|    Dec 17 Mon, 2018 7:13 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫണ്ട് വിനിയോഗത്തില്‍ വ്യാപക ക്രമക്കേട്്‌

Published : 1st December 2018 | Posted By: kasim kzm

 

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ കരാര്‍ നടത്തിപ്പില്‍ വ്യാപക ക്രമക്കേടു ചൂണ്ടിക്കാട്ടി സിഎജി റിപോര്‍ട്ട്. കേരള സര്‍ക്കാരിന്റെ 2017 മാര്‍ച്ച് 31 വരെയുള്ള നിര്‍മാണ ജോലികളില്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ ഇക്കണോമിക് സെക്ടറിലുള്ള റിപോര്‍ട്ട് ഇന്നലെ നിയമസഭയുടെ മേശപ്പുറത്തു വച്ചു.
പൊതുമരാമത്ത് വകുപ്പിലെ കരാറുകളില്‍, സര്‍ക്കാര്‍ 809.93 കോടിയുടെ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡര്‍ വിളിക്കാതെ നല്‍കി. സെക്യൂരിറ്റി ഡെപ്പൊസിറ്റ് സൂക്ഷിക്കുന്നതില്‍ നിന്ന് ഒഴിവാക്കിക്കൊടുത്ത് അനര്‍ഹമായ ആനുകൂല്യം നേടിക്കൊടുത്തുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ഒഴിവാക്കല്‍, ടെന്‍ഡറില്‍ തീര്‍പ്പുകല്‍പ്പിക്കല്‍ തുടങ്ങിയ നടപടികളിലെ ക്രമക്കേടുകളുടെ ഫലമായി 21.19 കോടിയുടെ അധികച്ചെലവുണ്ടായെന്നും സാമ്പത്തിക മേഖല സംബന്ധിച്ച സിഎജി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശബരിമലയില്‍ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് നടപ്പാക്കേണ്ട പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല. കരാറുകളിലെ യൂനിറ്റ് നിരക്കുകള്‍ കണക്കാക്കുന്നതിലെ അപാകത അടങ്കല്‍ത്തുക അമിതമായി വര്‍ധിക്കുന്നതിനും കരാറുകാര്‍ക്ക് അനര്‍ഹമായി 2.05 കോടി ലഭിക്കുന്നതിനും ഇടയായി. സ്‌പെസിഫിക്കേഷനുകള്‍, മോര്‍ത്ത് ഡാറ്റ തുടങ്ങിയവ ലംഘിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയതു മൂലം 25.85 കോടി രൂപയുടെ അധിക ചെലവുണ്ടായി. മൂന്നു പ്രവൃത്തികളില്‍ മണ്ണ് വെട്ടിമാറ്റുന്ന പ്രവൃത്തികള്‍ക്ക് ഉയര്‍ന്ന നിരക്ക് നിശ്ചയിച്ചതുമൂലം കരാറുകാര്‍ക്ക് 2.2 കോടി രൂപയുടെ നേട്ടമുണ്ടായി. എറണാകുളം റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സാമ്പത്തിക അധികാരപരിധി ലംഘിച്ച് ടെന്‍ഡര്‍ ഒഴിവാക്കിയതുമൂലം 21.19 കോടി രൂപയുടെ അധികച്ചെലവുണ്ടായി. ഗതാഗത സുരക്ഷയിലും റോഡ് സുരക്ഷയിലും വിട്ടുവീഴ്ച ചെയ്ത് എസ്റ്റിമേറ്റ് പുതുക്കുക വഴി 4.07 കോടി രൂപയുടെ അധികച്ചെലവ് സര്‍ക്കാരിനുണ്ടായി.
റോഡ് സ്റ്റഡ്ഡുകള്‍ ക്രമവിരുദ്ധമായി സ്ഥാപിച്ചതു വഴി 43.96 ലക്ഷംരൂപയുടെ അധികച്ചെലവുണ്ടായി. 2002ല്‍ സ്ഥാപിതമായ കേരള റോഡ് ഫണ്ട്് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. 15 വര്‍ഷത്തിനിടെ കേവലം 64.318 കി.മീ നഗരപാതാ വികസന പദ്ധതികള്‍ മാത്രമാണ് ഏറ്റെടുത്തു നടത്തിയത്. ഇതിനിടെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് 53.69 കോടി രൂപ വായ്പ നല്‍കിയെങ്കിലും തിരിച്ചുകിട്ടിയിട്ടില്ല. വന്യജീവി ഉദ്യാനങ്ങളുടെ ഭൗമ അതിര്‍ത്തി നിശ്ചയിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 654.66 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇനിയും വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാനുണ്ട്. വന്യജീവി ബോര്‍ഡ് രൂപീകരിച്ചതും നിയമാനുസൃതമായ യോഗങ്ങള്‍ ചേര്‍ന്നല്ല.
വന്യജീവി സങ്കേതങ്ങളുടെ നടത്തിപ്പിന് ഉപദേശക സമിതികള്‍ രൂപീകരിച്ചില്ലെന്നും ഇതുമൂലം സര്‍ക്കാരിനു സമയോചിതമായ ഉപദേശങ്ങള്‍ ലഭിച്ചില്ലെന്നും സിഎജി റിപോര്‍ട്ടില്‍ പറയുന്നു. നാട്ടാന പരിപാലന ചട്ടം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss