|    May 22 Mon, 2017 11:18 pm
FLASH NEWS

ഫണ്ട് വെട്ടിക്കുറച്ചത് ആദിവാസികളോടുള്ള അവഗണന: പി കെ ജയലക്ഷ്മി

Published : 10th July 2016 | Posted By: SMR

മാനന്തവാടി: ഇടത് ആദ്യ ബജറ്റില്‍ ആദിവാസി ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത് ആദിവാസികളോടുള്ള അവഗണനയാണെന്നു മുന്‍ മന്ത്രിയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ പി കെ ജയലക്ഷ്മി കുറ്റപ്പെടുത്തി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ 2015-16 വര്‍ഷത്തെ ബജറ്റില്‍ 700 കോടി രൂപ വകയിരുത്തി മൊത്തം പദ്ധതി വിഹിതത്തിന്റെ മൂന്നു ശതമാനമാക്കി എസ്ടി ഫണ്ട് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, 633 കോടിയിലൊതുക്കി 2.61 ശതമാനമായി ഇത്തവണ വെട്ടിക്കുറച്ചു.
പട്ടികവര്‍ഗക്കാരുടെ സമ്പൂര്‍ണ ഭവന പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്താതെ പുതിയ ഭവന പദ്ധതിക്ക് പി കെ കാളന്റെ പേരു നല്‍കി കണ്ണില്‍ പൊടിയിടുകയാണ് ചെയ്തത്.
മുന്‍ സര്‍ക്കാര്‍ 50 കോടി രൂപ നീക്കിവച്ച അടിയ-പണിയ പാക്കേജിന് ഒരു തുകയും അനുവദിക്കാതെ ഏറ്റവും അവഗണന നേരിടുന്ന ആ വിഭാഗങ്ങളെ കണ്ടില്ലെന്നു നടിച്ചു.
ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു ഏക്കര്‍ ഭൂമി വീതം നല്‍കുമെന്നു പ്രഖ്യാപിച്ചപ്പോഴും അതിന് ആവശ്യമായ തുക വകയിരുത്തിയില്ല. ജില്ലയെ സംബന്ധിച്ച് ആരോഗ്യ-വിദ്യാഭ്യാസ മേഖലയെ പാടെ അവഗണിച്ച ബജറ്റാണിത്. എം കെ ജിനചന്ദ്രന്‍ സ്മാരക സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ പാടെ ഉപേക്ഷിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലാ ആശുപത്രിയെയും അവഗണിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച ജില്ലാ ആശുപത്രി മാതൃ-ശിശു മള്‍ട്ടി സ്‌പെഷ്യാലിറ്റി യൂനിറ്റും മന്ത്രിസഭ പാസാക്കിയ പുതിയ തസ്തികകളും ഫണ്ട് വകയിരുത്താതെ അട്ടിമറിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് ജില്ലാ ആശുപത്രിയുടെ കാര്യത്തില്‍ കോലാഹലമുണ്ടാക്കിയവരും മുതലക്കണ്ണീരൊഴുക്കിയവരും ഇതിനു മറുപടി പറയണം.
യുഡിഎഫ് സര്‍ക്കാര്‍ തുക വകയിരുത്തിയ പക്രന്തളം റോഡിനും കൈതക്കല്‍ റോഡിനും തുക അനുവദിച്ചുള്ള ആവര്‍ത്തനമല്ലാതെ മാനന്തവാടി മണ്ഡലത്തില്‍ പുതിയ പദ്ധതികളൊന്നുമുണ്ടായില്ല.
വയനാട് ഗവ. എന്‍ജിനീയറിങ് കോളജിലും മാനന്തവാടി ഗവ. കോളജിലും മുന്‍ സര്‍ക്കാര്‍ അനുവദിച്ച പുതിയ കോഴ്‌സുകള്‍ക്കാവശ്യമായ തസ്തികകള്‍ അനുവദിക്കാതെ മനപ്പൂര്‍വം മറന്നതായി നടിച്ചു. അപ്‌ഗ്രേഡ് ചെയ്ത കെല്ലൂര്‍, പള്ളിക്കല്‍, വെള്ളമുണ്ട, പുളിഞ്ഞാല്‍ സ്‌കൂളുകളുടെ കാര്യത്തിലും ധനമന്ത്രി അവഗണന ആവര്‍ത്തിച്ചതായും പി കെ ജയലക്ഷ്മി കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day