|    Aug 22 Wed, 2018 11:20 am
FLASH NEWS
Home   >  Dont Miss   >  

പൗരത്വ നിഷേധം: വംശഹത്യയുടെ നിഴലില്‍ മുസ്‌ലിംകള്‍

Published : 3rd August 2018 | Posted By: afsal aph

ന്യൂഡല്‍ഹി: പൗരത്വ നിഷേധം അസമിലെ ദരിദ്രരായ മുസ്്‌ലിം ന്യൂനപക്ഷത്തെ ഭീതിയാലാഴ്ത്തിയിരിക്കുകയാണ്. മ്യാന്‍മാറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കുണ്ടായതിന് സമാനമായ വംശഹത്യയിലേക്ക പൗരത്വ രജിസ്‌ട്രേഷന്‍ നടപടികള്‍ നയിക്കുമെന്നാണ് വിലയിരുത്തല്‍. കൃത്യമായും മുസ്്‌ലിംകളെ മാത്രം ലക്ഷ്യ വച്ചുള്ളതാണ് 40 ലക്ഷം ജനങ്ങള്‍ക്ക് പൗരത്വം നിഷേധിച്ചു കൊണ്ടുള്ള നടപടിയെന്ന് വ്യക്തമാക്കുന്നതാണ് സംഘ്പരിവാറിന്റെ സമീപകാല നിലപാടുകള്‍. സംഘ്പരിവാര്‍ നേതാക്കള്‍ നിരന്തരമായി ഒരു വിഭാഗത്തിനെതിരേ വംശീയമായി വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് ഇതിന്റെ ഭാഗമാണ്. ബംഗാളില്‍ ഒരു കോടിയിലേറെ പേര്‍ കുടിയേറ്റക്കാരുണ്ട് ഇവരെ പുറത്താക്കണമെന്നും ബംഗാളില്‍ അധാകരത്തിലേറിയാല്‍ ബംഗ്ലാദേശികളെ പുറത്താക്കുമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയവാര്‍ഗിയ പ്രസ്താവിച്ചു. ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയ റോഹിന്‍ഗ്യകളേയും ബംഗ്ലാദേശികളെയും വെടിവച്ച് കൊല്ലണമെന്ന് തെലങ്കാന ബിജെപി എംഎല്‍എ രാജാസിങ്. രാജ്യത്ത് മുഴുവന്‍ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കണമെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജ് പുരോഹിത്. കേരളത്തിലും അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളുണ്ടെന്നും പെരുമ്പാവൂരില്‍ മാത്രം ഇവര്‍ 1 ലക്ഷത്തിലധികം ഉണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലത്തിലാണ് ഇവരില്‍ കൂടുതല്‍ പേരുടേയും ജീവിതമെന്നും സംഘ്പരിവാര്‍ പത്രമായ ജന്‍മഭൂമി റിപ്പോര്‍ട്ട് ചെയ്തു. കേരളം, കര്‍ണാടക തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ ക്രമസമാധാനം പ്രശ്‌നം വര്‍ധിക്കുന്നതിന് കാരണം ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റമാണെന്ന് മുന്‍പ് ഐബി റിപോര്‍ട്ട് ചെയ്തതായും ജന്‍മഭൂമി. അടുത്തിടേയായി വാട്‌സ് ആപ്പിലും മറ്റുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേ വ്യാപകമായ പ്രചരണവും നടന്നിരുന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്നത് ഉള്‍പ്പടെ ജനങ്ങളെ ഭീതിയാക്കുന്ന നുണക്കഥകളാണ് പലപ്പോഴും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അതേസമയത്ത് തന്നെ ഭിക്ഷാടനം നടത്തുന്നവര്‍ക്കതിരേയും വ്യാപകമായ പ്രചരണമുണ്ടായിരുന്നു. വാട്‌സ്ആപ്പില്‍ പ്രചരിച്ച തട്ടികൊണ്ടുപോകല്‍ വാര്‍ത്ത പലപ്പോഴും വ്യാജമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. ജനങ്ങളെ ഹിസ്റ്റീരിക് ആക്കി മറ്റുള്ളവരോട് വെറുപ്പുല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയാണ് ഇതിലൂടെ നടന്നത്. മോദി അധികാരത്തിലേറിയതിന് സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് രാജ്യത്തുടനീളം ഇത്തരം പ്രചരണങ്ങള്‍ ശക്തമായിരിക്കുകയാണ്.


അസമില്‍ 40 ലക്ഷത്തോളം പേരെ പൗരത്വ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ശരിയായ നടപടിയോ?. എന്ന ഏഷ്യാനെറ്റിന്റെ ഓണ്‍ലൈന്‍ പോളിങ്ങില്‍ ഭൂരിഭാഗം മലയാളികളും അതേ എന്നാണ് വോട്ട് ചെയ്തത്. പുരോഗമനമെന്ന് നാം ഊറ്റം കൊള്ളുന്ന സമൂഹത്തിന്റെ വംശീയ ബോധത്തിലേക്കാണ് ഈ വോട്ടിങ് നില വിരല്‍ ചൂണ്ടുന്നത്.
മുസ്്‌ലിംകളെ ലക്ഷ്യവച്ചുള്ളതാണ് പൗരത്വ രജിസ്‌ട്രേഷന്‍ എന്ന് വ്യക്തമാക്കുന്നതാണ് ബിജെപിയുടെ നയ നിലപാടുകള്‍. ബംഗ്ലാദേശില്‍നിന്നുള്ള ഹിന്ദുകുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎയുടെ വാഗ്ദാനമായിരുന്നു. അതില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇപ്പോഴും അമുസ്‌ലിംകള്‍ അതിര്‍ത്തി കടക്കുന്നുണ്ട്. 40 ലക്ഷത്തില്‍ 10 ശതമാനമെങ്കിലും അവരാണ്. 2016ലെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി ബംഗ്ലാദേശികള്‍ രാജ്യംവിടേണ്ടിവരുമെന്ന് മുസ്‌ലിം ‘കുടിയേറ്റ’ക്കാരെ ഉന്നമിട്ട് പ്രസ്താവിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലും പൗരത്വ റജിസ്റ്റര്‍ വേണമെന്ന് ആവശ്യം സംഘപരിവാരം മുന്നോട്ട് വച്ചിട്ടുണ്ട്, ബംഗാള്‍ മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പൗരത്വ റജിസ്‌ട്രേഷന്‍ വേണമെന്നാണ് ആവശ്യം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുള്ള നടപടി കൂടിയാണ് പൗരത്വ നിഷേധം. ആഭ്യന്തര സംഘര്‍ഷവും അതിലൂടെ ശക്തമാകുന്ന വര്‍ഗീയ ദ്രുവീകരണവും തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കും. അസമിലെ പൗരത്വ നിഷേധം രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി പ്രസ്താവിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss