|    Jan 22 Sun, 2017 9:59 pm
FLASH NEWS

പ്ലാസ്റ്റിക് നിരോധനം: തുടര്‍ നടപടികളില്ലാതെ നഗരസഭ

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: നഗരസഭ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനത്തില്‍ തുടര്‍നടപടിയില്ലാതെ മെല്ലെപ്പോക്കില്‍. നഗരസഭ കഴിഞ്ഞ ദിവസം മുതല്‍ പരിശോധനകള്‍ തുടങ്ങിയിരുന്നു. 20ഓളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സര്‍ക്കിളുകളിലാണ് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗിക്കുന്നതു തടയാനുള്ള പരിശോധനകള്‍ നടത്തിയത്.
എന്നാല്‍, കര്‍ശന നിരോധനം 15 മുതലെന്നു പ്രഖ്യാപിച്ച നഗരസഭ ഇപ്പോള്‍ നോട്ടീസ് മാത്രം കൊടുക്കലാണു നടത്തുന്നത്. പ്രധാനമായും ചെറുകിട വ്യാപാരികളുടെ എതിര്‍പ്പാണ് നഗരസഭയെ പ്രതിസന്ധിയിലാക്കുന്നത്. ചെറിയ ഹോട്ടലുകള്‍, തട്ടുകടകള്‍, കല്യാണമണ്ഡപങ്ങള്‍ തുടങ്ങിയവയ്ക്കാണ് നോട്ടീസ് കൊടുത്തത്. മെയ് 27നു കൂടിയ കൗണ്‍സില്‍ യോഗമാണ് പ്ലാസ്റ്റിക് നിയന്ത്രണവും 50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് വില്‍പന നിരോധിക്കാനും തീരുമാനിച്ചത്. ഈ മാസം 1 മുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനം. ആദ്യ 15 ദിവസം ബോധവല്‍ക്കരണത്തിനായി മാറ്റിവച്ചു. 15 മുതല്‍ കര്‍ശന നടപടിയെടുക്കുമെന്നായിരുന്നു പ്രഖ്യാപനം.
നഗരസഭയുടെ ഉദ്യമത്തോട് സ്വന്തം നിലയില്‍ സഹകരിച്ച വ്യാപാരികള്‍ പ്ലാസ്റ്റിക് മാറ്റി പേപ്പര്‍ കവറുകളും മറ്റുമാണ് വില്‍ക്കുന്നത്. പ്ലാസ്റ്റിക് വില്‍ക്കരുതെന്നു ചൂണ്ടിക്കാട്ടി വ്യാപാരികള്‍ക്ക് ഇപ്പോഴും നോട്ടീസ് നല്‍കുകയാണെന്നാണ് നഗരസഭാ അധികാരികള്‍ വിശദീകരിക്കുന്നത്. അമ്പത് മൈക്രോണിനു മുകളിലുള്ള പ്ലാസ്റ്റിക്കില്‍ ഹോളോഗ്രാം പതിച്ചുനല്‍കുമെന്നാണ് നേരത്തെ നഗരസഭ പറഞ്ഞിരുന്നത്. എന്നാല്‍, നിരോധനം നടപ്പാകുമെന്നു പറഞ്ഞെങ്കിലും ഇതുവരെ ഹോളോഗ്രാം കിട്ടിയിട്ടില്ല. നിശ്ചിത മൈക്രോണിനു മേലെയുള്ള പ്ലാസ്റ്റിക് മാത്രമേ വിപണിയില്‍ എത്തുന്നുള്ളൂവെന്ന് ഉറപ്പാക്കേണ്ടത് ഉല്‍പാദനകേന്ദ്രങ്ങള്‍ തന്നെയാണെന്ന വാദമാണ് നഗരത്തിലെ വ്യാപാരികള്‍ ഉയര്‍ത്തുന്നത്.
ഈ വാദം കണക്കിലെടുത്ത് നഗരസഭാപരിധിക്കു പുറത്തുള്ള പ്രദേശങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്കിന്റെ വരവ് നിയന്ത്രിക്കാ ന്‍ ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. പ്ലാസ്റ്റിക്കിനൊപ്പം കുപ്പികള്‍ കൂടി നഗരത്തില്‍ നിന്നു ശേഖരിച്ചു മാറ്റാമെന്നു കരുതി കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ ശേഖരിക്കല്‍ പരിപാടി നടത്തി. എന്നാല്‍, മൂന്നു കേന്ദ്രങ്ങളില്‍ മാത്രമാണ് കാര്യമായ ശേഖരിക്കല്‍ നടത്തിയത്. അതിനിടെ പ്ലാസ്റ്റിക് കാരിബാഗ് ഹാള്‍മാര്‍ക്കിങ് നടപ്പാക്കാനുള്ള നഗരസഭാ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. നഗരസഭ നടപ്പാക്കുന്ന പ്ലാസ്റ്റിക് കാരിബാഗ് ഹാള്‍മാര്‍ക്കിങ് അശാസ്ത്രീയവും അപ്രായോഗികവുമാണെന്നു സമിതി ജില്ലാ കമ്മിറ്റി വിലയിരുത്തി.
വ്യാപാരികളെ ദുരിതത്തിലാക്കുന്നതിനൊപ്പം നഗരവാസികളില്‍ പരോക്ഷനികുതി അടിച്ചേല്‍പിക്കുകയാണെന്നും ഏകോപനസമിതി ആരോപിച്ചു. നിശ്ചിത മൈക്രോണിനു മേലുള്ള കാരിബാഗുകളേ വിപണിയിലെത്തുന്നുള്ളൂവെന്ന് ഉല്‍പാദനശാലകള്‍ ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക