|    Aug 17 Thu, 2017 1:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണം: സര്‍ക്കാരിന് ബാധ്യതയുണ്ട് -ഹൈക്കോടതി

Published : 27th October 2016 | Posted By: SMR

കൊച്ചി: പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നും ചികില്‍സാച്ചെലവു വഹിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ പാവപ്പെട്ട രോഗികളെ മരണത്തിനു വിട്ടുകൊടുക്കാനാവില്ലെന്നും ഹൈക്കോടതി. പോംപേ എന്ന അപൂര്‍വ രോഗം ബാധിച്ച മകന്റെ ചികില്‍സയ്ക്ക് സഹായം തേടി പിതാവ് പാലക്കാട് മേഴത്തൂര്‍ സ്വദേശി എം മനോജ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണം.
ചികില്‍സയ്ക്കായി പ്രതിവര്‍ഷം 45 ലക്ഷത്തിലേറെ രൂപയാണ് രോഗിക്ക് ചെലവ് വരുന്നതെന്ന് ഹരജിക്കാരന്‍ ചുണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചിരുന്നു. ഇതിനു പുറമെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിക്ക് വിദേശ മരുന്ന് കമ്പനിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗജന്യ നിരക്കില്‍ മരുന്ന് നല്‍കുന്നത്. വിദേശ കമ്പനി സൗജന്യം അവസാനിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കാരിന്റെ സഹായം തേടുന്നതെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ പ്രതിവര്‍ഷം ജനിക്കുന്ന 5.5 ലക്ഷം കുട്ടികളില്‍ പതിനഞ്ചു പേര്‍ പോംപേ രോഗ ബാധിതരാണെന്നും ഇവര്‍ക്കുള്ള ചികില്‍സാച്ചെലവിന്റെ പേരില്‍ സര്‍ക്കാരിന് കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൗരന്‍മാരുടെ ജീവന്‍ സംരക്ഷിക്കുകയെന്നത്  സര്‍ക്കാരിന്റെ ഭരണഘടനാപരമായ കര്‍ത്തവ്യമാണെന്ന് ചുണ്ടിക്കാട്ടിയ കോടതി ഈ വാദം തള്ളി. വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയുമൊക്കെ സഹായങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും ഇതിനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നും കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക