|    Apr 19 Thu, 2018 11:02 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

പ്ലീസ്, ദയവായി അതിരുകടക്കരുതേ

Published : 18th July 2016 | Posted By: SMR

slug-vettum-thiruthum‘ഒന്നും അതിരുകടക്കരുത്…’ ഓര്‍ക്കുന്തോറും അര്‍ഥ ആശയ ധൈഷണിക വ്യാപ്തി ഈ ചൊല്ലിനുണ്ട്. ശരിയാണ്. ആരായാലും ശരി, ഒന്നും അതിരുകടക്കരുത്. പ്രേമം പോലും. ഈ പ്രസ്താവം അക്ഷരംപ്രതി പാലിച്ചൊരു മാന്യവ്യക്തിത്വമായിരുന്നു മലയാള മനോരമയിലെ കെ എം മാത്യു. അദ്ദേഹത്തിന്റെ ‘എട്ടാമത്തെ മോതിരം’ വായിച്ചവര്‍ക്കറിയാം, സ്വന്തം കുടുംബത്തിനറിയാം, മനോരമയിലെ പഴയ ജീവനക്കാരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായവര്‍ക്കറിയാം മാത്തുക്കുട്ടിച്ചായന്‍ പല വിഷയങ്ങളിലും എത്ര നിയന്ത്രണം പാലിച്ചിരിക്കുന്നുവെന്ന്. 1947 മുതല്‍ക്കുള്ള എന്തൊക്കെ രഹസ്യങ്ങള്‍, അനുഭവങ്ങള്‍, എത്രയോ വ്യക്തികളുടെ ഉള്ളറക്കഥകള്‍, മന്ത്രിമാരുടെ ദുഷ് ചെയ്തികള്‍, അപ്പനപ്പൂപ്പന്‍മാരില്‍ നിന്നുവരെ കേട്ട കാര്യങ്ങള്‍… എന്തും തുറന്നെഴുതാന്‍ കെ എം മാത്യുവിന് പത്രം ഉണ്ട്. ചാനലുമുണ്ടായിരുന്നു. ഭാഷാപോഷിണി ഉണ്ടായിരുന്നു. കെ എം മാത്യു എഴുതിയാല്‍ ആയതു ചികയാനൊന്നും പ്രബുദ്ധഭാരതം മിനക്കെടില്ല. കാരണം, ജനത്തിന് അദ്ദേഹത്തെ അത്രയ്ക്കു വിശ്വാസമായിരുന്നു. മനോരമ പത്രത്തെ വിശ്വാസമില്ലാത്തവര്‍പോലും കെ എം മാത്യുവിനെ വിശ്വസിച്ചു.
കേരളത്തില്‍ ഇന്ന് ഏതു മേഖലയിലുള്ളവരും അച്ചടക്കം പാലിക്കാന്‍ തെല്ലും ശ്രദ്ധിക്കുന്നില്ല. എല്ലാം അതിരുകടക്കുകയാണ്. ഗായകന്‍ യേശുദാസ്. നല്ല സ്വരശുദ്ധിയുള്ള ഗായകന്‍. പക്ഷേ, പ്രസംഗിക്കാന്‍ വായ തുറന്നോ, സംഗതി അത്യാഹിതത്തിലേ കലാശിക്കൂ. ഇപ്പോള്‍ ഹിന്ദുമതം പുണരാനുള്ള ശ്രമത്തിലാണത്രെ. നല്ലത്. ക്രിസ്തുമതത്തില്‍ ഈശോ-മറിയം-ഔസേഫ് മാത്രമല്ലേ മുഖ്യധാരയിലുള്ളൂ. ദാസപ്പന് യോജ്യം മുപ്പത്തിമുക്കോടി ദേവകളുള്ള ഹിന്ദുസംസ്‌കാരം തന്നെയാണ്. എം പി വീരേന്ദ്രകുമാറിനെ നോക്കൂ. അറിവും പക്വതയും ആവശ്യത്തിലേറെയാണ്. പക്ഷേ, ഗ്രന്ഥരചന തുടങ്ങിയാല്‍ അതിരുകവിയും. നല്ല തലക്കെട്ടുള്ള ഗ്രന്ഥങ്ങളാണ്. പക്ഷേ, അതിരുകവിയല്‍ മൂലം 10 പേജ് വായിച്ചാലുടന്‍ മാതൃഭൂമി ജീവനക്കാര്‍ക്കുപോലും സങ്കടം വരും. വായനക്കാരന്റെ അവസ്ഥ വേറെ.
നല്ല കഥാകൃത്താണ് നോവലിസ്റ്റുകൂടിയായ എം ടി വാസുദേവന്‍ നായര്‍. അവാര്‍ഡ്, പ്രശസ്തിപത്രം, സ്വീകരണം ഇത്യാദികള്‍ ഏല്‍ക്കുന്നതില്‍ എംടിക്ക് യാതൊരു ഡെഡ് ലൈനുമില്ല. ഏതു ഇതരസംസ്ഥാന തൊഴിലാളി കൊണ്ടുക്കൊടുത്താലും എംടി ശിരസ്സു കുനിച്ച് വാങ്ങും. അവാര്‍ഡാണെന്നു പറഞ്ഞാല്‍ മതി. 66 വയസ്സിനിടയ്ക്ക് അറുപതിലധികം സോദ്ദേശ്യഗ്രന്ഥങ്ങള്‍ രചിച്ചുവത്രെ ഒരാള്‍. 66 വയസ്സിനിടയില്‍ ഇത്രയേറെ ഗ്രന്ഥം കൈകൊണ്ട് എഴുതി അച്ചടിച്ചു എന്നു പറയുമ്പോള്‍ ഇതിനെ ‘അതിരുകടക്കല്‍’ എന്നു പറയാനാണ് എനിക്കിഷ്ടം.
മലയാളത്തിലെ എഴുത്തുകാരില്‍ നൂറ്റുക്കുനൂറും അതിരുകടന്നവരോ കടക്കാന്‍ ശ്രമിക്കുന്നവരോ ആകുന്നു. ജീവിച്ചിരിക്കുന്നവരില്‍ അതിരുകടക്കാത്ത ഏക എഴുത്തുകാരന്‍ ശ്രീമാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടാണെന്നു തോന്നുന്നു. ഇപ്പോഴത്തെ ബാലന്റെ തൊഴിലുകൂടിയായ അഭിനയസര്‍ഗാത്മകത ചാനലുകളില്‍ കാണുമ്പോള്‍ അതിരുകടക്കുന്നില്ലേ എന്നു സംശയം. ഇപ്പോഴീ അതിരുകടക്കല്‍ വിഷയമാവാന്‍ കാരണമുണ്ട്. ‘കവി മീന്‍ വില്‍ക്കുന്നു, നാടക നടന്‍ കല്ല് ചുമക്കുന്നു, പത്രപ്രവര്‍ത്തകന്‍ താന്‍ ഇന്നോളം കുടിച്ച ബിയര്‍ കുപ്പികള്‍ വിറ്റ് ക്ലേശിച്ചു ജീവിക്കുന്നു, ചാനല്‍ മാനേജ്‌മെന്റ് റോയല്‍റ്റി കൊടുക്കാതെ ചാനല്‍ കാമറയില്‍ മുഖം കാണിച്ചവരെ പറ്റിക്കുന്നു തുടങ്ങി ‘അതിരുകടക്കുന്നവരുടെ’ വിശേഷങ്ങളേ കേള്‍ക്കാനുള്ളൂ. ഉപജീവനത്തിന് മീന്‍ വിറ്റാല്‍ എന്താ കുഴപ്പം? ചാനലില്‍ മുഖം കാണിക്കാന്‍ എന്തു തറവേലയും കാട്ടിക്കൂട്ടുന്നവന് കുറച്ച് കാശ് കുടിശ്ശികയായ വകയില്‍ ബേജാറെന്തിന്? ബിയര്‍ കുപ്പി വീട്ടിലും പരിസരത്തും അധികമായാല്‍ വില്‍ക്കാതെ എന്തുചെയ്യണം? തല്‍ക്കാലം ഇത്രയേ വെട്ടാനുള്ളൂ. തിരുത്താനുമുള്ളൂ. പ്ലീസ്, ഒന്നും അതിരുകടക്കരുത്.
ഈ ‘അതിരുകടക്കല്‍’ നൂറ്റുക്കു നൂറും ശ്രദ്ധിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ പ്രിയപ്പെട്ട അരവിന്ദേട്ടന്‍(മരിച്ചു), മാത്തുക്കുട്ടിച്ചായന്‍(മരിച്ചു) ഇവരെ അനുസ്മരിക്കുമ്പോള്‍ രണ്ടു കക്ഷികളും ലക്കും ലഗാനുമില്ലാതെ അതിരുകടക്കുന്നവരുടെ സാക്ഷാല്‍ മണ്ഡലമായ കോട്ടയംകാരാണല്ലോ എന്ന ചിന്തയും ശകലം ‘അതിരുകടക്കല്‍’ തന്നെയല്ലേ. കാരണം, എം എന്‍ ഗോവിന്ദന്‍ നായര്‍ (അരവിന്ദന്റെ പിതാവ്) ജന്മംകൊണ്ട് കോട്ടയംകാരനല്ല; മാത്തുക്കുട്ടിച്ചായനും തഥൈവ. ഞാന്‍ ഇത്തിരി അതിരുകടന്നോ?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss