|    Jan 17 Tue, 2017 6:36 pm
FLASH NEWS

പൗരത്വത്തിലെ വിവേചനം രാജ്യത്തിനു നാണക്കേട്

Published : 24th August 2016 | Posted By: SMR

ഇന്ത്യയിലേക്ക് അയല്‍രാജ്യങ്ങളില്‍ നിന്നു കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടുവന്ന വിവേചനം കൂടുതല്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു വന്ന് ഇവിടെ ഉപജീവനവും സ്ഥിരതാമസവുമാക്കാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുന്നതില്‍ ഇരട്ടത്താപ്പാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകളല്ലാത്ത ഇതര ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തയ്യാറായി. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭേദഗതി ബില്ല് കൊണ്ടുവരുകയും ചെയ്തു. എന്നാല്‍, പ്രതിപക്ഷ സമ്മര്‍ദത്തെ തുടര്‍ന്ന് ബില്ല് സെലക്ട് കമ്മിറ്റിക്കു വിട്ടിരിക്കുകയാണ്. ഈ കാലതാമസം ഒഴിവാക്കാനും കുടിയേറുന്നവര്‍ക്ക് എത്രയും എളുപ്പത്തില്‍ നിര്‍ദിഷ്ട ഇളവുകള്‍ ലഭ്യമാവുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇനി പൗരത്വരേഖകള്‍ക്ക് പാര്‍ലമെന്റിന്റെ അനുമതി കാത്തിരിക്കേണ്ടതില്ല. തികച്ചും സ്വാഗതാര്‍ഹമായ ഒരു നടപടിക്രമമാണിതെന്നു കരുതാം. പക്ഷേ, തീരുമാനത്തിലെ അപകടവും ഇരട്ടത്താപ്പും പ്രകടമാവുന്നത് ഈ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രം നല്‍കില്ല എന്നിടത്താണ്.
വിഭജനവേളയിലും തുടര്‍ന്നുള്ള കാലങ്ങളിലുമായി പാകിസ്താനില്‍ ജോലി തേടിപ്പോയി അവിടെ അകപ്പെട്ടുപോയ ഇന്ത്യക്കാര്‍ക്ക് തിരിച്ചു സ്വദേശേത്തക്കു മടങ്ങി ഇവിടെയുള്ള ബന്ധുക്കളോടൊപ്പം ശിഷ്ടജീവിതം നയിക്കാനുള്ള ആഗ്രഹസാഫല്യം മുസ്‌ലിംകള്‍ക്കു മാത്രം നിഷേധിക്കുന്നതിലെ യുക്തിയും ന്യായവും എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ആയുഷ്‌കാലം മുഴുവന്‍ സ്വന്തം രാജ്യത്തുനിന്ന് അകറ്റിനിര്‍ത്തപ്പെടാന്‍ എന്തു തെറ്റാണ് ഈ ഹതഭാഗ്യര്‍ ചെയ്തിട്ടുള്ളത്? പൗരത്വരേഖകള്‍ ഒരു തടസ്സമല്ലാതിരുന്ന കാലത്ത് പാകിസ്താനില്‍ ഉപജീവനം തേടിയിരുന്ന മലബാറിലെ മുസ്‌ലിംകള്‍ നാട്ടില്‍ കുടുംബസമേതം കഴിയാന്‍ ആഗ്രഹിക്കുന്നതു കുറ്റകൃത്യമാണോ? പാക് പൗരന്‍ എന്ന മുദ്ര പേറി അന്യവല്‍ക്കരണത്തിന്റെയും പിറന്നു വളര്‍ന്ന മണ്ണില്‍ അഭയാര്‍ഥികളാക്കപ്പെടുന്നതിന്റെയും ഹൃദയനൊമ്പരം പേറി കഴിയുകയാണവര്‍. വിഭജനത്തെ തുടര്‍ന്ന് പാകിസ്താനില്‍ അകപ്പെട്ടുപോയവര്‍ക്ക് തിരിച്ച് ഇന്ത്യയിലേക്കു വരാന്‍ ഏതെങ്കിലുമൊരു പാസ്‌പോര്‍ട്ട് യാത്രാരേഖയായി വേണമെന്ന നിര്‍ബന്ധിത സാഹചര്യത്തില്‍ പാകിസ്താന്‍ പാസ്‌പോര്‍ട്ട് എടുത്ത ആളുകളാണിവര്‍. ഇതിന്റെ പേരിലാണ് ഇവര്‍ പാക് പൗരന്മാരായി മാറിയത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്നത് ജനാധിപത്യ ഇന്ത്യയിലാണെന്നത് അചിന്ത്യമായ ഒരവസ്ഥയാണ്. വര്‍ഗീയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിത നിലപാടുകളായി സ്വീകരിച്ച ഒരു പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നതെങ്കിലും, ഭരണഘടനയും മനുഷ്യാവകാശങ്ങളും മതേതര-ജനാധിപത്യ മൂല്യങ്ങളും നിര്‍ലജ്ജം പരസ്യമായി വെല്ലുവിളിക്കപ്പെടുന്നതിനെതിരേ രാജ്യത്ത് കാര്യമായ എതിര്‍പ്പുകളൊന്നും ഉയര്‍ന്നുവരുന്നില്ലെന്നതും നമ്മെ ഞെട്ടിക്കേണ്ടതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 113 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക