|    Jun 19 Tue, 2018 1:10 am
Home   >  Fortnightly   >  

ഫറാഇദീ മൂവ്‌മെന്റ്

Published : 12th November 2015 | Posted By: G.A.G

അധിനിവേശ വിരുദ്ധ സമരങ്ങള്‍-6

ത്വാഹാ ഹശ്മി
മറ്റനേകം സവിശേഷതകള്‍ക്കൊപ്പം വിശേഷപ്പെട്ട പട്ട് കയറ്റുമതി ചെയ്യുന്നനാട് എന്ന നിലയില്‍ ബംഗാള്‍ സമുദ്ര വ്യാപാരികളെ ആകര്‍ഷിക്കുകയുണ്ടായി. തുറമുഖ നഗരങ്ങളായ ചിറ്റഗോംഗ്, സമന്ദര്‍ തുടങ്ങിയവ വ്യാപാര കേന്ദ്രങ്ങളായി പരിലസിച്ചു. സഞ്ചാരികളുടെ രേഖകളും നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കളും, അറബ്-ബംഗാള്‍ വ്യാപാര ബന്ധങ്ങളുടെ ചരിത്രം പറഞ്ഞു തരുന്നുണ്ട്. മുഹമ്മദ് നബിയുടെ അനുയായികളായിത്തീര്‍ന്ന അറബി വ്യാപാരികള്‍ വഴിയായിരിക്കാം ബംഗാളില്‍ ഇസ്്‌ലാം ആവിര്‍ഭാവം കൊള്ളുന്നതെന്ന് നിഗമിക്കുന്നവരുണ്ട്. മിഷനറി പ്രവര്‍ത്തനം വ്യവസ്ഥാപിതമാകാതിരുന്ന കാലഘട്ടത്തില്‍തന്നെ ബംഗാളില്‍ ഇസ്്‌ലാമിന്റെ ആഗമനമുണ്ടായിട്ടുണ്ട്.

മധ്യ അഫ്ഗാനിസ്താാനിലെ ഖില്‍ജി വംശജനായ മുഹമ്മദ് ബഖ്തിയാര്‍ ഖില്‍ജി എ.ഡി. 1205 മെയ് 10ന് സേന സാമ്രാജ്യത്തിലെ ലക്ഷ്മണസേനനെ പരാജയപ്പെടുത്തുകയുണ്ടായി. കലിംഗ, പ്രയാഗ തുടങ്ങിയ അയല്‍രാജ്യങ്ങളെ കീഴ്‌പ്പെടുത്തിയ ലക്ഷ്മണസേന പൂര്‍വ്വേന്ത്യയിലെ ശക്തനായ രാജാവായിരുന്നു. സേനാ സാമ്രാജ്യത്തിന്മേലുണ്ടായ മുഹമ്മദ് ബക്തിയാര്‍ ഖില്‍ജിയുടെ വിജയം ഇസ്്‌ലാമിന് വേരുപടര്‍ത്താന്‍ അനുകൂലമായ സാഹചര്യങ്ങളൊരുക്കിയെന്ന് ചരിത്രകാരനായ മിന്‍ഹാജ് സിറാജുദ്ദീന്‍ രേഖപ്പെടുത്തുന്നുണ്ട്. ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ബുദ്ധമതാനുയായികളുടെ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിയാതിരുന്നതാണ് ലക്ഷ്മണ സേനയുടെ പരാജയത്തിന് കാരണമായി പറയുന്ന ഒരു സംഗതി.

സാത്വികരും ഉദാരമതികളും വിനയാന്വിതരുമായ പ്രബോധകന്മാരും പണ്ഡിതന്മാരുമായുള്ള സഹവാസമാണ് മെച്ഛ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബംഗാളിന്റെ ആദിമ നിവാസികളുടെയും അധസ്ഥിതരുടെയും ഇസ്്‌ലാമിലേക്കുള്ള കൂട്ടത്തോടെയുള്ള പ്രവേശനത്തിന് പശ്ചാത്തലമൊരുക്കിയത് എന്നാണ് ഹണ്ടറെപ്പോലുള്ളവര്‍ പറയുന്നത്. ഈ വിഭാഗത്തില്‍നിന്ന് ഇസ്്‌ലാം ആശ്ലേഷിച്ച അലിമെച്ഛ കൂട്ടമത പരിവര്‍ത്തനത്തിന് പ്രചോദനമായി വര്‍ത്തിച്ചു. ശൈഖ് ജലാലുദ്ദീന്‍ തബ്‌റസി ബംഗാളില്‍ പ്രബോധന ദൗത്യം നിര്‍വ്വഹിച്ചവരില്‍ പ്രമുഖനാണ്. ബംഗാളിലെ പാണ്ഡുവായില്‍ താമസമാക്കിയ ഇദ്ദേഹം 1245 ല്‍ നിര്യാതനായി. നെയ്ത്തുവേലയില്‍ വ്യാപൃതരായ ജാതിക്കാരെ അസ്പര്‍ശ്യരായാണ് സവര്‍ണ്ണര്‍ പരിഗണിച്ചത്. സവര്‍ണ്ണരുടെ വിവേചനപരമായ ഈ നിലപാട് കാരണമായി നെയ്ത്തുവേലക്കാര്‍ കൂട്ടത്തോടെ ഇസ്്‌ലാമിലേക്ക് വരികയുണ്ടായി. ഹണ്ടറുടെ ചുവടെ കൊടുക്കുന്ന വരികള്‍ മുസ്‌ലിം പ്രബോധകരുടെ പ്രവര്‍ത്തനങ്ങള്‍ ബംഗാളിലെ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്ന് മനസ്സിലാക്കിത്തരുന്നു. ”മുക്കുവരും കൊള്ളക്കാരും നായാടികളും കീഴ്ജാതിക്കാരുമായ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ഒരു വിമോചന സരണിയായാണ് അനുഭവപ്പെട്ടത്. അധസ്ഥിതരും അവഗണിക്കപ്പെട്ടവരുമായ ജനതയ്ക്ക് പ്രതീക്ഷകളും പ്രത്യാശകളും നല്‍കാന്‍ മുസ്്‌ലിം മിഷനറിമാര്‍ക്കു കഴിഞ്ഞു.

അവര്‍ ദൈവത്തിന്റെ ഏകത്വവും മനുഷ്യ സമത്വവും ഉല്‍ഘോഷിച്ചു.” മുസ്്‌ലിം പ്രബോധകര്‍ക്ക് വമ്പിച്ച നേട്ടങ്ങള്‍ കൊയ്‌തെടുക്കാന്‍ കഴിഞ്ഞ പ്രദേശങ്ങളാണ് ബംഗാളും പഞ്ചാബും.മുസ്‌ലിം ഭരണകര്‍ത്താക്കളുടെ ജനോപകാരപ്രദങ്ങളായ പദ്ധതികള്‍ ഇസ്്‌ലാം ആശ്ലേഷിക്കാന്‍ ജനങ്ങള്‍ക്ക് പ്രേരകങ്ങളായി വര്‍ത്തിച്ചു. ബംഗാള്‍ പ്രവിശ്യയിലെ മുഗിളഭരണകര്‍ത്താക്കള്‍ ഇസ്്‌ലാമിലേക്കുള്ള മതപരിവര്‍ത്തനം പ്രോത്സാഹിപ്പിച്ചിരുന്നില്ലത്രെ. മുഗിളഗവര്‍ണ്ണര്‍മാര്‍ ബംഗാളിലെ ജനങ്ങള്‍ക്ക് നികുതി ചുമത്താതെ കൃഷി ചെയ്യാന്‍ ഭൂമി നല്‍കി. കാടുവെട്ടി കൃഷി ചെയ്യാനും അവര്‍ക്കു അനുവാദം നല്‍കി. മുഗിളഭരണകര്‍ത്താക്കളുടെ ഉദാരമായ കാര്‍ഷികനയം കാരണമായാണത്രെ അവരുടെ മതത്തിലേക്ക് ജനങ്ങള്‍ ആകൃഷ്ടരായത്.മഗധ, മൗര്യ, ഗുപ്ത എന്നീ രാജവംശങ്ങള്‍ ബംഗാള്‍ ഭരിക്കുകയുണ്ടായിട്ടുണ്ട്. ബുദ്ധമതാനുയായികളായ പാല രാജാക്കന്മാര്‍ ഭരിച്ച നാളുകളാണ് ബംഗാളിന്റെ സുവര്‍ണ്ണ കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്നത്. ബംഗാളി ഭാഷ പാലിയില്‍നിന്നും നിരവധി പദങ്ങള്‍ കടം കൊണ്ടിട്ടുണ്ട്. മുഗിളന്മാരുടെ നിയന്ത്രണത്തില്‍വന്ന ബംഗാളിന്റെ ആദ്യത്തെ സ്വതന്ത്രനായ നവാബു മുര്‍ഷിദുഖലി ഖാനാണ്. അദ്ദേഹമാണ് മുര്‍ഷിദാബാദു പടുത്തുയര്‍ത്തിയത്.

മുഗിള കാലഘട്ടത്തില്‍ മുസ്‌ലിംകള്‍ക്കും ഹൈന്ദവര്‍ക്കും ഭരണത്തിലും അധികാരാവകാശങ്ങളിലും തുല്യ പങ്കായിരുന്നു. കഴിവിനും പ്രാപ്തിക്കുമനുസരിച്ച് രാഷ്ട്രത്തിന്റെ ഭരണ നിര്‍വ്വഹണം പങ്കിട്ടു. ഭൂമി, ഭൂനികുതി, ബാങ്കിംഗ്, വ്യാപാരം, വ്യവസായം എന്നീ മേഖലകളുടെ നിയന്ത്രണം ഹിന്ദുക്കളുടെ പക്കലായിരുന്നു. നീതിന്യായ വ്യവസ്ഥ, സായുധസേന, ഭരണ നിര്‍വ്വഹണം തുടങ്ങിയവ മുസ്്‌ലിംകളുടെ ചുമതലയായിരുന്നു. രാഷ്ട്രത്തിന്റെ സര്‍വ്വകാര്യങ്ങളിലും രണ്ടു മതവിഭാഗങ്ങളും തോളോട് തോള്‍ ചേര്‍ന്നു നിന്നു. ആരുടെയും സ്വാതന്ത്ര്യവും അവകാശവും ഹനിക്കപ്പെട്ടില്ല.പ്ലാസിയുദ്ധാനന്തരം ബ്രിട്ടീഷുകാര്‍ ബംഗാളിന്റെ ഭരണം ഏറ്റെടുത്തതോടെ സംഗതികള്‍ തലകീഴായി. മുസ്്‌ലിംകളുടെ സര്‍വ്വ അധികാരങ്ങളും ഹനിക്കപ്പെട്ടു. മുസ്്‌ലിം ഭൂവുടമകള്‍ക്ക് തങ്ങളുടെ സ്വത്തുക്കള്‍ നഷ്ടമായി. പെര്‍മനന്റ് സെറ്റില്‍മെന്റ്് മുസ്്‌ലിം കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയൊരാഘാതമായി ഭവിച്ചു.ടിപ്പുവിന്റെ അന്ത്യം തെല്ലൊന്നുമല്ല ബ്രിട്ടീഷുകാരെ സന്തോഷിപ്പിച്ചത്. ഇന്ത്യയിലെ അവരുടെ ഏറ്റവും ശക്തനായ പ്രതിയോഗിയായിരുന്നു അദ്ദേഹം. ടിപ്പുവിന്റെ രക്തസാക്ഷിത്വത്തോടെ ഉടലെടുത്ത സാഹചര്യങ്ങളെ തരണം ചെയ്യാന്‍ പണ്ഡിതന്മാരുടെയും പരിഷ്‌കര്‍ത്താക്കളുടെയും നേതൃത്വത്തില്‍ നിരവധി ശ്രമങ്ങള്‍ നിര്‍വഹിക്കപ്പെട്ടു. അതിന്‍ഫലമായി ഏതാനും ജനകീയ പ്രസ്ഥാനങ്ങളും ചെറുത്തുനില്‍പു സംഘങ്ങളും രൂപീകൃതമായി. ഏറ്റവും ജനകീയവും ശക്തവുമായ സംഘങ്ങളില്‍ ഒന്നായിരുന്നു ഹാജി ശരീഅത്തുല്ലയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഫറാഇദീ മൂവ്‌മെന്റ്.മതപരവും രാഷ്ട്രീയവും സാമ്പത്തികവുമായ അടിയന്തിരമായ ഏതാനും പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായ ഒരു പശ്ചാത്തലത്തിലാണ് ശരീഅത്തുല്ല സാമൂഹ്യ രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്.

ഹൈന്ദവാനുയായികളുമായുള്ള വേഴ്ച കാരണമായി മുസ്്‌ലിംകളില്‍ ഇസ്്‌ലാം വിരുദ്ധ ആശയങ്ങള്‍ കടന്നുകൂടി. മുസ്‌ലിം സംസ്‌കാരം  മായം ചേര്‍ക്കപ്പെട്ടു. ആചാരാനുഷ്ഠാനങ്ങളില്‍ മുസ്്‌ലിംകള്‍ ഹൈന്ദവരെ അനുകരിക്കുകയും മാതൃകയാക്കുകയും ചെയ്തു. ടിപ്പുവിന്റെ രക്തസാക്ഷ്യം രാഷ്ട്രീയ മേഖലയില്‍ വലിയ ശൂന്യത സൃഷ്ടിച്ചു. സാമ്രാജ്യത്വ വിരുദ്ധചേരി വളരെ ദുര്‍ബലമായിത്തീര്‍ന്നു. സാമ്രാജ്യത്വം സമ്പൂര്‍ണ്ണ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബ്രിട്ടന്‍ ബംഗാളിലെ കൈത്തറി വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചു. കര്‍ഷകര്‍ ദുരിതത്തിന്റെ കയങ്ങളിലേക്കെറിയപ്പെട്ടു. ഇങ്ങിനെയുള്ള മതപരവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമുണ്ടാവണമെന്ന് ഹാജി ശരിഅത്തുല്ല ആഗ്രഹിച്ചു. അതിന്റെ ഫലമെന്നോണമാണ് ഫറാഇദി മൂവ്‌മെന്റ് രൂപം കൊണ്ടത്.ബംഗാളിന്റെ മതപരവും സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം ഫറാഇദീ പ്രസ്ഥാനത്തെ കുറിച്ച് പരാമര്‍ശങ്ങളില്ലാതെ പൂര്‍ണ്ണമാവുകയില്ല. മുസ്‌ലിംകളെ ആദര്‍ശ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ പുനരുദ്ധരിക്കുക എന്ന മതപരമായ ലക്ഷ്യവും ബ്രിട്ടീഷുകാരില്‍നിന്നും ഇന്ത്യയെ മോചിപ്പിക്കുക, സെമിന്ദാര്‍മാരുടെ ചൂഷണത്തില്‍നിന്നും കര്‍ഷക ജനതയെ രക്ഷിക്കുക എന്നീ രാഷ്ട്രീയ ലക്ഷ്യങ്ങളും ഏകോപിപ്പിച്ചുകൊണ്ട് രൂപീകൃതമായ ബഹുജനപ്രസ്ഥാനമാണ് ഫറാഇദീ പ്രസ്ഥാനം. 1781-ല്‍ ഫരീദാപൂര്‍ ജില്ലയിലെ ഷാമിയയില്‍ ജനിച്ച ഹാജി ശരിഅത്തുല്ല, ഹിജാസിലെ പാഠശാലകളിലെയും ഈജിപ്തിലെ അസ്ഹര്‍ സര്‍വ്വകലാശാലയിലെയും പഠനത്തിനുശേഷം രാജ്യത്ത് തിരിച്ചെത്തി. ആചാരപരമായും വിശ്വാസപരമായും മുസ്്‌ലിംകള്‍ ഇസ്്‌ലാമില്‍നിന്നും ഏറെ അകന്നുപോയ ഒരു കാലഘട്ടമായിരുന്നു അത്.

രാഷ്ട്രീയ രംഗത്താവട്ടെ സാമ്രാജ്യത്വ വിരുദ്ധ ചേരി വളരെ ദുര്‍ബലമായ സന്ദര്‍ഭവുമായിരുന്നു അത്.മതാനുഷ്ഠാനങ്ങളിലുള്ള കണിശതയായിരുന്നു ഫറാഇദീ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. ഇന്ത്യ ദാറുല്‍ ഹര്‍ബാണെന്നായിരുന്നു പ്രസ്ഥാനത്തിന്റെ നിലപാട്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍നിന്നും കെട്ടു കെട്ടുംവരെ മുസ്്‌ലിംകള്‍ ജുമുഅ നിര്‍വ്വഹിക്കുകയോ, ഈദുഗാഹുകള്‍ സംവിധാനിക്കുകയോ ചെയ്യേണ്ടതില്ലെന്നദ്ദേഹം പറഞ്ഞു. ചൂഷകരായ സെമിന്ദാര്‍മാര്‍ക്കെതിരെ അദ്ദേഹം കര്‍ഷകരെ അണിനിരത്തി.ഹൈന്ദവാചാരങ്ങള്‍ കൈയ്യൊഴിക്കാനും ഇസ്‌ലാമിന്റെ മൗലികതയിലേക്ക് തിരിച്ചുവരാനും അദ്ദേഹം ആഹ്വാനം ചെയ്തു. നിര്‍ബന്ധ കര്‍മ്മങ്ങള്‍ യാതൊരലംഭാവവും കൂടാതെ നിര്‍വ്വഹിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.നികുതി കൊടുക്കരുതെന്നും ബ്രിട്ടനോട് നിസ്സഹകരിക്കണമെന്നും ജനങ്ങളെ അദ്ദേഹം ഉണര്‍ത്തി. ചൂഷകരായ ഭൂപ്രഭുക്കള്‍ക്കെതിരെ സംഘടിക്കാന്‍ കര്‍ഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച കോളിളക്കം സൃഷ്ടിക്കാന്‍ ഫറാഇദി മൂവ്‌മെന്റിന് കഴിഞ്ഞു. കല്‍ക്കട്ടിയിലെ നക്‌സല്‍ബാരി ഗ്രാമം കേന്ദ്രീകരിച്ചു ശരീഅത്തുല്ല ഒരു മിലീഷ്യ രൂപീകരിച്ചു.ബംഗാള്‍ കൂരിരുട്ടില്‍ ആണ്ടു കഴിയുമ്പോള്‍ കൈവെള്ളയില്‍ വെളിച്ചവുമായെത്തിയ മഹാത്മാവ് എന്നദ്ദേഹം വിശേഷിപ്പിക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശനത്താല്‍ മുസ്്‌ലിംകള്‍ക്ക് നഷ്ടമായ പ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞു. ഹാജി ശരീഅത്തുല്ലയെപോലെ ജനപ്രിയനായ മറ്റൊരു വ്യക്തിക്കും ബംഗാള്‍ ജന്മം നല്‍കിയില്ലെന്ന് ഫറാഇദീ പ്രസ്ഥാനത്തെ കുറിച്ചു പരാമര്‍ശിക്കവേ എന്‍സൈക്ലോപീഡിയ ഓഫ് ഇസ്്‌ലാം രേഖപ്പെടുത്തുന്നു. ശരീഅത്തുല്ലയുടെ മരണാനന്തരം നേതൃത്വപദവിയില്‍ അവരോധിക്കപ്പെട്ട നിസാര്‍ അലി (തിത്തുമിയാന്‍) സെമീന്ദാര്‍മാരും ബ്രിട്ടീഷുകാരും ഒരു ചേരിയിലും കര്‍ഷകര്‍ മറു ചേരിയിലുമായി അണിനിരന്ന പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1831 നവംബര്‍ 17ന് നടന്ന സമരത്തെ ബര്‍സാത്ത് കലാപമെന്ന് വിളിക്കുന്നു. 1832-ലെ കലാപത്തില്‍ നിസാര്‍ അലി കൊല്ലപ്പെട്ടു. തുടര്‍ന്ന് ഹാജി ശരീഅത്തുല്ലയുടെ മകന്‍ മുഹമ്മദ് മുഹ്്‌സിന്‍ (ദുദുമിയാന്‍) നേതൃത്വമേറ്റെടുത്തു. വൈദേശികാധിപത്യത്തില്‍നിന്നും മുക്തമായ സ്വതന്ത്രരാജ്യം എന്ന ലക്ഷ്യത്തിനായി ഫറാഇദീ മുവ്‌മെന്റ് 1831, 1832, 1841, 1844 എന്നീ വര്‍ഷങ്ങളിലായി സമരമുഖത്ത് വരികയുണ്ടായി.

കൃഷിഭൂമി കര്‍ഷകരുടേത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയവരുടെ മുന്‍നിരയില്‍ ഫറാഇദീ പ്രസ്ഥാനം നിലകൊള്ളുന്നു. പഞ്ചായത്ത് രാജ് എന്ന ആശയത്തിന്റെ ആദ്യ വക്താക്കളായിരുന്നു അതിന്റെ പ്രവര്‍ത്തകന്മാര്‍. കിഴക്കന്‍ ബംഗാളിലും പടിഞ്ഞാറന്‍ ബംഗാളിലും പിന്നീട് രൂപം കൊണ്ട കാര്‍ഷിക സമരങ്ങളും സ്വാതന്ത്ര്യ സമരങ്ങളും ഹാജീ ശരീഅത്തുല്ലയുടെ ഫറാഇദീ പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നു.ഫറാഇദീ മൂവ്‌മെന്റിനെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ ഒരടവു പയറ്റുകയുണ്ടായി. ഹിന്ദുക്കളെ തങ്ങളുടെ മിത്രങ്ങളാക്കിയും മുസ്‌ലിംകളെ ശത്രുക്കളാക്കിയും ഹിന്ദു മുസ്്‌ലിം മൈത്രി തകര്‍ക്കുകയെന്നതായിരുന്നു ആ തന്ത്രം. ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന റോമന്‍ തത്വം ഈ കാലത്ത് നമ്മുടേതാണ് എന്നു ബ്രിട്ടീഷു ഭരണാധികാരികള്‍ പറയാറുണ്ടായിരുന്നു. എല്ലന്‍ബറോയുടെ വാക്കുകള്‍ കാണുക. I cannot close my eyes to the belief that this race [Mohamadan] is fundamentally hostile to us and therefore our true policy is to conceliate the Hindus. (ഈ വര്‍ഗമാണ് -മുഹമ്മദീയര്‍- നമ്മുടെ യഥാര്‍ത്ഥ ശത്രുക്കള്‍ എന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടക്കാനെനിക്കാവില്ല. അതുകൊണ്ട് ഹിന്ദുക്കളെ കൂടെനിര്‍ത്തുക എന്നതാണ് നമ്മുടെ നയം.) ഹിന്ദു ജന്മികളെ മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചുവിടാന്‍ ബ്രിട്ടീഷുകാര്‍ പരിശ്രമിച്ചു. ബംഗാളില്‍ പലേടങ്ങളിലും മുസ്‌ലിംകള്‍ ഹിന്ദു പ്രഭുക്കളുടെ അക്രമങ്ങള്‍ക്കിരയായി.ഫറാഇദീ മൂവ്‌മെന്റിന്റെ നേതാക്കള്‍ക്കും അനുയായികള്‍ക്കുമെതിരെ ഇംഗ്ലീഷുകാര്‍ കള്ളക്കേസുകളെടുത്തു. 1838 ല്‍ വീടുകള്‍ കൊള്ളയടിച്ചുവെന്നാരോപിച്ച് ദോദോമിയാന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു.

1841 ല്‍ കൊലപാതകക്കുറ്റം ആരോപിച്ചും 1844 ല്‍ നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്നാരോപിച്ചും 1846 ല്‍ തട്ടിക്കൊണ്ടുപോകല്‍ ആരോപിച്ചും ദോദോമിയാനെ വിവിധ കേസുകളില്‍ കുടുക്കി. പ്രസ്ഥാനം കടുത്ത പരീക്ഷണങ്ങളെ നേരിട്ടപ്പോഴും അതിന് ജനപിന്തുണ വര്‍ദ്ധിക്കുകയാണുണ്ടായത്. ബ്രിട്ടീഷുകാരുടെയും ഹിന്ദു ജന്മിമാരുടെയും ഗൂഢശ്രമങ്ങളും അക്രമങ്ങളും കാരണമായി ഫറാഇദി പ്രസ്ഥാനം തകര്‍ച്ചയെ നേരിടുകയുണ്ടായി. മുജാഹിദീന്‍ പ്രസ്ഥാനത്തെയും സയ്യിദ് അഹ്മദിനെയും പോലെ ഫറാഇദീ പ്രസ്ഥാനവും ഹാജി ശരീഅത്തുല്ലയും സ്വാതന്ത്ര്യ സമരങ്ങള്‍ക്കും നവോത്ഥാന സംരംഭങ്ങള്‍ക്കും പ്രചോദനമായി വര്‍ത്തിക്കുന്നു.

(തുടരും)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss