നോ ഒന്നും മൂപ്പര്‍ക്ക് ഓര്‍മയുണ്ടാവില്ല. നിയമസഭയിലെ പ്രകടനം കാണുമ്പോള്‍ മുഖ്യമന്ത്രിയാണോ പാര്‍ട്ടി സെക്രട്ടറിയാണോയെന്ന് പി സി ജോര്‍ജിന് സംശയം തോന്നിയത് കേവലം വിരോധംകൊണ്ടു മാത്രമാവാന്‍ വഴിയില്ല. രാഷ്ട്രീയ എതിരാളികളെ കണ്ണുമടച്ച് പാര്‍ട്ടി സെക്രട്ടറി മോഡലിലാണ് പിണറായി വിമര്‍ശിക്കുന്നത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ആളെക്കൊല്ലി പാര്‍ട്ടിയാണെന്നു നിയമസഭയില്‍ പിണറായി അടിച്ച ഡയലോഗ് കേട്ട് പാര്‍ട്ടിക്കാര്‍പോലും മൂക്കത്ത് വിരല്‍വച്ചുപോയി. ആളെ കൊല്ലാത്ത പാര്‍ട്ടിയുടെ മുഖ്യനുതന്നെയാണ് ഏതായാലും ഇതൊക്കെ പറയാന്‍ കഴിയുക. പിന്നീട് സിപിഎമ്മുകാര്‍ ഒരാളെ കൊന്നപ്പോഴാവട്ടെ, അതു പ്രത്യാക്രമണമാണെന്ന പ്രസ്താവന നടത്തിയപ്പോള്‍ സഖാക്കള്‍ ഒന്നടങ്കം കുളിരുകോരി. തങ്ങള്‍ക്കു പറ്റിയ മുഖ്യമന്ത്രിയെന്നു പറഞ്ഞ് സിപിഎമ്മുകാര്‍ ആഘോഷിച്ചു. പക്ഷേ, നിഷ്പക്ഷമതികളായ ഇടതുചിന്തകര്‍ മുഖ്യന്റെ തരംതാണ പ്രസ്താവന മുഖ്യമന്ത്രിസ്ഥാനത്തിന് യോജിച്ചതല്ലെന്നു വിലയിരുത്തി.
ഇപ്പോഴിതാ കാംപസ് ഫ്രണ്ടിന്റെ ജാഥ നിരോധിച്ചും പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു. കാംപസുകളെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ലത്രെ. കാംപസിനെ രക്തത്തില്‍ കുളിപ്പിക്കുന്ന, മറ്റുള്ള വിദ്യാര്‍ഥിപ്രസ്ഥാനങ്ങളെ കൊടി ഉയര്‍ത്താന്‍പോലും അനുവദിക്കാത്ത എസ്എഫ്‌ഐക്കാര്‍ക്ക് പെരുത്ത് സന്തോഷമായിട്ടുണ്ടാവും. സംഘപരിവാര ചെയ്തികളെ എതിര്‍ക്കാന്‍ മാപ്പിളമാര്‍ക്കെന്താ കാര്യമെന്നതരത്തിലാണ് കാര്യങ്ങളുടെ പോക്ക്. കുറ്റംപറയരുതല്ലോ, മുസ്‌ലിംകളുടെ രാഷ്ട്രീയ-വിദ്യാര്‍ഥിമുന്നേറ്റത്തോടു മാത്രമാണ് മുഖ്യന് എതിര്‍പ്പ്. ആര്‍എസ്എസും സനാതന്‍ സന്‍സ്ഥയും നടത്തുന്ന സായുധക്യാംപുകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും ഫാഷിസത്തിനെതിരേ വാതോരാതെ പ്രസംഗിക്കുന്ന മുഖ്യന്‍ നടപടിയെടുത്തുകണ്ടില്ല. മുസ്‌ലിം മതസ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്നു പ്രസ്താവിച്ച സംഘപരിവാരങ്ങളെ തടയുന്നതിനും മുഖ്യന്റെ പോലിസിനു വലിയ താല്‍പര്യമൊന്നും കാണുന്നില്ല.
കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുന്നുവെന്ന ഭയം പാര്‍ട്ടി സെക്രട്ടറിക്കുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, ഒരു മുഖ്യമന്ത്രി ഇത്രയ്ക്കും തരംതാഴാമോ. മുഖ്യമന്ത്രിയുടെ തിണ്ണമിടുക്ക് ഉപയോഗിച്ച് ചെറിയ ന്യൂനപക്ഷ മുന്നേറ്റങ്ങളെപ്പോലും എങ്ങനെ തടയാമെന്ന് സഖാക്കളെ പഠിപ്പിക്കുകയായിരിക്കും പിണറായി.
കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നത്തിലും മുഖ്യന്‍ കമാ എന്നു മിണ്ടാതിരുന്നതിനു പിന്നിലും യശസ്സിടിയല്‍ തടയുന്നതിന്റെ രസതന്ത്രമാണെന്നു പറഞ്ഞുകേള്‍ക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചത് ഹൈക്കോടതിയില്‍നിന്നുണ്ടായ വിധികളും പരാമര്‍ശങ്ങളുമായിരുന്നു. ഇപ്പോഴത്തെ സ്ഥിതിക്ക് മുഖ്യനും ഭരണത്തിനുമെതിരേ കോടതി എന്തു പറഞ്ഞാലും പുറത്തറിയിക്കാന്‍ മാധ്യമങ്ങളുണ്ടാവില്ലല്ലോ. അപ്പോള്‍ പിന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം സൃഷ്ടിച്ച് വെറുതെ എന്തിന് പുലിവാലുപിടിക്കണമെന്നു പിണറായി ചിന്തിക്കുന്നതില്‍ അതിശയമില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss