|    Nov 22 Wed, 2017 4:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഫണ്ട് വകമാറ്റലിനെതിരേ പ്രതിഷേധം; പിഎഫ് ട്രസ്റ്റിമാരുടെ യോഗം തടസ്സപ്പെട്ടു

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തില്‍ അവകാശികളില്ലാത്ത പണം മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമപദ്ധതിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ തൊഴിലാളി സംഘടനകള്‍ പ്രതിഷേധിച്ചു.
കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിസിന്റെ(സിബിടി)യോഗം തൊഴിലാളി സംഘടനാനേതാക്കള്‍ തടസ്സപ്പെടുത്തി.
അവര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. പ്രശ്‌നം പ്രധാനമന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന ഉറപ്പിലാണ് നേതാക്കള്‍ യോഗത്തില്‍ തുടര്‍ന്ന് പങ്കെടുത്തത്.
തുടര്‍ച്ചയായി ഏഴുവര്‍ഷം ഇടപാടുകള്‍ നടക്കാതെയും അവകാശമുന്നയിക്കാതെയുമുള്ള പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിലെ പണം മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമപദ്ധതികളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനം നിയമവിരുദ്ധമാണെന്നും സുപ്രിംകോടതി റദ്ദാക്കുമെന്നും തൊഴില്‍ സംഘടനാ നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം തിരുത്തിയില്ലെങ്കില്‍ ട്രസ്റ്റിബോര്‍ഡ് സുപ്രിംകോടതിയില്‍ ഹരജി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഖിലേന്ത്യാ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് സെക്രട്ടറി ഡി എല്‍ സച്‌ദേവ്, ഭാരതീയ മസ്ദൂര്‍ സംഘ് അംഗം പി ജെ ബാണാസും എന്നിവരടക്കമുള്ളവരാണ് യോഗത്തില്‍ പ്രതിഷേധിച്ചത്.
ഈ സാമ്പത്തികവര്‍ഷത്തില്‍ പിഎഫില്‍ നിന്ന് ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കേണ്ട സംഖ്യ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വേണ്ടിയായിരുന്നു പ്രധാനമായും ട്രസ്റ്റിബോര്‍ഡ് യോഗം ചേര്‍ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക