|    Aug 18 Fri, 2017 12:39 am
FLASH NEWS

പ്ലാസ്റ്റിക് ബാഗുകളുടെ മൈക്രോണ്‍ പരിശോധിക്കാന്‍ സംവിധാനമില്ല

Published : 4th August 2017 | Posted By: fsq

 

കാസര്‍കോട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന്റെ ആദ്യഘട്ടമായി സംസ്ഥാന സര്‍ക്കാര്‍ 51 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ 51 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വ്യാപകം. നഗരസഭകള്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും കനം കുറഞ്ഞതും പുനര്‍നിര്‍മിക്കാന്‍ സാധിക്കാത്തതുമായ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ സജീവമാണ്. വ്യാപാരികള്‍ ഇവ വില്‍ക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പെടെ സാധനങ്ങള്‍ നല്‍കുന്നത് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളിലാണ്. കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപഭോഗം കുറയ്ക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും മൈക്രോണ്‍ പരിശോധിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന കാര്യക്ഷമമാകുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റുകളിലും വന്‍കിട സ്ഥാപനങ്ങളിലും തുണികൊണ്ടുള്ള ക്യാരി ബാഗുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും വഴിയോര കച്ചവടക്കാരും ജില്ലയിലെ ഉള്‍നാടന്‍ കച്ചവട സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഫഌക്‌സ് ബോര്‍ഡുകളുടെ ഉപഭോഗം കുറക്കണമെന്ന് സംസ്ഥാനതലത്തില്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ചെറിയ പൊതുപരിപാടികളില്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫഌക്‌സ് ബോര്‍ഡുകളാണ് ഉപയോഗിക്കുന്നത്. 51 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ഗ്ലാസുകള്‍ വിപണിയില്‍ ഇപ്പോഴും സജീവമാണ്. ലക്ഷങ്ങള്‍മുടക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക്കിനെതിരെ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഇവ ഫലം കാണുന്നില്ല. ഉപഭോക്താക്കള്‍ക്ക് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍പന നടത്തില്ലെന്ന് വ്യാപാരി വ്യവസായി സമിതി തീരുമാനം എടുത്തിട്ടുണ്ട്. എന്നാല്‍ സൗജന്യമായി ഇവ നല്‍കുന്നുമുണ്ട്. കുടുംബശ്രീകളുടെ സഹകരണത്തോടെ തുണി, കടലാസ് ബാഗുകള്‍ വിപണിയില്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ തന്നെ സാധനം കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് വ്യാപാരികള്‍ പറയുന്നത്. കുമ്പള, മഞ്ചേശ്വരം, ഉപ്പള തുടങ്ങിയ പ്രദേശങ്ങളില്‍ കര്‍ണാടകയില്‍ നിന്നും 30 മൈക്രോണ്‍ പോലും ഇല്ലാത്ത ക്യാരി ബാഗുകളാണ് എത്തുന്നത്. മല്‍സ്യവ്യാപാരികളും വഴിയോര കച്ചവടക്കാരും വില കുറവായതിനാല്‍ ഇപ്പോഴും ഇത്തരം ബാഗുകളിലാണ് സാധനം നല്‍കുന്നത്. ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കര്‍ശന നടപടി സ്വീകരിക്കുകയും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മൈക്രോണ്‍ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയാല്‍ മാത്രമേ 51 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റികിന്റെ ഉപഭോഗം കുറക്കാന്‍ കഴിയൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ദേശീയപാതയോരത്തും പൊതു സ്ഥലത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുമ്പോഴും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ള്‍ നിസംഗതയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക