|    Nov 22 Thu, 2018 1:48 am
FLASH NEWS
Home   >  Editpage  >  Editorial  >  

പൗരത്വം നിലനിര്‍ത്താന്‍ ജനകീയ സമരം വേണം

Published : 6th August 2018 | Posted By: kasim kzm

അസമിലെ പൗരത്വ പട്ടികയില്‍ നിന്നു 40 ലക്ഷം പേരെ പുറന്തള്ളിയ കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടി രാജ്യവ്യാപകമായിത്തന്നെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് ആരോപിച്ചാണ് വര്‍ഷങ്ങളായി തങ്ങള്‍ ജീവിക്കുന്ന മണ്ണില്‍ നിന്ന് ഒരു ജനതയുടെ വേരുകള്‍ പിഴുതെറിഞ്ഞ് അവരെ അനാഥത്വത്തിലേക്കും അഭയാര്‍ഥിത്വത്തിലേക്കും തള്ളിവിടാന്‍ രാഷ്ട്രീയലക്ഷ്യങ്ങളോടെ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്.
എന്നാല്‍, ഇങ്ങനെ പൗരത്വ പട്ടികയില്‍ നിന്ന് ഒറ്റയടിക്കു കൂട്ടമായി ഒരുവിഭാഗത്തെ വെട്ടിമാറ്റുകയെന്നതു മാത്രമല്ല രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വോട്ടര്‍പ്പട്ടികയില്‍ നിന്ന് ചില സമുദായങ്ങളെ ഒഴിവാക്കുന്ന രീതി പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നുവെന്നതും ആശങ്കയ്ക്കു വഴിവയ്ക്കുന്നു. ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തില്‍ നാലു മുസ്‌ലിംകള്‍ ഉണ്ടെങ്കില്‍ അതിലൊരാള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് അപ്രത്യക്ഷമാവുകയോ ബോധപൂര്‍വം ഒഴിവാക്കപ്പെടുകയോ ചെയ്തിരിക്കും. മുസ്‌ലിം പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് വെട്ടിമാറ്റുന്നതായ വാര്‍ത്തകള്‍ വന്നിരുന്നത് ആദ്യം ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായിരുന്നെങ്കില്‍ ഇപ്പോഴത് തമിഴ്‌നാട്ടിലും തെലങ്കാനയിലും ആന്ധ്രപ്രദേശിലും പതിവായിരിക്കുന്നു. കര്‍ണാടകയില്‍ 6.6 ദശലക്ഷം പേരുകളാണ് വോട്ടര്‍പ്പട്ടികയ്ക്കു പുറത്തായതായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 1.2 ദശലക്ഷം പേരെ പിന്നീട് ഉള്‍പ്പെടുത്തി. എല്ലാ സമുദായങ്ങളിലുംപെട്ടവരുടെ പേരുകള്‍ ഒഴിവായിപ്പോവുന്നുണ്ട്. എന്നാല്‍, മുസ്‌ലിംകളുടെ പേരുകള്‍ വര്‍ധിച്ചതോതില്‍ അപ്രത്യക്ഷമാവുന്നു എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. 15 മുതല്‍ 25 ശതമാനത്തോളം വരുമിത്.
വാഷിങ്ടണ്‍ ആസ്ഥാനമായ യുഎസ് ഇന്ത്യ പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിലെ അബൂസാലേ ശരീഫ് (ഇദ്ദേഹം സച്ചാര്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു) നിരീക്ഷിക്കുന്നത്, വോട്ടര്‍പ്പട്ടികയില്‍ നിന്നു പേരുകള്‍ ഒഴിവായിപ്പോവുക സാധാരണമാണെങ്കിലും വന്‍തോതില്‍ അങ്ങനെ ഉണ്ടാവുന്നത്, പ്രത്യേകിച്ച് മുസ്‌ലിംകളുടെ കാര്യത്തില്‍, നമ്മുടെ ജനാധിപത്യത്തെ പരിഹാസ്യമാക്കുന്ന ഒന്നാണെന്നാണ്. ഓരോ സംസ്ഥാനത്തും ഒരാള്‍ക്കെങ്കിലും വോട്ടവകാശം ഇല്ലാതാവുന്ന 50 ശതമാനം കുടുംബങ്ങളെങ്കിലുമുണ്ടെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജനാധിപത്യക്രമത്തില്‍ പ്രാതിനിധ്യാവകാശത്തെ ഹനിക്കുകയാണ് യഥാര്‍ഥത്തില്‍ ഇതിലൂടെ സംഭവിക്കുന്നത്.
ഒരു ജനാധിപത്യ രാജ്യത്തിന്റെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ നിന്നും രാഷ്ട്രനിര്‍മാണ ദൗത്യത്തില്‍ നിന്നും പൗരന്‍മാര്‍ പുറന്തള്ളപ്പെടുന്നത് ആശാസ്യമല്ല. ഭരണഘടനാപരമായ തങ്ങളുടെ അവകാശം നേടിയെടുക്കാനുള്ള നിരന്തര ശ്രമങ്ങളാണ് വോട്ടര്‍പ്പട്ടികയില്‍ നിന്നു പുറന്തള്ളപ്പെടുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. തങ്ങളുടെ പൗരാവകാശം ഉറപ്പുവരുത്താനുള്ള ബാധ്യതയും അവര്‍ക്കുണ്ട്. വോട്ടര്‍പ്പട്ടികയില്‍ പേരില്ലെന്നു കണ്ടാല്‍ അത് ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ യഥാസമയങ്ങളില്‍ ജാഗ്രതയോടെ കൈക്കൊള്ളുകയാണ് ഇതിനു ശരിയായ പോംവഴി. ആവലാതികള്‍ പറഞ്ഞുകൊണ്ടിരിക്കുകയല്ല, പരിഹാരസാധ്യതകള്‍ തേടുകയാണ് യഥാര്‍ഥ പൗരധര്‍മമെന്നു തിരിച്ചറിഞ്ഞ് ഭരണകൂടത്തിന്റെ നീതിനിഷേധങ്ങളെ തടഞ്ഞുനിര്‍ത്താന്‍ പൗരന്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss