|    Mar 29 Wed, 2017 8:56 am
FLASH NEWS

പ്ലീസ്, മൂന്നു മുന്നണികള്‍ തല്‍ക്കാലം വിശ്രമിക്കൂ…

Published : 17th May 2016 | Posted By: SMR

slug-vettum-thiruthumഒന്നാം നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖാവ് കല്യാണകൃഷ്ണന്‍ നായര്‍ വോട്ട് ചോദിച്ച് കാല്‍നടയായി വന്നത് ഓര്‍മയുണ്ട്. 1964ലെ ആര്‍ ശങ്കര്‍ മന്ത്രിസഭ വരെ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചാണ് എന്റെ വോട്ടോര്‍മകള്‍. അന്ന് ഇടത്-വലത് എന്നിങ്ങനെ പറഞ്ഞത് ഓര്‍മയിലില്ല. കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും മാത്രം.
1967 മുതല്‍ മലബാര്‍ രാഷ്ട്രീയമാണ് ഓര്‍മയില്‍. ആര്‍ക്കും വോട്ട് നല്‍കിയിട്ടില്ല. 77-79 കരുണാകരന്‍ മന്ത്രിസഭ മുതല്‍ പ്രഫഷന്‍ പത്രപ്രവര്‍ത്തനരംഗമായി. മുഖ്യമന്ത്രിമാരടക്കം പലരെയും ഇന്റര്‍വ്യൂ ചെയ്തു. മന്ത്രിസഭകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ കേന്ദ്രീകരിച്ച് നിരവധി എക്‌സ്‌ക്ലൂസീവുകള്‍, രാഷ്ട്രീയ റിപോര്‍ട്ടുകള്‍…
പിന്തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കക്ഷിയും ജനനന്മയ്ക്കുതകുമാറ് എന്തെങ്കിലും ‘നല്ലത്’ ചെയ്തതായി ഓര്‍മയിലില്ല. രാജവാഴ്ചക്കാലത്തും ബ്രിട്ടിഷ് ഭരണകാലത്തും നിര്‍മിച്ച റോഡിനും കലുങ്കിനും സ്‌കൂള്‍ കെട്ടിടത്തിനും ഒപ്പം നില്‍ക്കാന്‍ കൈക്കൂലിക്കാരുടെ കരാറുകാര്‍ക്കും തുരപ്പന്മാരായ എന്‍ജിനീയര്‍മാര്‍ക്കും സാധിച്ചിട്ടേയില്ല. സി അച്യുതമേനോന്‍, ഇ എം എസ് നമ്പൂതിരിപ്പാട്, ടി എ മജീദ്, പികെവി, സി എച്ച് മുഹമ്മദ് കോയ, ഇമ്പിച്ചിബാവ, പാലോളി മുഹമ്മദ്കുട്ടി, അവുക്കാദര്‍കുട്ടി നഹ മുതല്‍പേര്‍ കോഴ വാങ്ങിയില്ല, കട്ടുമുടിച്ചിട്ടുമില്ല എന്നു വിശ്വസിക്കുമ്പോഴും അവരുടെയൊക്കെ ഭരണകാലത്തെ രാജന്‍ സംഭവവും വിവിധ വെടിവയ്പുകളും വിലക്കയറ്റവും പൊളിഞ്ഞ പാലങ്ങളും മറ്റും നല്ല ചിത്രങ്ങളല്ല മനസ്സില്‍ അവശേഷിപ്പിക്കുന്നത്. സത്യന്‍ അന്തിക്കാട് എഴുതിയപോലെ ഒരു മുന്നണിക്കും വോട്ടര്‍മാരുടെ വിശ്വാസങ്ങളെ കാപ്പാത്താന്‍ ഇന്നോളം കഴിഞ്ഞിട്ടേ ഇല്ല. ഉറപ്പ്.
14ാം നിയമസഭയിലേക്ക് ‘ജനകീയ ബദല്‍’ എന്ന രാഷ്ട്രീയം തന്നെയാണ് കേരളത്തിലെ വോട്ടര്‍മാര്‍ പരീക്ഷിക്കേണ്ടത്. ‘വോട്ട് നല്‍കിയിട്ട് എന്താ കാര്യം’ എന്ന ചിന്ത ഉപേക്ഷിച്ച് ഒരു ജനകീയ ബദല്‍ സ്വീകരിക്കാന്‍ അപേക്ഷിച്ച് വടകരയില്‍ കെ കെ രമയും ഹമീദ് മാസ്റ്ററും ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജും മലബാറിലെ കൊണ്ടോട്ടിയില്‍ നാസറുദ്ദീനും വോട്ടര്‍മാരെ നേരിട്ടുകണ്ടു കാര്യം പറഞ്ഞുകഴിഞ്ഞു. വേറെ എത്രയോ പേരുണ്ട്. ഏതെങ്കിലും ഒരു മുന്നണിയെന്ന ‘അത്താണി’യില്‍നിന്ന് കേരളത്തിലെ വോട്ടര്‍മാര്‍ മാറിചിന്തിച്ചാല്‍ അതു വരുംകാല കേരളത്തിനു തന്നെ നല്ലൊരു മാതൃകയായിത്തീരാനും ‘വികസനം’ എന്ന ചപ്പടാച്ചി പറഞ്ഞ് ജനത്തെ പറ്റിക്കുന്ന മുന്നണികളുടെ കപട ഇടപാടുകള്‍ നിര്‍ത്തലാക്കാനും സാധിക്കും.
ഉമ്മന്‍ചാണ്ടി ചെയ്തുകൂട്ടിയ ‘പാതകങ്ങള്‍’ ഏതു കോടതി വെറുതെവിട്ടാലും ജനകീയ കോടതി അംഗീകരിക്കുകയില്ല. എല്‍ഡിഎഫ് ‘ചക്ക വീണ്’ അധികാരത്തില്‍ വന്നാലും അഴിമതിയും കൈക്കൂലിയും മറ്റ് ആസുരപ്രവൃത്തികളുംകൊണ്ട് കേരളത്തെ നാനാവിധമാക്കിയ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും തുറുങ്കിലടയ്ക്കും എന്നു വിശ്വസിക്കാനും ന്യായം പോര. കാരണം, ഇവരൊക്കെ ഒരേ നുകത്തിന്‍ കീഴിലാണ്. ഇക്കുറി മല്‍സരിക്കുന്ന ധനാഢ്യരെയും ക്വാറി മാഫിയകളെയും സഹായിക്കാനല്ലാതെ ഇടതു ഭരണത്തിന് നവകേരളം കെട്ടിപ്പടുക്കാനോ ‘എല്ലാം ശരിയാക്കും’ എന്ന വ്യാജ പ്രസ്താവം പ്രാവര്‍ത്തികമാക്കാനോ കഴിയില്ല. തമ്മില്‍ത്തല്ല് തീര്‍ന്നിട്ടുവേണ്ടേ ‘എല്ലാം ശരിയാക്കാന്‍.’
അപവാദങ്ങള്‍ വേണ്ടത്ര ഉണ്ടെങ്കിലും കെജ്‌രിവാളിന്റെ ഡല്‍ഹി മന്ത്രിസഭയെ അവിടത്തെ ജനം വിശ്വാസത്തിലെടുത്തതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. കെജ്‌രിവാള്‍ അടക്കമുള്ളവരുടെ സവര്‍ണദാസ്യത്വങ്ങളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ഒഴിവാക്കി പുതിയൊരു രാഷ്ട്രീയ ബദല്‍ വരാന്‍ വോട്ടെടുപ്പ് തീരുന്നതിനു മുമ്പുള്ള ഓരോ നിമിഷവും പുതിയ കേരള വോട്ടര്‍മാര്‍, സ്ത്രീകൂട്ടായ്മകള്‍ തീരുമാനിക്കട്ടെ. മൂന്നു മുന്നണികളും തല്‍ക്കാലം മാറിനില്‍ക്കട്ടെ; കുറച്ചുകാലം വിശ്രമിക്കട്ടെ.
എന്റെ പഞ്ചായത്തില്‍ 17ാം വാര്‍ഡില്‍ 100 മീറ്റര്‍ റോഡ് നന്നാക്കാം എന്ന് 20 വര്‍ഷമായി മുന്നണികള്‍ സത്യം ചെയ്യുന്നു. ഇക്കൂട്ടരെ ഞാന്‍ എങ്ങനെ വിശ്വസിക്കും? ി

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day