|    Oct 19 Fri, 2018 6:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫതഹുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഹമാസ്

Published : 18th September 2017 | Posted By: fsq

 

ഗസ സിറ്റി: ഫലസ്തീന്‍ ഐക്യത്തിനായി ഫതഹ് പ്രസ്ഥാനവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഹമാസ്്. ഹമാസ് നേതൃത്വത്തിലുള്ള ഗസ ഭരണസമിതി പിരിച്ചുവിടുന്നതിനും തീരുമാനിച്ചു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിന് സന്നദ്ധത അറിയിക്കുന്നതായും ഹമാസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഹമാസും ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയുമായുള്ള ഒരു പതിറ്റാണ്ടോളം നീണ്ട ഭിന്നതകള്‍ അവസാനിക്കുന്നതിനുള്ള സൂചനയായാണ് പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഫതഹ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍ ഹമാസ് അംഗീകരിച്ചിട്ടുണ്ട്്്. ഗസയിലെ ഭരണസമിതി പിരിച്ചുവിടണമെന്നതായിരുന്നു ഫതഹ്പാര്‍ട്ടിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഫലസ്തീനില്‍ ഐക്യസര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്കായുള്ള ചര്‍ച്ചകളില്‍ സംഘടന പങ്കാളികളാവുമെന്ന് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ അറിയിച്ചു. ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ഹമാസ് നേതാക്കള്‍ കഴിഞ്ഞവാരം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിറകെയാണ് ഫതഹ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത സംഘടന അറിയിച്ചത്. വെസ്റ്റ്ബാങ്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫതഹ് പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എന്തു നടപടികളാണ് ഹമാസ് സ്വീകരിക്കുകയെന്നത് വ്യക്തമല്ല. ഹമാസിന്റെ തീരുമാനം സ്വാഗതംചെയ്യുന്നതായി ഫതഹ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മഹമൂദ് അലൗല്‍ പ്രതികരിച്ചു. അനുരഞ്ജന ചര്‍ച്ചകള്‍ക്കായി ഫതഹ് പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഹമാസിന്റെ പ്രഖ്യാപനം സംബന്ധിച്ച് ഫലസ്തീന്‍ പ്രസിഡന്റ്് മഹമൂദ് അബ്ബാസിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. ഫലസ്തീന്‍ ഐക്യം സംബന്ധിച്ച പുതിയ സംഭവവികാസങ്ങളെ സ്വാഗതം ചെയ്യുന്നതായി യുഎന്‍ പശ്ചിമേഷ്യന്‍ പ്രതിനിധി നിക്കോളെ മ്ലാദെനോവ് അറിയിച്ചു. ഗസയിലെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നതിന് അനുരഞ്ജന ചര്‍ച്ചകള്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss