|    Apr 21 Sat, 2018 3:13 pm
FLASH NEWS

പ്ലാസ്റ്റിക് രഹിത വയനാട്: പൊതുജനംസഹകരിക്കണമെന്നു വികസന സമിതി

Published : 5th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: പ്ലാസ്റ്റിക് രഹിത വയനാടിനായി പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം വേണമെന്നു ജില്ലാ വികസമസമിതി യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തില്‍ മാതൃകപരമായ തീരുമാനമാണ് പ്ലാസ്റ്റിക് കവറുകളുടെ നിരോധനം. കൃഷിയിടങ്ങളെയും മണ്ണിനെയും ഒരുപോലെ മലിനമാക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്കു പകരം തുണിസഞ്ചികളും മറ്റും ഉപയോഗിക്കാന്‍ ഏവരും തയ്യാറാവണം. സമൂഹത്തില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ തന്നെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗത്തില്‍ നിന്നു പിന്തിരിഞ്ഞിട്ടുണ്ട്. ബോധവല്‍ക്കരണം കൂടി വ്യാപിപ്പിച്ചാല്‍ ശേഷിക്കുന്ന വിഭാഗവും ഈ യജ്ഞത്തില്‍ പങ്കാളിയാവുമെന്ന് ഒ ആര്‍ കേളു എംഎല്‍എ പറഞ്ഞു. ഒരുകാലത്ത് സന്തുലിതമായ ആവാസ വ്യവസ്ഥ നിലനിന്നിരുന്ന നാടായിരുന്നു വയനാട്. ഇപ്പോള്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മണ്ണിലേക്ക് അടിയുന്നത്. ഇനിയും ഇതിനു മാറ്റമുണ്ടായില്ലെങ്കില്‍ വരുംകാല വയനാടിന് കനത്ത വെല്ലവിളിയാവുമെന്നും യോഗം വിലയിരുത്തി. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്ന് ഒ ആര്‍ കേളു എംഎല്‍എ ആവശ്യപ്പെട്ടു. വിവാദങ്ങളുടെ പേരില്‍ പദ്ധതി നടത്തിപ്പില്‍ വീഴ്ചവരുത്താന്‍ പാടില്ല. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. ജില്ലയിലെ അരിവാള്‍ രോഗികള്‍ക്കായി ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐടിപി പ്രൊജക്റ്റ് ഓഫിസര്‍ യോഗത്തെ അറിയിച്ചു. 46 പേര്‍ക്ക് ഒരേക്കര്‍ ഭൂമി വിതരണം ചെയ്യാനാണ് തീരുമാനം. സര്‍ക്കാരില്‍ നിന്നുള്ള അവസാനഘട്ട അനുമതിക്കായി കാത്തിരിക്കുകയാണ്. ആദിവാസികള്‍ക്കായി ഭൂമി വാങ്ങാന്‍ ഫണ്ടനുവദിച്ചിട്ട് 10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തതിനെതിരേ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ വരള്‍ച്ച തടയുന്നതിനായുള്ള പദ്ധതികളും യോഗത്തില്‍ വിശദീകരിച്ചു. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനമില്ലാത്ത നാടായി പ്രഖ്യാപിക്കുന്നതിനുള്ള ഓപ്പണ്‍ ഡെഫിക്കേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലയില്‍ 6,300ഓളം കക്കൂസുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു. നാലു പഞ്ചായത്തുകള്‍ ഇതിനകം സമ്പൂര്‍ണ ഒഡിഎഫ് പഞ്ചായത്തുകളായി പ്രഖ്യാപനം നടത്തി. മറ്റുള്ളവയെല്ലാം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. 80 ശതമാനത്തോളം ലക്ഷ്യം കൈവരിക്കാന്‍ ഇതിനകം സാധിച്ചു. കൈയേറ്റ ഭൂമിയിലെ ആദിവാസികളും കക്കൂസിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇവ പൂര്‍ത്തിയാക്കാന്‍ വനംവകുപ്പിന്റെ സഹകരണം കൂടി വേണമെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു. പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ പഞ്ചായത്തുകളിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം സഹകരണം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി 11,876 അപേക്ഷകള്‍ ലഭിച്ചതായി കെഎസ്ഇബി യോഗത്തെ അറിയിച്ചു. പതിനൊന്നര കോടി രൂപയോളം ഇതിനായി വേണ്ടിവരുമെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി. മാനന്തവാടി മണ്ഡലത്തില്‍ മാത്രം 2,826 അപേക്ഷകരാണുള്ളത്. പദ്ധതി പൂര്‍ത്തീകരണത്തിനായി 80 ശതമാനത്തോളം ഫണ്ട് ഇനിയും കണ്ടെത്തണം. വയറിങ് നടത്താത്ത വീടുകളാണ് കൂടുതല്‍. ഇതിനായി ഫണ്ട് സ്വരൂപിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതി വേണമെന്നും അഭിപ്രായമുയര്‍ന്നു. പഞ്ചായത്തുകള്‍ ഗുണഭോക്തൃ ലിസ്റ്റ് ഉടന്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.ക്ഷീര കര്‍ഷകര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ എം വി മോഹന്‍ദാസ്, അബ്ദുല്‍ റഷീദ് എന്നിവരെ യോഗത്തില്‍ ആദരിച്ചു. ജില്ലാ കലക്ടര്‍ ബി എസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഒ ആര്‍ കേളു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss