|    Jan 20 Fri, 2017 7:30 am
FLASH NEWS

പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ട: പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി

Published : 18th July 2016 | Posted By: SMR

പത്തനംതിട്ട: മലയോര ജില്ലയായ പത്തനംതിട്ടയെ പ്ലാസ്റ്റിക് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ട പദ്ധതി പ്രഖ്യാനത്തില്‍ ഒതുങ്ങി. പദ്ധതിയുടെ ഭാഗമായി അഞ്ച് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്ലാസ്റ്റിക് റിക്കവറി സെന്ററുകളുടെ പ്രവര്‍ത്തനവും ഫയലില്‍ ഒതുങ്ങിയതോടെ ജില്ലയില്‍ പ്ലാസ്റ്റിക് ഉപയോഗം വര്‍ധിച്ചതായാണ് റിപോര്‍ട്ട്. അടുത്തിടെയായി 10 ശതമാനത്തില്‍ കൂടുതല്‍ കാരിബാഗുകളുടെയും മറ്റും വിപണനം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്.
ഒരു മാസം 50 ലക്ഷം പ്ലാസ്റ്റിക് കവറുകള്‍ മാത്രം ജില്ലയില്‍ വിറ്റുപോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് പകരം തുണികൊണ്ടുള്ള കാരിബാഗുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതും അട്ടിമറിക്കപ്പെട്ടതോടെ പഌസ്റ്റിക് രഹിത പത്തനംതിട്ട ഇന്ന് പ്ലാസ്റ്റിക് പൂരിത പത്തനംതിട്ടയായി മാറിക്കൊണ്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടതിത്തന്റെ നേതൃത്വത്തില്‍ 2011 നവംബര്‍ 14ന് ആണ് പ്ലാസ്റ്റിക് വിമുക്ത പത്തനംതിട്ടക്ക് തുടക്കം കുറിച്ചത്. അന്നത്തെ ജില്ലാ കലക്ടറായിരുന്ന പി. വേണുഗോപാലിന്റെ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. തുടക്കത്തില്‍ വിജയകരമായിരുന്ന പദ്ധതി പി വേണുഗോപാല്‍ സ്ഥലം മാറിപ്പോയതോടെയാണ് അട്ടിമറിക്കപ്പെട്ടത്. തുടര്‍ന്ന് വന്ന ജില്ലാ കലക്ടര്‍മാര്‍ പദ്ധതിക്ക് വേണ്ടത്ര പ്രാധാന്യവും നല്‍കിയില്ല.
പദ്ധതിക്കെതിരേ തുടക്കത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത തരത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികളും പിന്നീട് പിന്‍തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേപ്പര്‍ ക്യാരി ബാഗുകളും തുണിസഞ്ചികളും വിപണിയില്‍ എത്തിച്ചത്. ജില്ലയെ പഌസ്റ്റിക് രഹിതമാക്കുക, കുടുംബശ്രീകള്‍ മുഖേന തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുക, ജലസ്രോതസ്സുകളെയും നദിയെയും സംരക്ഷിക, കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയെ പഌസ്റ്റിക് രഹിതമാക്കുക, വനസമ്പത്ത് സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.
പദ്ധതി പ്രകാരം പ്ലാസ്റ്റിക്കിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനായി എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ക്ലോത്ത് കാരിബാഗ് യൂനിറ്റുകള്‍ക്ക് രൂപം നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി. ജില്ലയില്‍ ഇപ്പോള്‍ ഒരു മാസം ശരാശരി 60 ലക്ഷത്തോളം കവറുകളാണ് വേണ്ടത്. ശബരിമല തീര്‍ത്ഥാടന കലാമായാല്‍ ഇതിന്റെ ഇരിട്ടിയിലധികം വര്‍ധന ഉണ്ടാവും. ജില്ലയിലേക്ക് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എത്താതിരിക്കാന്‍ അതിര്‍ത്തികളില്‍ നാല് സാനിട്ടേഷന്‍ ചെക്ക് പോസ്റ്റുകള്‍ ആരംഭിക്കാന്‍ പദ്ധിയുണ്ടായിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ജില്ലയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെയും അന്യസംസ്ഥാനക്കാരുടെയും സമീപജില്ലക്കാരുടെയും കൈയ്യിലുള്ള പ്ലാസ്റ്റിക് ഉല്‍ന്നങ്ങള്‍ വാങ്ങിയ ശേഷം പകരം പ്രകൃതിക്ക് ഇണങ്ങിയ ഉല്‍പന്നങ്ങള്‍ നല്‍കുകയായിരുന്നു ലക്ഷ്യം.
പ്ലാസ്റ്റിക്കും മറ്റ് റീസൈക്കിള്‍ ചെയ്യാവുന്ന ഉല്‍പന്നങ്ങളും വില നല്‍കി വാങ്ങുന്നതിന് ഗ്രാമ നഗരപ്രദേശങ്ങളില്‍ 57 റിസോഴ്‌സ് റിക്കവറി സെന്റ്‌റുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ടെങ്കിലും നാമമാത്രമായ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലാണ് ഇത് പേരിനെങ്കിലും നടപ്പാക്കിയത്. ഇതും പിന്നീട് അടച്ചുപൂട്ടപ്പെട്ടു. പ്ലാസ്റ്റിക് ശേഖരണം നിരവധിയാളുകള്‍ക്ക് ജോലി സാധ്യതയും നല്‍കിയിരുന്നു. എന്നാല്‍ ഇവയെല്ലാം പാഴായതോടെ ജില്ലയില്‍ പ്ലാസ്റ്റിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക