|    Oct 22 Mon, 2018 6:56 am
FLASH NEWS
Home   >  Editpage  >  Article  >  

പൗരനെ റാഞ്ചുന്ന ഭരണകൂടം

Published : 29th January 2017 | Posted By: fsq

അവകാശങ്ങള്‍ നിഷേധങ്ങള്‍

ബാബുരാജ് ബി എസ്

പാതിരയുടെ നിശ്ശബ്ദതയില്‍ പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു. ഒരു ഞെട്ടലാണ് ആദ്യം തോന്നിയത്. ഷാനവാസിന്റെ ഫോണാണ്. ആ സമയത്ത് ആരും വിളിക്കാറില്ല, പ്രത്യേകിച്ച് ഷാനവാസ്. ആ കോള്‍ ദുരന്തത്തിന്റെ സൂചനയാണെന്നു മനസ്സ് പറഞ്ഞു. ഭയത്തോടെ ഫോണെടുത്തു. പരിഭ്രാന്തിയോടെ അവന്‍ അറിയിച്ചു, ”കെഎന്‍ മിസ്സിങാണ്.” ഏതോ സമരത്തിന്റെ ഭാഗമായി കൊല്‍ക്കത്തയിലേക്കു പോയതായിരുന്നു സഖാവ് കെ എന്‍ രാമചന്ദ്രന്‍. റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയിരുന്നു. പിന്നെ ഫോണ്‍ ശബ്ദിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോയത് കുടിയിറക്കലുകാരുടെ ഗുണ്ടകളോ പോലിസോ എന്നതില്‍ മാത്രമേ ഷാനവാസിനു സംശയമുണ്ടായിരുന്നുള്ളൂ. എണ്‍പതുകളുടെ അവസാനം നക്‌സലൈറ്റുകളുമായി കൂട്ടുകൂടിയ അന്നു മുതല്‍ കേള്‍ക്കുന്ന പേരാണ് കെഎന്നിന്റേത്.  ആനന്ദിന്റെ ആള്‍ക്കൂട്ടത്തിലെ ജോസഫിന്റെ മാതൃക കെഎന്‍ ആണെന്ന് ആരോ പറഞ്ഞപ്പോള്‍ അദ്ഭുതപ്പെട്ടു. കാണണമെന്നും തോന്നി. പക്ഷേ, അന്നെന്നല്ല ഒരിക്കലും അതു നടന്നില്ല. നേരില്‍ കണ്ടില്ലെങ്കിലും പിന്നീട് നോവലിലൂടെ കടന്നുപോവുമ്പോഴൊക്കെ ജോസഫിന്റെ രൂപത്തില്‍ കെഎന്‍ മുന്നില്‍ വന്നുനിന്നു. ഈ ലോകം മുഴുവന്‍ അധികാരത്തിന്റെ കരാളതയില്‍ ഞെരിഞ്ഞമരുകയാണെന്നും അതിനെതിരേ എന്തെങ്കിലും ചെയ്യണമെന്നും തീവ്രമായി ആഗ്രഹിച്ച ജോസഫ്. വ്യവസ്ഥിതിയെ മാറ്റിത്തീര്‍ക്കുക തന്റെ കടമയാണെന്നു തന്നെ ജോസഫ് വിശ്വസിച്ചു. ബോംബെയിലെ ആള്‍ക്കൂട്ടത്തില്‍ ഒരു ബിന്ദുപോലെ അലിഞ്ഞുപോവുമ്പോഴും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നു കരുതിയിരുന്നു. പക്ഷേ, നിഗൂഢ പ്രണയത്തിന്റെ സ്വാസ്ഥ്യം നിറച്ച രാധയെയും വിട്ട് അയാള്‍ക്ക് ഓടിപ്പോവേണ്ടിവന്നു.  പക്ഷേ, കഥപോലെയായിരുന്നില്ല കാര്യം. ജോസഫ് ആള്‍ക്കൂട്ടത്തിലേക്ക് ഒളിച്ചോടിയെങ്കിലും കെഎന്‍ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ചു. വിദ്യാര്‍ഥികള്‍ മുഴുവന്‍സമയ രാഷ്ട്രീയക്കാരാവുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞെന്നു കേട്ടപ്പോള്‍ മനസ്സില്‍ ഒരു ധൈര്യമൊക്കെ തോന്നി. ശൂന്യതയില്‍ ‘പാഴായി’പ്പോയ 20 കൊല്ലത്തോളം എന്നെ നിലനിര്‍ത്തിയത് അദൃശ്യനായി നിന്ന് ആ സഖാവ് നല്‍കിയ ധൈര്യമായിരിക്കുമെന്ന് ഇന്നും ഞാന്‍ കരുതുന്നു. ഒരുപക്ഷേ, ഈ കാലമത്രയും അദ്ദേഹം നടത്തിയ യാത്രകള്‍ സഫലമായിരിക്കണമെന്നില്ല. എങ്കിലും ക്ഷണികമായ ചില വെള്ളിമീന്‍ ചാട്ടങ്ങള്‍ അത് അവശേഷിപ്പിച്ചിരിക്കുമെന്നുതന്നെയാണ് എന്റെ തോന്നല്‍. ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകളും അതാണല്ലോ സൂചിപ്പിക്കുന്നത്. പശ്ചിമബംഗാളിലെ 24 പര്‍ഗാനയിലെ ഭംഗൂറില്‍ കൃഷിഭൂമിയില്‍ വമ്പന്‍ പവര്‍ഗ്രിഡ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയാണ് കെ എന്‍ രാമചന്ദ്രനും സഖാക്കളും നേതൃത്വം നല്‍കുന്ന മുന്നണിയുടെ പിന്‍ബലത്തില്‍ കര്‍ഷകര്‍ സമരം തുടങ്ങിയത്. സമരം രൂക്ഷമായതോടെ പോലിസ് നിയമം കൈയിലെടുക്കുകയും അക്രമമഴിച്ചുവിടുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് രണ്ടുപേരെ പോലിസ് വെടിവച്ചുകൊന്നിരുന്നു. അവരുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടയിലാണ് ഞായറാഴ്ച വൈകീട്ട് കെഎന്നിനെ കാണാതായത്. സുഹൃത്തുക്കളും സഖാക്കളും പോലിസുമായി ബന്ധപ്പെട്ടെങ്കിലും കസ്റ്റഡിയിലെടുത്ത വിവരം അവര്‍ നിഷേധിച്ചു. ഒടുവില്‍ ചൊവ്വാഴ്ച രാവിലെയാണ് കേന്ദ്ര രഹസ്യാന്വേഷണവിഭാഗമാണ് തട്ടിക്കൊണ്ടുപോയതെന്ന വിവരം പുറത്തുവന്നത്. സമരഭൂമിയില്‍ കെഎന്‍ എത്തുന്നതിനെ പ്രതിരോധിക്കുകയായിരുന്നുവത്രെ ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഹൗറയില്‍ നിന്നു പിടികൂടിയ അദ്ദേഹത്തെ ബംഗാള്‍ അതിര്‍ത്തിയിലേക്ക് ഒരു ദീര്‍ഘദൂര തീവണ്ടിയില്‍ അവര്‍ കയറ്റിവിട്ടു. മോചിതനായ ശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. കെ എന്‍ രാമചന്ദ്രന്റെ അനുഭവങ്ങള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒരു പൗരനെ, അതും ആക്റ്റിവിസ്റ്റായ മുതിര്‍ന്ന പൗരനെ നിയമത്തിന്റെ പിന്‍ബലമില്ലാതെ തട്ടിക്കൊണ്ടുപോവുകയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സംസ്ഥാന പോലിസ് നല്‍കുന്ന സൂചനയനുസരിച്ച് അദ്ദേഹത്തിന് എന്തു സംഭവിച്ചെന്ന കാര്യം അവര്‍ക്കും അറിയില്ല. പോലിസ് പറയുന്നത് അംഗീകരിച്ചാലും ഇല്ലെങ്കിലും സ്ഥിതി വളരെ മോശമാണെന്നുതന്നെയാണ് അര്‍ഥം. വ്യവസ്ഥാപിത നിയമവ്യവസ്ഥയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രമാണ് ഏതൊരു അധികാരിക്കും സര്‍ക്കാര്‍ ഏജന്‍സിക്കും പൗരന്റെ മുകളില്‍ അധികാരം ലഭിക്കുന്നത്. നിലനില്‍ക്കുന്ന നിയമം ലംഘിക്കുന്നതോടെ ആദ്യം നഷ്ടപ്പെടുന്നതും ആ അധികാരം തന്നെ. പക്ഷേ, താത്വികമായ ഈ വിചാരമൊന്നും വകവച്ചുകൊടുക്കാന്‍ ഭരണകൂടം തയ്യാറല്ല. ക്രമസമാധാനപാലനം ഒരു സംസ്ഥാന വിഷയമാണെന്ന കാര്യം പോലും അവര്‍ അറിഞ്ഞമട്ടില്ല. കെഎന്നിനെ കേന്ദ്ര ഏജന്‍സി തട്ടിക്കൊണ്ടുപോയ കാര്യം അറിഞ്ഞിട്ടും പോലിസ് പറയാതിരുന്നതാണെങ്കില്‍ അത് നിയമവിരുദ്ധമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അറിയാഞ്ഞിട്ടാണെങ്കില്‍ പ്രശ്‌നം കുറച്ചുകൂടി സങ്കീര്‍ണമാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരത്തിലേക്കാണ് കേന്ദ്രം നുഴഞ്ഞുകയറിയിരിക്കുന്നത്. അതും എല്ലാ വ്യവസ്ഥാപിതത്വവും മറികടന്നുകൊണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss