|    Apr 26 Thu, 2018 12:07 am
FLASH NEWS
Home   >  Fortnightly   >  

പ്ലിങാകുന്ന പ്ലീനങ്ങള്‍

Published : 13th February 2016 | Posted By: swapna en

എംകെ മനോജ്കുമാര്‍

2015 ഡിസംബറില്‍ കൊല്‍ക്കത്തയില്‍ സിപിഎം മൂന്നാം പ്ലീനം നടക്കുന്ന വേളയിലാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ സിപിഎംലേക്ക് മടങ്ങുന്നു എന്ന വാര്‍ത്ത കേരളത്തില്‍ നിന്നും മാധ്യമങ്ങളില്‍ അച്ചടിച്ചുവരുന്നത്. ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയാണ് നിലവിലുളളത്. അതിനെ പ്രതിരോധിക്കാന്‍ ശക്തമായ സംഘടന വേണം. അതില്‍ പ്രതീക്ഷ സിപിഎം തന്നെയാണ് എന്ന് അദ്ദേഹം ആണയിടുന്നു. കൃത്യമായ സ്വയം വിമര്‍ശനത്തിനു ശേഷമാണ് താന്‍ സിപിഎമ്മിലേക്ക് മടങ്ങാന്‍ തീരുമാനമെടുത്തതെന്നും കുഞ്ഞനന്തന്‍നായര്‍ പറയുന്നു. അദ്ദേഹം സിപിഎം വിട്ടുപോകാനുണ്ടായ സാഹചര്യം ഇവിടെ ചികയേണ്ടതില്ല. അതിനുണ്ടായ കാരണം പരിഹരിക്കപ്പെട്ടിട്ടുണ്ടോ എന്നും തിരക്കേണ്ടതില്ല. സിപിഎമ്മിലേക്ക് മടങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച നിരീക്ഷണങ്ങളും ന്യായീകരണങ്ങളും എത്രത്തോളം ശരിയാണെന്ന സന്ദേഹത്തിലാണ് സിപിഎം നേതാക്കള്‍ ഇപ്പോഴും.
കാരണം, ഒന്നാം പ്ലീനം നടന്ന് മുപ്പത്തിയേഴാമത് വര്‍ഷം മൂന്നാംപ്ലീനം ചേരുമ്പോഴും സിപിഎം നേതൃത്വത്തിന്റെ കുമ്പസാരവും കുഞ്ഞനന്തന്‍ നായരുടെ മടക്കവും തികച്ചും ഒരു പദപ്രശ്‌ന പംക്തിയായി മാറിയിരിക്കുന്നു.
എന്തെന്നാല്‍, രണ്ടാം പ്ലീനം ചര്‍ച്ച ചെയ്തത് പുതിയ രാഷ്ട്രീയ നീക്കങ്ങളോ നയപരിപാടികളോ അടവുതന്ത്രങ്ങളോ ആയിരുന്നില്ല. മുന്‍പ് ചേര്‍ന്ന ഓരോ പാര്‍ട്ടി കോണ്‍ഗ്രസിലും ദിവസങ്ങള്‍ നീണ്ടു നിന്ന ചര്‍ച്ചകളിലൂടെ തീരുമാനമാകാതെ പിരിയുകയും വീണ്ടും കണ്ടുമുട്ടുമ്പോള്‍ നേതാക്കള്‍ പരസ്പരം ഓര്‍മ്മപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നവയായിരുന്നു വിഷയങ്ങള്‍.
ഇത്തരമൊരു ദശാസന്ധിയിലാണ് സഖാവ് കുഞ്ഞനന്തന്‍ നായര്‍ സിപിഎമ്മില്‍ തന്റെ അന്ത്യാഭിലാഷം സാധൂകരിക്കുന്നതിനു വേണ്ടി മടങ്ങിചെല്ലുന്നത്. വിശ്വാസം അദ്ദഹത്തെ തുണക്കട്ടെ!
പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും ഒന്നാം പ്ലീനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനുമായിരുന്ന ജ്യോതിബസു, ഒന്നാം സാല്‍ക്കിയ പ്ലീനത്തില്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ഇങ്ങനെ ചില സൂചനകള്‍ നല്‍കിയിരുന്നു;
വലിയ പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയുമാണ് പാര്‍ട്ടി കടന്നുപോകുന്നതെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പാര്‍ട്ടി അനുദിനം ശക്തിപ്പെടുകയാണ്. അനുകൂല സാഹചര്യം രാഷ്ട്രീയമായി മുതലാക്കി പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, വനിതകള്‍, ബുദ്ധിജീവികള്‍ തുടങ്ങിയ വിഭാഗങ്ങളെ ആശയപരമായും രാഷ്ട്രീയമായും ആയുധമണിയിക്കേണ്ടതും തൊഴിലാളി വര്‍ഗത്തില്‍ നിന്നും ബുദ്ധിജീവികളില്‍ നിന്നും ഏറ്റവും മികച്ചവരെ പാര്‍ട്ടിയില്‍ അണിനിരത്തേണ്ടതും, രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ്‌ക്കാരിക-തൊഴില്‍ മേഖലകളിലെ സംഭവ വികാസങ്ങളെ വിശകലനം ചെയ്യുന്നതിനാവശ്യമായ വിദ്യാഭ്യാസം പുതിയ അംഗങ്ങള്‍ക്കും പുനര്‍വിദ്യാഭ്യാസം പഴയ അംഗങ്ങള്‍ക്കും നല്‍കി അവരെ മുതലാളിത്ത ഭരണ ജന്മി ബൂര്‍ഷ്വാ ആശയങ്ങളോടും നിലപാടുകളോടും നിതാന്ത സമരം നടത്താന്‍ സജ്ജരാക്കേണ്ടതും ഏറ്റവും അത്യന്താപേക്ഷിതമായ കര്‍ത്തവ്യമാണ്. ഈ ബൃഹദ് കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാന്‍ നിലവിലുളള സംഘടനാ സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ അതിനെ ശക്തിപ്പെടുത്തേണ്ടത് ഏറ്റവും അടിയന്തിര ആവശ്യമാണ്. ഇതേ വര്‍ഷം തന്നെ ഏപ്രില്‍ 2 മുതല്‍ 8 വരെ പഞ്ചാബിലെ ജലന്ധറില്‍ ചേര്‍ന്ന പത്താം പാര്‍ട്ടികോണ്‍ഗ്രസും ഇക്കാര്യം വിലയിരുത്തുകയുണ്ടായി.’
മൂന്നരപ്പതിറ്റാണ്ടിനുശേഷം – ഒരു പുരുഷായുസ്സിന്റെ ശരാശരി പകുതി സംവത്സരങ്ങള്‍ – രണ്ടാമത്തെ പ്ലീനത്തിലേക്ക് സാല്‍ക്കിയയില്‍ നിന്നും കല്‍ക്കത്തയിലേയ്ക്ക് എത്തിച്ചേരുമ്പോള്‍ കുമ്പസാരക്കൂടുമാറിയെന്നതൊഴിച്ചാല്‍ അതേ പാപങ്ങള്‍ ഏറ്റു പറഞ്ഞുകൊണ്ട് തങ്ങള്‍ അശക്തരാണെന്ന് തെളിയിക്കുന്നു സിപിഎം നേതൃത്വം.
1978 ഏപ്രില്‍ 2 മുതല്‍ 8 വരെ പഞ്ചാബിലെ ജലന്ധറില്‍ ചേര്‍ന്ന പത്താം പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു സാല്‍ക്കിയായില്‍ ചേര്‍ന്ന ഒന്നാം പ്ലീനം. അതിനു കാരണമായി പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയിതാകട്ടെ മുന്‍പു നടന്ന പല പാര്‍ട്ടി തീരുമാനങ്ങളും നടപ്പില്‍ കൊണ്ടുവരുന്നതിന് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്- പിബിക്കോ (പോളിറ്റ് ബ്യൂറോ) സിസിക്കോ (സെന്‍ട്രല്‍ കമ്മിറ്റി)-പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സിസി നിര്‍ദ്ദേശിച്ച മാര്‍ഗരേഖ ഒരു തരത്തിലും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല എന്ന കാര്യമാണ്.
1968 ല്‍ കൊച്ചിയില്‍ ചേര്‍ന്ന എട്ടാമത്തെയും 72ല്‍ മധുരയില്‍ നടന്ന ഒമ്പതാമത്തെയും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ സംഘടനാ കാര്യങ്ങളും കരട് നിര്‍ദ്ദേശങ്ങളും ചര്‍ച്ചയ്‌ക്കെടുക്കാതെ സിസിയ്ക്ക് വിടുകയും 1973 ല്‍ മുസാഫര്‍പൂരില്‍ ചേര്‍ന്ന സിസി ചര്‍ച്ചകള്‍ക്കുശേഷം പാര്‍ട്ടി വളര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുതിയ മാര്‍ഗരേഖ പുറത്തിറക്കുകയുണ്ടായി.  പക്ഷേ, പ്രസ്തുത രേഖകൊണ്ടും സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ല. കാരണം പാര്‍ട്ടി നേതൃത്വത്തിലെ വിഭാഗീയത തന്നെ. സത്യത്തില്‍ സിപിഎം എന്ന സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഇന്നോ ഇന്നലെയോ അല്ലായെന്ന് പാര്‍ട്ടികോണ്‍ഗ്രസുകളുടെ ചരിത്രം പറയുന്നു.
കുറച്ചുകൂടി വ്യക്തമാക്കിയാല്‍ സിപിഎം അവകാശപ്പെടുന്ന കേഡറിസം ഒരു കേവല സങ്കല്പം മാത്രമാണ്. നേതൃത്വത്തിന്റെ ആജ്ഞകള്‍ക്കനുസരിച്ച് ചലിക്കുന്ന താഴെത്തട്ടിലുള്ള ഒരു  ചെറു സമൂഹം സാധാരണക്കാരായ അംഗങ്ങള്‍ക്ക് മാത്രം ബാധകമായ ഒന്നാണ് ഇത്.  പാര്‍ട്ടി നേതൃത്വം താന്‍പോരിമയുടെയും  പരസ്പരമുള്ള ഗ്വോഗ്വാ വിളികളുടെയും വിഭാഗീയതകളിലാണെന്നുമുള്ളത്.
1964 ഏപ്രില്‍ പതിന്നാലിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 അംഗങ്ങളോടൊപ്പം  പാര്‍ട്ടിയുടെ നേതൃത്വം കൈപ്പിടിയിലൊതുക്കാനുള്ള അധികാര മോഹികളും ഉണ്ടായിരുന്നുവെന്ന് ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യയ ശാസ്ത്ര രംഗത്തെയും സംഘടനാ രംഗത്തെയും ഉള്‍പ്പാര്‍ട്ടി ഭിന്നതകള്‍ കൂടുതല്‍ മൂര്‍ഛിക്കുന്ന വേളയിലാണ് 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കല്‍ക്കത്തയില്‍ ഏഴാം പാര്‍ട്ടികോണ്‍ഗ്രസ് ചേരുന്നത്. കേന്ദ്രക്കമ്മിറ്റി സെക്രട്ടറിയായിരുന്ന എസ് അജയഘോഷിന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാനും 1962 ലെ പൊതു തിരഞ്ഞെടുപ്പുഫലം വിലയിരുത്താനും 62 മെയ് മാസത്തില്‍ കൂടിയ ദേശീയ കൗണ്‍സിലിന് യോജിച്ച  തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സഖാക്കള്‍ ഭൂപേഷ്ഗുപ്തയും, പിസി ജോഷിയും തയ്യാറാക്കിയ വെവ്വേറെ റിപ്പോര്‍ട്ടുകളാണ് കൗണ്‍സിലിന്റെ പരിഗണനയ്ക്കു വന്നത്.
കൊല്‍ക്കത്ത പ്ലീനത്തില്‍ യെച്ചൂരിയും പ്രകാശ് കാരാട്ടും തമ്മില്‍ ഉണ്ടായതിനു സമാനമായ അവസ്ഥാ വിശേഷമാണ് അന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുമായി ഉള്ള സഹകരണത്തിന്റെ കാര്യത്തിലും സംഭവിച്ചത്. ജോഷിയും, ഗുപ്തയും രണ്ടു തട്ടുകളിലായിരുന്നു. മറ്റൊരു പ്രധാന സംഭവം പുതിയ കേന്ദ്രക്കമ്മിറ്റി സെക്രട്ടറിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലുണ്ടായ അഭിപ്രായ ഭിന്നതയാണ്. ഒരു കേഡര്‍ പ്രസ്ഥാനത്തില്‍ ഒരിക്കലും അനുവദിക്കപ്പെടാന്‍ പാടില്ലായിരുന്ന ഗുരുതരമായ തെറ്റിന് അന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി. സിപിഎമ്മിന്റെ ഭരണഘടനയിലില്ലാത്ത ഒരു പദവി ചെയര്‍മാന്‍ താത്കാലികമായി സൃഷ്ടിക്കേണ്ടിവന്നു. ഇവിടം മുതല്‍ സിപിഎമ്മിലെ പാര്‍ട്ടി വിഭാഗീയതയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. അധികാര ക്കൊതിയന്മാരും സ്ഥാനമോഹികളുമായ നേതാക്കളെ മെരുക്കി നിര്‍ത്താന്‍ നടത്തിയ അഡ്ജസ്റ്റുമെന്റ് നിയന്ത്രിക്കാന്‍ കഴിയാത്തവിധം പാര്‍ട്ടിയെ വിഴുങ്ങുന്ന വിഭാഗീയതയായി മാറിക്കഴിഞ്ഞുവെന്നതാണ് വര്‍ത്തമാനകാല കാഴചകള്‍. അങ്ങനെ, ഏഴാം പാര്‍ട്ടി കോണ്‍ഗ്രസില്‍ താത്കാലികമായി ഉണ്ടാക്കിയ ചെയര്‍മാന്‍ പദവിയില്‍ എസ്എ ഡാങ്കേ അവരോധിക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി സഖാവ് ഇഎംഎസ്സും. വിരോധാഭാസമെന്നു പറയട്ടെ, 1952 ഡിസംബറില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ കൈക്കൊണ്ട അച്ചടക്ക നടപടികള്‍ക്ക് കടകവിരുദ്ധമായിരുന്നു മേല്‍പ്പറഞ്ഞ നീക്കുപോക്കു സംഗതികളും പുതിയ തസ്തിക സൃഷ്ടിക്കലും.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ തിരുത്തല്‍ വാദത്തിനെതിരെ അതിശക്തമായ കലാപമുയര്‍ത്തിയ ഒന്നാം പ്ലീനത്തില്‍ സംഘടനാകാര്യങ്ങളെ സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങളില്‍ 6ാം ക്രമനമ്പര്‍ പ്രകാരം, പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ചിട്ടയും അച്ചടക്കവും രൂപപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കപ്പെട്ടതിനുശേഷം കേവലം ഒരു വ്യാഴവട്ടത്തിനുള്ളിലാണ് പാര്‍ട്ടി ഭരണഘടനയെപ്പോലും പരട്ടത്തുവച്ച് അധികാര ദുരമൂത്ത നേതാക്കള്‍ സമവായം ഉണ്ടാക്കിയെടുത്തത്. അതോടൊപ്പം തന്നെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര സംഘടനാ തലങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ കല്‍ക്കത്താ പ്ലീനം ഇടയാക്കിയെന്ന് പാര്‍ട്ടി അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ 19ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പശ്ചിമബംഗാള്‍ ഘടകം റിപോര്‍ട്ട് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്, ജനാധിപത്യകേന്ദ്രീകരണത്തെ സംബന്ധിച്ച് ശരിയായ ധാരണയില്ലായ്മ നേതൃത്വത്തിനിടയില്‍പോലും നിലനില്‍ക്കുന്നുണ്ടെന്നാണ്. എല്ലാതലത്തിലും പൂര്‍ണ്ണമായും തുറന്നതും സ്വതന്ത്രവുമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ക്കുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വിജയിക്കാനായി എന്ന് നമുക്ക് ശക്തിയായി അവകാശപ്പെടാന്‍ കഴിയില്ല.ചിലപ്പോള്‍ നമ്മുടെ നേതൃത്വത്തെ സംബന്ധിച്ച് ആദരവിനെക്കാളും അഭിമാനത്തെക്കാളും ഉപരിയായി ഭയം എന്ന വികാരമാണ് നിലനില്‍ക്കുന്നതെന്നകാര്യം നിഷേധിക്കപ്പെടാനാവില്ല. നേതാക്കളുടെ സ്വേച്ഛാധികാര പ്രവണതകളെക്കുറിച്ചും മേല്‍ഘടകം ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പാഠഭേദങ്ങളില്‍ ഇത്തരം ആശങ്കകള്‍ക്ക് ആധികാരിക അടിസ്ഥാനമുണ്ടെന്ന് കണ്ടെത്താന്‍ സോവിയറ്റ് യൂണിയനെത്തന്നെ ഉദാഹരിക്കാം.
സോവിയറ്റ് റഷ്യയില്‍ ഒക്ടോബര്‍ വിപ്ലവത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മെന്‍ഷെവിക് ബോള്‍ഷെവിക് റവല്യൂഷനറി പാര്‍ട്ടികള്‍ മത്സരിച്ചപ്പോള്‍ സാക്ഷാല്‍ ലെനിനു പങ്കുള്ള ബോള്‍ഷെവിക് പാര്‍ട്ടി പരാജയപ്പെട്ടു.  രണ്ടാമത്  നടന്ന തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോള്‍ പട്ടാളത്തെ സ്വാധീനിച്ച് ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ചുകൊണ്ടാണ് ലെനിന്‍ അധികാരം പിടിച്ചത്.  ലെനിനുശേഷം അധികാരം കൈയ്യാളിയ സ്റ്റാലിനും തുടര്‍ന്നും ഭരണം പിടിച്ച ക്രൂഷ്‌ചേവും ഒരുപോലെ കമ്മ്യൂണിസത്തിന്റെ മറവില്‍ സ്വേച്ഛാധിപത്യമാണ് കാഴ്ചവച്ചത്.
സ്റ്റാലിന്‍ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയത് രാജ്യത്തിനോ പാര്‍ട്ടിക്കോവേണ്ടിയായിരുന്നില്ലെന്ന് 1956 ലെ 20ാം സോവിയറ്റു സോഷ്യലിസ്റ്റു കോണ്‍ഗ്രസില്‍ (ഇന്ത്യയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്) ക്രൂഷ് ചേവ് ആരോപിച്ചു.  ”സ്റ്റാലിന്‍ ജീവിച്ചിരുന്നകാലത്ത് എന്തുകൊണ്ട് നിങ്ങളിതു പറഞ്ഞില്ല” എന്ന ചോദ്യവുമായി ഒരു കുറിപ്പ് ക്രൂഷ്‌ചേവിന്റെ മേശപ്പുറത്ത് വീണു. ആരാണ് ഈ കുറിപ്പ് എഴുതിയതെന്ന് യോഗത്തില്‍ അപ്പോള്‍ത്തന്നെ ക്രൂഷ്‌ചേവ് പലവുരു ആവര്‍ത്തിച്ചുചോദിച്ചിട്ടും സദസ്സില്‍ നിന്നാരും പ്രതികരിച്ചില്ല. ഇതേ കാരണംകൊണ്ടുതന്നെയാണ് ഞാനും അന്ന് ചോദിക്കാതിരുന്നതിന്റെ കാരണം എന്ന് ക്രൂഷ് ചേവ് മറുപടി നല്‍കി. പശ്ചിമബംഗാള്‍ ഘടകത്തിന്റെ ആശങ്കയും ഇതിനോട് ചേര്‍ത്തുവായിക്കുമ്പോള്‍ പിടികിട്ടും. കാരണം ആവര്‍ത്തനങ്ങള്‍ സിപിഎംല്‍ എന്നും ഒരു തുടര്‍ക്കഥയാണ്.
ചരിത്രത്തിലിടം നേടിയ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിനു (1964 ഒക്ടോബര്‍-നവംബര്‍) ശേഷം സിപിഎം പ്രത്യയശാസ്ത്ര നിലപാടുകളെ സംബന്ധിച്ച് വ്യക്തത വരുത്താനായി പാര്‍ട്ടിക്കുളളില്‍ വിശദമായ ചര്‍ച്ച സംഘടിപ്പിക്കുന്നതിന് പുതുതായി തെരഞ്ഞെടുത്ത സെന്‍ട്രല്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുണ്ടായി.
പുതിയകാലം, വൈരുധ്യങ്ങളുടെ പ്രശ്‌നം, യുദ്ധവും സമാധാനവും തുടങ്ങിയ പ്രശ്‌നങ്ങളും സാമ്രാജ്യത്വവും സംബന്ധിച്ചു ലെനിന്റെ സിദ്ധാന്തം, സോവിയറ്റ് യൂണിയനിലെ ജനങ്ങളുടെ പാര്‍ട്ടിയും ഭരണകൂടവും എന്ന പ്രശ്‌നം, സോവിയറ്റ് യൂണിയനിലെ ഭൗതികപ്രചോദനം എന്ന പ്രശ്‌നം, സ്റ്റാലിനെയും ആരോപിക്കപ്പെടുന്ന വ്യക്തിപൂജയെയും സംബന്ധിച്ചും, യുഗോസ്ലോവിയയിലെ തിരുത്തല്‍വാദം തുടങ്ങിയ ഇന്ത്യന്‍ ജനജീവിതങ്ങളുമായി പുലബന്ധമില്ലാത്ത അന്താരാഷ്ട്രകാര്യങ്ങളാണ് ഒന്നാം പ്ലീനം ചര്‍ച്ച ചെയ്തത്. ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ സമയം അപഹരിച്ചത്. സോവിയറ്റ് യൂണിയന്‍നേതൃത്വത്തിന്റെ സമീപനം അമേരിക്കന്‍ സാമ്രാജ്യത്തോട് സംഘം ചേര്‍ന്ന് ലോകമേധാവിത്വത്തിനുളള ശ്രമം നടത്തുന്നതിനെപ്പറ്റിയായിരുന്നുവെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ഒമ്പത് ദശകങ്ങള്‍ പിന്നിട്ട ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രത്യയശാസ്ത്ര പ്രായോഗവല്‍ക്കരണത്തില്‍ ഇപ്പോഴും അജ്ഞതയിലാണ്. 1943 മെയ് 23 മുതല്‍ ജൂണ്‍ 1 വരെ ബോംബെയില്‍ നടന്ന ആദ്യ പാര്‍ട്ടി കോണ്‍ഗ്രസുമുതല്‍ 2012 ഏപ്രില്‍ 4 മുതല്‍ 9 വരെ കോഴിക്കോടു നടന്ന 20 ാം പാര്‍ട്ടി കോണ്‍ഗ്രസു വരെ ചര്‍ച്ചകളും ഉപചര്‍ച്ചകളുമായി കാലം പിന്നിട്ട സിപിഎം, മാര്‍ക്‌സിസം, ലെനിനിസം, സോഷ്യലിസം എന്നീ വാക്കുകളുടെ അര്‍ത്ഥവ്യാഖ്യാനങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു മനസിലാകുന്ന വിധത്തില്‍ വിശദീകരിച്ച് നല്‍കുന്നതില്‍ ഇന്നും വന്‍പരാജയമാണ്. ആശയങ്ങളുടെ പ്രായോഗിക വല്‍ക്കരണം പ്രസംഗങ്ങള്‍ പോലെ ലളിതമായ സംഗതിയല്ല എന്ന് തിരിച്ചറിയാന്‍ സിപിഎം ഇനി എത്രയോ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ ചേരണം.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അസ്ഥിവാരം ദളിതുകളും കര്‍ഷകതൊഴിലാളികളുമാണ്. സംഘടിത തൊഴിലാളി യൂണിയന്‍ സിഐടിയു രൂപീകരിക്കപ്പെടുന്നത് 1970 ലാണ്. അതിനു മുമ്പ്  നാല് പതിറ്റാണ്ടുകാലം പാര്‍ട്ടിയെയും പാര്‍ട്ടി നേതൃത്തെയും പോറ്റിയതും സംരക്ഷിച്ചതും മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട അടിമസമാനജീവിതം നയിച്ചിരുന്ന അടിസ്ഥാനവര്‍ഗമാണ്. അടിമ ജനതയുടെ വിയര്‍പ്പും ചോരയുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ചയ്ക്കും നേതാക്കന്മാരുടെ ജീവശ്വാസത്തിനും വളമായി തീര്‍ന്നത്. 1957 ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ രൂപീകരണത്തിനു ശേഷം ഇടതുപക്ഷം കേരളത്തില്‍ അഞ്ചു പ്രാവശ്യം അധികാരത്തിലെത്തിയെങ്കിലും പ്രതീക്ഷാനിര്‍ഭരമായ ജീവിതം അടിസ്ഥാന വര്‍ഗത്തിന് പ്രദാനം ചെയ്യുന്നതില്‍ പാര്‍ട്ടി താല്‍പര്യപ്പെട്ടില്ലായെന്നത് വസ്തുതയാണ്. കാരണം, അടിസ്ഥാന വര്‍ഗമെന്നത് ഇന്ത്യയെ സംബന്ധിച്ചും, കേരളത്തെ സംബന്ധിച്ചും ദളിതരും പിന്നാക്കക്കാരുമായ അയിത്തജാതിക്കാരാണ് എന്നതുതന്നെ. വര്‍ഗസമരത്തിന്റെ സുന്ദരസ്വപ്‌നങ്ങളില്‍ പുതിയൊരു കാലം ജീവിതത്തെ പുഷ്പിക്കുമെന്ന കാത്തിരുപ്പ് വെറും വ്യാമോഹം മാത്രമാണെന്ന തിരിച്ചറിവിലേക്ക് അയിത്ത ജാതിക്കാര്‍ എത്തപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ നടത്തിപ്പുകാര്‍ പാര്‍ട്ടി കോണ്‍ഗ്രസുകളും പ്ലീനങ്ങളും നടത്തി വീണ്ടും തെററുകള്‍ തിരുത്തി കുമ്പസാരക്കൂടുകള്‍ പലതുമാറി പരീക്ഷിച്ചിട്ടും പ്രത്യയശാസ്ത്ര പ്രായോഗികവത്കരണത്തില്‍ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്ന് തുറന്നുപറയുക. ഇന്ത്യയെ അടുത്തറിയാന്‍ ശ്രമിച്ച മാര്‍ക്‌സും, എംഗല്‍സും ഇന്ത്യയിലെ ജാതിയും ആചാരക്രമങ്ങളും മതവും ഭിന്നതയും മാനുഷിക സമാനതകളെ നശിപ്പിക്കുന്നുവെന്ന് മുന്‍കൂട്ടി മനസ്സിലാക്കുകയും ഇത്തരം ദുരാചാരങ്ങള്‍ക്ക്  എതിരായി പൊരുതാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തദ്ദേശീയ കമ്മ്യൂണിസ്റ്റുകള്‍ ജാതിയെ തൊട്ടുകളിക്കാന്‍ ഭയപ്പെടുന്നവരാണ്.
മനുഷ്യന്‍ ജാതിയും അടിമവ്യവസ്ഥകളും കൊണ്ട് സമൂഹത്തെ ഉച്ചനീചത്വങ്ങള്‍ നിലനിര്‍ത്തി കുരങ്ങിനെയും പശൂവിനെയും ദൈവമാക്കി ആരാധിക്കുന്നതുപോലുള്ള ദുരാചാരങ്ങളെ കാറല്‍മാര്‍ക്‌സ് തന്നെ അപഹസിച്ചിട്ടും ഇന്‍ഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം കാതലായ ഇത്തരം പ്രമാണങ്ങള്‍ക്കുനേരെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. തങ്ങള്‍ക്ക് ജാതിയും മതവും ഇല്ലെന്ന് ആണയിട്ടുപറയുന്നവര്‍ തന്നെ മതസൗഹാര്‍ദ സെക്കുലര്‍ ജാഥകള്‍ നടത്തി തെരുവു തെണ്ടുന്ന തട്ടിപ്പുകളാണ് അരങ്ങേറി ക്കൊണ്ടിരിക്കുന്നത്.
മാര്‍ക്‌സിസവും കമ്മ്യൂണിസവും സിദ്ധാന്തപരമായി വിജയമോ പരാജയമോ എന്ന പരിശോധനയില്‍ ഏഴവര്‍ഗങ്ങളുടെ പരമാധികാരം നമുക്ക് കണ്ടെത്താന്‍ കഴിയുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം ലോകത്തൊരിടത്തും തൊഴിലാളി വര്‍ഗത്തിന്റെ കരങ്ങളിലേക്ക് അധികാരം കൈമാറിയിട്ടില്ല എന്ന തിരിച്ചറിവാണ്. തൊഴിലാളി വര്‍ഗത്തിനുവേണ്ടി മറ്റു ചില വര്‍ഗങ്ങള്‍ ഭരിക്കുകയെന്ന നയമാണ് കാലങ്ങളായി സ്വീകരിച്ചുവരുന്നത്.  ഇന്‍ഡ്യയിലായപ്പോള്‍ അത് മനുസ്മൃതി / വേദാന്ത കമ്യൂണിസമായി പരിവര്‍ത്തിപ്പിച്ചുവെന്ന് മാത്രം.
പാര്‍ലമെന്ററി വ്യാമോഹവും ജനാധിപത്യ ഭരണസമ്പ്രദായവും നിലവിലുള്ള ഇന്‍ഡ്യയില്‍ ജനാധിപത്യവും വര്‍ഗ സമരവും പരസ്പരം കൂടി ചേരാത്ത സമാന്തരരേഖകളാണെന്ന യാഥാര്‍ഥ്യം  ഉള്‍ക്കൊള്ളാന്‍ കമ്മ്യൂണിസ്റ്റുകള്‍ ഇനിയെങ്കിലും തയ്യാറാകണം. ലോകത്തൊരിടത്തും ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്തും ഇന്നോളം വര്‍ഗസമരം നടന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഒരിക്കലും അങ്ങനെ സംഭവിക്കുകയുമില്ല. അത് നന്നായറിയാവുന്നരാണ് ഇന്‍ഡ്യയിലെ മനുവാദ കമ്യൂണിസ്റ്റ് തമ്പുരാക്കന്മാര്‍. അതുകൊണ്ടാണ് ഓരോ പാര്‍ട്ടി കോണ്‍ഗ്രസുകളിലും തെറ്റുതിരുത്തല്‍ പ്രക്രിയ നടത്തിക്കൊണ്ടു നേതൃത്വം അണികളില്‍ നിന്നും ഓടിയൊളിക്കുന്നത്.
ഇന്ത്യയില്‍ നിലവിലിരിക്കുന്ന ജാതി സമ്പ്രദായത്തെക്കുറിച്ച് അവഗാഹ മുണ്ടായിരുന്നു മാവോ സെതൂങ്ങിന് ഇന്‍ഡ്യയിലെ പാര്‍ട്ടി പ്രവര്‍ത്തനം പ്രബലപ്പെടുത്തേണ്ടത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചൈനയിലെത്തിയ കമ്മ്യൂണിസ്റ്റ് പ്രതിനിധി സംഘത്തോട് അവര്‍ ഇന്ത്യയിലെ ജാതി-മത ഘടകങ്ങളെക്കുറിച്ച് പരാമര്‍ശിക്കപ്പെടാന്‍ തയ്യാറാവാതിരുന്നപ്പോള്‍ മാവോ ക്ഷോഭത്തോടെ, ”നിങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരവും ജനതയുടെ പ്രശ്‌നവും ജാതിഘടനയും ആദ്യം  പഠിക്കുക. പിന്നെയാകാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം” (ഹിന്ദുമതവും കമ്മ്യൂണിസവും, പേജ് 48 പി പരമേശ്വരന്‍) എന്നുപറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥിതിയെ നിരാകരിച്ചുകൊണ്ടുളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്ററി സംവിധാനത്തോട് സമരസപ്പെട്ടുകഴിഞ്ഞു. അപ്പോഴും മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ജാതിരഹിത ഇന്ത്യയെ സ്വപ്‌നം കാണുകയും ചെയ്യുന്നു. എന്നാല്‍ ജാതി നശീകരണത്തിനുവേണ്ടി നടപടികള്‍ ഫലപ്രദമായി കൈക്കൊളളാന്‍ സിപിഎമ്മിന് നാളിതുവരെയായി കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ജാതിയും മതവും ഇല്ലെന്ന് പറയുന്ന സിപിഎംതന്നെ മതസൗഹാര്‍ദ്ദ ജാഥകള്‍ക്ക് നേതൃത്വം നല്‍കുന്ന വിരോധാഭാസമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഒരുതരം ഇരട്ടത്താപ്പ് നയമാണ് ഇവര്‍ കൈക്കൊണ്ടുവരുന്നത്.
ആത്മാര്‍ത്ഥവും കറതീര്‍ന്നതുമായ പ്രവര്‍ത്തനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ത്യയില്‍ കാഴ്ചവച്ചതെങ്കില്‍ തീര്‍ച്ചയായും അത് അധഃകൃതവിഭാഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ഗുണകരമായി ഭവിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വര്‍ഗവിപ്ലവം സാധ്യമാകരുതെന്ന് ഉറപ്പിച്ച ജന്മിബൂര്‍ഷപൗരോഹിത്യകൂട്ടുകെട്ടുകള്‍ ഞങ്ങള്‍തന്നെ കമ്മ്യൂണിസ്റ്റുകാര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് പാര്‍ട്ടി കൈയടക്കികഴിഞ്ഞ ദുരന്തമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വന്നുഭവിച്ചത്. മതാധിപന്മാരുടെ അരമനകളിലും ആത്മീയ വ്യാപാരകേന്ദ്രങ്ങളിലും പാര്‍ട്ടി സെക്രട്ടറിമാരും നേതൃത്വവും അലഞ്ഞുതിരിയുന്ന അവസ്ഥയിലേക്ക് പ്രത്യയശാസ്ത്ര പരാജയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാകെ ബാധിച്ചിട്ടുണ്ട്.
ഇനിയും എത്ര പാര്‍ട്ടികോണ്‍ഗ്രസുകള്‍ ചേര്‍ന്നാലും പ്ലീനങ്ങള്‍ ചര്‍ച്ചചെയ്താലും  പരിഹരിക്കപ്പെടാതെ സിപിഎം പ്രത്യയശാസ്ത്രം ഇന്ത്യയില്‍ അപ്രായോഗികമായിത്തന്നെ തുടരും. അതുകൊണ്ടാണ് ഒരു കുഞ്ഞനന്തന്‍ ജയിലിലേക്ക് പോകുമ്പോള്‍ മറെറാരു കുഞ്ഞനന്തന് സിപിഎംലേക്ക് മടങ്ങിവരേണ്ട ഗതികേടിലെത്തുന്നത്.
ഒന്നാം പ്ലീനത്തില്‍ സഖാവ് ജ്യോതിബസു പ്രസ്താവിച്ചതുപോലെ ആശയങ്ങളെ ആയുധമണിയിക്കാന്‍ സിപിഎംന് കഴിഞ്ഞില്ല. അതുകൊണ്ടായിരിക്കാം ആയുധങ്ങളെ ആശയമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ബോംബുകളും വടിവാളുകളും പ്രത്യയ ശാസ്ത്രങ്ങളെ നിണമണിയിക്കുമ്പോള്‍ വിപ്ലവം എന്നപദം പോലും അരാജകവാദിയുടെ പിറുപിറുക്കലാവാം.
സഖാക്കന്മാരുടെ നേതാക്കന്മാര്‍ക്ക് ഇനിയും വൈകിയിട്ടില്ല. കുമ്പസാര കൂടുകള്‍ക്ക് വെളിയില്‍നിന്ന് ഓരോ നേതാക്കന്മാരും ഉറക്കെ വിളിച്ചുപറയുക; പിഴ… എന്റെ പിഴ; എന്റെ പിഴ… എന്റെ വലിയ പിഴ…                   ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss