|    Feb 26 Sun, 2017 8:15 pm
FLASH NEWS

പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിക്ക് ഇന്നു തുടക്കം

Published : 1st November 2016 | Posted By: SMR

കണ്ണൂര്‍: അടുത്തവര്‍ഷം ഏപ്രില്‍ രണ്ടോടെ കണ്ണൂരിനെ പ്ലാസ്റ്റിക് കാരിബാഗ്, ഡിസ്‌പോസബ്ള്‍ പ്ലെയിറ്റ്, കപ്പ് വിമുക്ത ജില്ലയായി പ്രഖ്യാപിക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. മാലിന്യനിര്‍മാര്‍ജന-ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് കേരളപ്പിറവി ദിനമായ ഇന്ന് തുടക്കമാവും.അഞ്ചുമാസം കൊണ്ട് ഇവ പടിപടിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍-നല്ല നാട്, നല്ല മണ്ണ് എന്നതാണ് കാംപയിന്റെ മുദ്രാവാക്യം. പ്ലാസ്റ്റിക് കാരിബാഗില്‍ കെട്ടിയ മാലിന്യങ്ങളും ആഘോഷവേളകളില്‍ ഉപയോഗിച്ച ഡിസ്‌പോസബ്ള്‍ പ്ലേറ്റുകളും കപ്പുകളുമാണ് പാതയോരങ്ങളെയും ജലസ്രോതസ്സുകളെയും മലിനപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോരുത്തരും മനസ്സുവച്ചാല്‍ നിത്യജീവിതത്തില്‍നിന്ന് എളുപ്പത്തില്‍ ഒഴിവാക്കാനാവുന്ന സാധനങ്ങളാണിവ. പദ്ധതി നടപ്പാവുന്നതോടെ ജില്ലയിലെ പ്ലാസ്റ്റിക് മാലിന്യം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. പെട്ടെന്ന് ഒഴിവാക്കാന്‍ പ്രയാസമുള്ള മറ്റു പ്ലാസ്റ്റിക് സാധനങ്ങള്‍ വൃത്തിയാക്കി റീസൈക്കിള്‍ ചെയ്യാനാവും.പദ്ധതിയുമായി ബന്ധപ്പെട്ട് മേയറുടെ സാന്നിധ്യത്തില്‍ നടന്ന കോര്‍പറേഷന്‍, നഗരസഭ, പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ യോഗത്തില്‍ എല്ലാവരും പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. നവംബര്‍ ഒന്നുമുതലുള്ള അഞ്ച് മാസത്തിനിടയില്‍ കൃത്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഈ മൂന്നു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍എസ്എസ് വോളന്റിയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്തും. ഏപ്രില്‍ രണ്ടോടെ ഈ മൂന്ന് പ്ലാസ്റ്റിക് സാധനങ്ങള്‍ ജില്ലയില്‍ വില്‍ക്കുന്നതും വാങ്ങുന്നതും അവസാനിക്കും. പ്ലാസ്റ്റിക് കാരിബാഗിനു പകരം കൈത്തറിയില്‍ നെയ്ത ബാഗുകള്‍ക്ക് വ്യാപക പ്രചാരണം നല്‍കും. സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുടമകള്‍, കാറ്ററിങ് ഏജന്‍സികള്‍, ഓഡിറ്റോറിയം നടത്തിപ്പുകാര്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ പ്രാദേശികമായി വിളിച്ചുചേര്‍ക്കും. ജില്ലയിലെ പുഴകളിലും മറ്റും എത്രമാത്രം മാലിന്യം കുന്നുകൂടിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ വിദ്യാര്‍ഥികളെയും മറ്റും പങ്കെടുപ്പിച്ച് യാത്രകള്‍ സംഘടിപ്പിക്കും. വൃത്തിയാക്കിയ പ്ലാസ്റ്റിക് ബാഗുകളും മറ്റും വിദ്യാര്‍ഥികളിലൂടെ സ്‌കൂളിലെത്തിച്ച് കേന്ദ്രീകൃതമായി സംസകരിക്കുന്ന ‘കലക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍’ പദ്ധതിയും കാംപയിന്റെ ഭാഗമായി നടക്കും. പ്ലാസ്റ്റിക് സാധനങ്ങള്‍ നമുക്കും പ്രകൃതിക്കും എങ്ങനെ ഹാനികരമാവുന്നു എന്നതിനെയും അവ ഒഴിവാക്കിയുള്ള ബദല്‍ രീതികയെും കുറിച്ച് പ്രചാരണം നടത്തും. പ്ലാസ്റ്റിക്‌വിമുക്ത കണ്ണൂരെന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുന്നതോടെ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് അതേറെ ഗുണം ചെയ്യുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. കാംപയിന്‍ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പ്രകാശനം ചെയ്തു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍, ഇരിണാവ് വീവേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, കല്യാശ്ശേരി വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപറേറ്റീവ് സൊസൈറ്റി എന്നിവര്‍ രൂപകല്‍പന ചെയ്ത് പുറത്തിറക്കിയ കൈത്തറി ബാഗുകളുടെ ലോഞ്ചിങും ചടങ്ങില്‍ ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രമേശന്‍, ഇരിണാവ് വീവേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി സെക്രട്ടറി അനില്‍കുമാര്‍, വൈശാഖ്, നിഫ്റ്റ് വിദ്യാര്‍ഥികളയ വിഷ്ണു, ഹിബ, ഇന്ദുജ, അവിനാശ്, മെഹെക് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day