|    Oct 24 Tue, 2017 4:19 am
FLASH NEWS

ഫണ്ട് ലഭിക്കാതെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍

Published : 30th August 2016 | Posted By: SMR

മാനന്തവാടി: ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേനയുള്ള ഭവന പദ്ധതി പ്രകാരം വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ആദിവാസികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിഹിതം ലഭിക്കാതെ ദുരിതത്തില്‍.
ഇന്ദിരാ ആവാസ് യോജന പ്രകാരം വീട് നിര്‍മിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 50,000 രൂപയും പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുമായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ അധികമായി നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍, ഇതു പ്രകാരം വീടു നിര്‍മാണം കരാര്‍ നല്‍കി പൂര്‍ത്തിയായിട്ടും ഫണ്ട് അനുവദിക്കാത്തതാണ് ആദിവാസികളെയും വീട് കരാറെടുത്ത ട്രൈബല്‍ സൊസൈറ്റികളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ട്രൈബല്‍ വകുപ്പ് ആദിവാസികള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ക്കുള്ള ഫണ്ട് 3,50,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു.
ഈ സാഹചര്യത്തിലായിരുന്നു ആദിവാസികള്‍ക്കായി ഇന്ദിരാ ആവാസ് യോജനാ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ക്കും കേരള സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചത്.
ഐഎവൈ പദ്ധതി പ്രകാരം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 2,50,000 രൂപയും പട്ടികജാതിക്കാര്‍ക്ക് 2,00,000 രൂപയുമാണ് നല്‍കിവന്നത്. ഇതാണ് 3,00,000 രൂപയാക്കുന്നതിനായി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 50,000വും പട്ടികജാതി വിഭാഗങ്ങള്‍ക്ക് 1,00,000 ലക്ഷം രൂപയും അതാതു വകുപ്പുകള്‍ നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. അതു പ്രകാരമാണ് 2015-16 വര്‍ഷത്തെ വീട് നിര്‍മാണത്തിനായി പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച് സൊസൈറ്റികള്‍ ഉള്‍പ്പെടെ കരാര്‍ ഏറ്റെടുത്തത്.
എന്നാല്‍, വീടുപണി പൂര്‍ത്തിയായവര്‍ക്ക് ആര്‍ക്കും തന്നെ ഈ തുക ഇതുവരെ അനുവദിച്ചിട്ടില്ല. ജില്ലയില്‍ ആകെ ഐഎവൈ പദ്ധതി പ്രകാരം അനുവദിച്ച 2,403 വീടുകളില്‍ 1,479 പട്ടികവര്‍ഗവിഭാഗക്കാരും 140 പട്ടികജാതിവിഭാഗത്തില്‍പെട്ടവരുമാണ് ഉള്ളത്. 8,79,50,000 രൂപയാണ് ജില്ലയ് ഈ വിഹിതത്തില്‍ ലഭിക്കേണ്ടത്.
കല്‍പ്പറ്റ ബ്ലോക്കില്‍ 368 എസ്ടി, 32 എസ്‌സി, മാനന്തവാടി 390 എസ്ടി, 19 എസ്‌സി, പനമരം 346 എസ്ടി, 45 എസ്‌സി, സുല്‍ത്താന്‍ ബത്തേരി 375 എസ്ടി, 52 എസ്‌സി എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ കണക്ക്. ഇവര്‍ക്ക് വീടുനിര്‍മാണം പൂര്‍ത്തീകരിച്ച ശേഷമാണ് അവസാന ഗഡുവായി ഈ വിഹിതം നല്‍കേണ്ടത്.
ഇതു പ്രകാരം കരാര്‍ ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കിയ ട്രൈബല്‍ സൊസൈറ്റിയുള്‍പ്പെടെയുള്ള കരാറുകാരും കടംവാങ്ങി വീടുപണി പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക