|    Nov 22 Thu, 2018 1:24 am
FLASH NEWS

ഫഌറ്റ് നിര്‍മാതാക്കള്‍ക്ക് ഒത്താശ ചെയ്യാത്ത മുനിസിപ്പല്‍ എന്‍ജിനീയറെ സ്ഥലംമാറ്റിയ സംഭവം വിവാദമായി

Published : 10th November 2017 | Posted By: fsq

 

കാക്കനാട്: ഫഌറ്റ് നിര്‍മാതാക്കള്‍ക്ക് ഒത്താശ ചെയ്യാത്ത മുനിസിപ്പല്‍ എന്‍ജിനീയറെ സ്ഥലം മാറ്റിയ സംഭവം വിവാദമായി. പുതുതായി ചുമതല ഏല്‍ക്കാനെത്തിയ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ഔദ്യോഗിക ഓഫിസ് മുറിയില്‍  കയറാനായില്ല. സ്ഥലം മാറി പോവേണ്ട എന്‍ജിനീയര്‍ ഓഫിസ് മുറി പൂട്ടി സ്ഥലം വിട്ടത് മൂലം എന്‍ജിനീയര്‍ക്ക് ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. കൊല്ലം ജില്ലയിലെ പഞ്ചായത്തില്‍ നിന്ന് ഉദ്യോഗ കയറ്റം കിട്ടിയെത്തിയ ഉദ്യോഗസ്ഥന്‍ നഗരസഭയില്‍ പൂട്ടിയ ഓഫിസ് മുറിയുടെ മുമ്പില്‍ വൈകീട്ട് വരെ  ഇരുന്ന് തിരിച്ചുപോയി. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി ജോലി ചെയ്തിരുന്ന എസ് രാജേന്ദ്രനെ മാള ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയ ഒഴിവിലേക്കാണ് കൊല്ലം സ്വദേശി എം ആര്‍ റാണ ഇവിടേക്ക് സ്ഥലം മാറ്റിയത്.ഒന്നര വര്‍ഷം മുമ്പാണ് തൃക്കാക്കര നഗരസഭയില്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തിക സൃഷ്ടിച്ചത്. അന്നുമുതല്‍ എസ് രാജേന്ദ്രനാണ് മുനിസിപ്പല്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍. കഴിഞ്ഞ യുഡിഎഫ് ഭരണ സമതിയുടെ കാലത്ത് മൂന്ന് വര്‍ഷം രാജേന്ദ്രനായിരുന്നു അസി.എന്‍ജിനീയര്‍. ഇടക്കാലത്ത് സ്ഥലം മാറി പോയ രാജേന്ദ്രന്‍ ഒന്നര വര്‍ഷം മുമ്പ് തിരിച്ചെത്തിയത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറയിട്ടാണ്. സാധാണ എന്‍ജിനീയറിങ് തസ്തികയില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് ഏപ്രില്‍ മെയ് മാസങ്ങളിലാണ്. എന്നാല്‍ രാജേന്ദ്രന്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ആറ് ഉദ്യോഗസ്ഥരെയാണ് അപ്രതീക്ഷിതമായി സ്ഥലം മാറ്റിയത്. എന്നാല്‍ സ്ഥലം മാറ്റ ഉത്തരവുമായി മറ്റൊരാള്‍ എത്തുന്ന വിവരം അറിഞ്ഞില്ലെന്നും ഒരു ദിവസത്തെ ആകസ്മിക അവധിയെടുത്തതാണ് കാബിന്‍ അടഞ്ഞുകിടക്കാന്‍ കാരണമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി. എന്നാല്‍ രാജേന്ദ്രന്റെ കസേര തെറിപ്പിച്ചത് ഉന്നതനായ സിപിഎം ജില്ല നേതാവാണെന്ന് ആരോപണം. നേതാവിന് താല്‍പര്യമുള്ള ഫഌറ്റിന്റെ കാര്യത്തില്‍ അനുകൂല നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപമെന്ന് കൗണ്‍സിലര്‍മാരില്‍ ചിലര്‍ പറഞ്ഞു. അതേസമയം നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തില്‍ രണ്ട് ഓവര്‍സീയര്‍മാര്‍ കൂടി സ്ഥലം മാറി പോവുന്നതോടെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. ആറ് ഓവര്‍സീയര്‍ വേണ്ടിടത്ത് വെറും രണ്ടുപേരാണ് ജോലി നോക്കുന്നത്. ഇരുവരെയും സ്ഥലം മാറ്റാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഓവര്‍ സീയര്‍മാരില്‍ ഒരാളുടെ വീട്ടില്‍ ഒരു മാസം മുമ്പ് വിജിലന്‍സ് പരിശോധന നടത്തിയത് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരേ അടിക്കടി അഴിമതി ആരോപണങ്ങള്‍ ഉയരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. അതേസമയം നഗരസഭ സെക്രട്ടറിയുമായി പിണങ്ങിയ സൂപ്രണ്ട് പി ശ്രീകുമാര്‍ ഒരു മാസത്തിലേറെയായി ലീവിലാണ്. സ്വകാര്യ വ്യക്തിയുടെ കാര്‍ കള്ള ടാക്‌സിയാക്കി നഗരസഭയ്ക്ക് വേണ്ടി സര്‍വീസ് നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഓഫിസ് മുറിയില്‍ തടഞ്ഞുവച്ചത് സൂപ്രണ്ടിനെയായിരുന്നു. നഗരസഭയില്‍ ഉദ്യോഗസ്ഥരുടെ കുറവും അടിക്കടി ഉണ്ടാവുന്ന സ്ഥലം മാറ്റങ്ങളും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും തമ്മിലുണ്ടാവുന്ന തര്‍ക്കങ്ങളും മൂലം ഈ സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss