|    Nov 17 Sat, 2018 1:15 am
FLASH NEWS
Home   >  Editpage  >  Article  >  

പ്ലാസ്റ്റിക് നിരോധനം പ്രായോഗികമോ?

Published : 13th March 2018 | Posted By: kasim kzm

പി കെ ഉണ്ണി

ആഗോളതലത്തില്‍ വളര്‍ന്നു വികസിച്ച ഒരു വന്‍ വ്യവസായമാണ് പെട്രോകെമിക്കല്‍സ്. പെട്രോളിയം ശുദ്ധിചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രധാന ഉല്‍പന്നങ്ങളാണ് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, ലൂബ്രിക്കേറ്റിങ് ഓയില്‍, നാഫ്ത, പാരഫിന്‍ വാക്‌സ് മുതലായവ. ഈ ശുദ്ധീകരണപ്രക്രിയയില്‍ മിച്ചം വരുന്നതോ ഉപഭോഗം കുറഞ്ഞതോ ആയ ലൂബ്രിക്കേറ്റിങ് ഓയില്‍, നാഫ്ത മുതലായവ ചില രാസത്വരകങ്ങളുടെ സാന്നിധ്യത്തില്‍ ശക്തമായി തപിപ്പിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന എതിലിന്‍, പ്രൊപ്പിലിന്‍ മുതലായ വാതകങ്ങള്‍ പോളിമറൈസ് ചെയ്താണ് പോളി എതിലിന്‍ അഥവാ പോളിത്തീന്‍, പോളിപ്രൊപിലിന്‍ മുതലായ ഖരപദാര്‍ഥങ്ങള്‍ ചെറുഗുളിക രൂപത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇവയില്‍ നിന്നാണ് പിഇ, പിപി, എല്‍ഡി ഫിലിമുകള്‍ പ്ലാസ്റ്റിക് ബാഗ് ഉണ്ടാക്കാന്‍ നിര്‍മിക്കപ്പെടുന്നത്.
പ്ലാസ്റ്റിക് കവര്‍, ഷീറ്റ്, പൈപ്പ്, വിവിധതരം കണ്ടെയ്‌നറുകള്‍, ആശുപത്രി-കുളിമുറി ഉപകരണങ്ങള്‍, കളിക്കോപ്പുകള്‍ മുതലായ ഒട്ടനവധി നിത്യോപയോഗസാധനങ്ങള്‍ പ്ലാസ്റ്റിക് നിര്‍മിതമാണ്. വേറെയൊന്നിനും കൊള്ളാത്തതിനാല്‍ കടലിലോ മറ്റോ ഒഴുക്കിക്കളയേണ്ടിവരുമെന്ന് ഭയപ്പെട്ടിരുന്ന ചില പെട്രോളിയം ഉല്‍പന്നങ്ങള്‍ പുനസ്സംസ്‌കരണവും ശുദ്ധീകരണവും നടത്തി, നിത്യോപയോഗത്തിനുതകുന്ന ഒന്നാംകിട പാക്കിങ് മെറ്റീരിയല്‍സും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ വന്‍ നേട്ടമാണെന്നുള്ളത് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ദൈനംദിന ജീവിതത്തിന്റെ സമസ്ത മേഖലകളിലും അനിവാര്യവും അത്യന്താപേക്ഷിതവുമായ പ്ലാസ്റ്റിക് സാമഗ്രികള്‍ പാടേ നിരോധിക്കാന്‍ മുമ്പും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പല പ്രഗല്ഭന്‍മാരും പണിപ്പെട്ട് പരാജയപ്പെട്ട ഒരു സംഭവപരമ്പരയായി അത് ഇന്നും നമ്മുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നുണ്ട്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്ലാസ്റ്റിക്കിന്റെ ആളോഹരി ഉപഭോഗം ഇന്ത്യയിലുള്ളതിന്റെ എട്ടോ പത്തോ ഇരട്ടിയാണ്. പക്ഷേ, അവിടെ മലിനീകരണപ്രശ്‌നമില്ല. ജനങ്ങള്‍ പൗരബോധമുള്ളവരാണ്. ഭരണകൂടം നിതാന്തജാഗ്രത പുലര്‍ത്തുന്നുമുണ്ട്. അതിനാല്‍ പ്ലാസ്റ്റിക് നിരോധനം ആവശ്യമില്ല.
ഈ പശ്ചാത്തലത്തില്‍ വേണം പ്ലാസ്റ്റിക്കിന്റെ സമ്പൂര്‍ണ നിരോധനത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ നോക്കിക്കാണാന്‍. ചില പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ജില്ലാ കലക്ടര്‍മാരും ഈ പണി ഏറ്റെടുത്തു നടപ്പാക്കിവരുകയാണ്. സംസ്ഥാനത്തുടനീളം ഒരേയൊരു നിയമം എന്ന നിലയ്ക്കല്ല, മറിച്ച് ചിലയിടങ്ങളില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിവരുകയാണെന്നു തോന്നുന്നു. പടിപടിയായി സമ്പൂര്‍ണ നിരോധനമാണത്രേ ലക്ഷ്യം. ഇതു പ്രായോഗികമാണോ പകരം വയ്ക്കാന്‍ വേറെ വല്ലതുമുണ്ടോ എന്ന് ആലോചിച്ചിട്ടില്ല. കടലാസ്, തുണി, ചണ, ഗ്ലാസ് മുതലായവയെ ബഹുദൂരം പിന്നിലാക്കി പ്ലാസ്റ്റിക് എന്ന ‘വില്ലന്‍’ മുന്നേറുകയാണ്. വിലക്കുറവ്, ഭാരക്കുറവ്, ഭംഗി, ഉറപ്പ്, ഉപയോഗിക്കാനുള്ള സൗകര്യം  എന്നീ ഗുണങ്ങളില്‍ പ്ലാസ്റ്റിക് തന്നെയാണ് വമ്പന്‍. പ്ലാസ്റ്റിക് നിരോധിച്ചാല്‍ അത് പെട്രോകെമിക്കല്‍ വ്യവസായത്തെ മാത്രമല്ല, കാര്‍ഷിക-വ്യാവസായിക-വാണിജ്യ-ഗാര്‍ഹിക മേഖലകളെ ഒന്നടങ്കം സാരമായി ബാധിക്കും. വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നിയന്ത്രണമോ നിരോധനമോ ആവാം. നല്ലതുതന്നെ. പക്ഷേ, നാടടക്കി നിരോധിക്കാന്‍ ശ്രമിച്ചാല്‍ അതു പരാജയപ്പെടുകയേയുള്ളൂ.
ഒരു കാരണവശാലും റോഡരികിലോ പുറമ്പോക്കിലോ പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ വലിച്ചെറിയരുത്. ഉപയോഗശേഷം വൃത്തിയാക്കി ശേഖരിച്ചുവച്ചാല്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റുകള്‍ ന്യായവിലയ്ക്ക് അത് എടുത്തുകൊണ്ടുപോവും. ഏതെങ്കിലും വിധത്തില്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം. കര്‍ശന ശിക്ഷ ഉറപ്പുവരുത്തണം. ഈ ദിശയിലുള്ള പ്രവര്‍ത്തനത്തിന് റസിഡന്റ്‌സ് അസോസിയേഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ വിജിലന്‍സ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനരംഗത്തു വരണം.
പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ പുനചംക്രമണം ചെയ്ത് പുതിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാം. ഏതാണ്ട് 12 തവണയെങ്കിലും ഈ പുനചംക്രമണം ആവര്‍ത്തിക്കാവുന്നതാണ്. അതിനാല്‍ പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളുടെ പുനചംക്രമണം വഴി മാലിന്യനിര്‍മാര്‍ജനം വിജയകരമായി നടത്താം. കൂടാതെ റോഡ് ടാര്‍ ചെയ്യാനും സിമന്റ് ചൂളയില്‍ ഇന്ധനമായും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. ഇതും പ്രോല്‍സാഹിപ്പിക്കണം. ഇത്തരത്തില്‍ പൊതുസമൂഹത്തിന്റെ സഹകരണത്തോടെ മുന്നോട്ടുപോയാല്‍ പെട്രോകെമിക്കല്‍ വ്യവസായത്തിനും ഗുണം ചെയ്യും. അതുവഴി പെട്രോള്‍-ഡീസല്‍ വില പിടിച്ചുനിര്‍ത്താനും കഴിയും.
അവസാനമായി ഒരുകാര്യം കൂടി. നോണ്‍ വൂവണ്‍ പിപി എന്ന പേരില്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതും തുണിസഞ്ചി എന്ന വ്യാജ പേരില്‍ ക്രയവിക്രയം ചെയ്യപ്പെടുന്നതുമായ സാധനം പൂര്‍ണമായും പ്ലാസ്റ്റിക് തന്നെയാണ്. ശുദ്ധമായ പിപി ഫിലിം തീര്‍ത്തും സുതാര്യമാണ്. ഗ്ലാസ് പോലെയിരിക്കും. ഏതാണ്ട് രണ്ടുശതമാനത്തോളം കാല്‍സിയം കാര്‍ബണേറ്റ് ചേര്‍ത്താല്‍ നേരിയ വെളുത്ത നിറം ലഭിക്കും. ഇതാണ് നോണ്‍ വൂവണ്‍ പിപി ഫിലിം. ഈ ബിസിനസിന്റെ പിന്നില്‍ ചില വന്‍ ലോബിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഇതു തുണിയാണ്, പ്ലാസ്റ്റിക്കല്ല എന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണ് വ്യാപാരം നടക്കുന്നത്.                                                ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss