|    Mar 20 Tue, 2018 5:50 am
FLASH NEWS

പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വന്നു

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: നഗരസഭ നടപ്പാക്കുന്ന എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായുള്ള ഊര്‍ജിത പ്ലാസ്റ്റിക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരിക തുടക്കമായി. ഇന്നലെ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ധനമന്ത്രി ടി എം തോമസ് ഐസക് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരസഭ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ഭരണകൂടം ക്രിയാത്മകമായി ഇടപെടുമ്പോള്‍ പൊതുജനത്തിനും അതില്‍ നിര്‍ണായക ഉത്തരവാദിത്തമുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിലെ സമസ്ത ജനവിഭാഗവും പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പതാകവാഹകരാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മേയര്‍ അഡ്വ. വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വി എസ് ശിവകുമാര്‍ എംഎല്‍എ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. 50 മൈക്രോണില്‍ താഴെയുള്ള പഌസ്റ്റിക് കവറുകള്‍ക്കാണ് നിയന്ത്രണം വന്നത്.
പരിസ്ഥിതിയെയും ആരോഗ്യത്തെയും ഹനിക്കുന്ന പ്ലാസ്റ്റിക്കിനെതിരായ ബോധവത്കരണവും നിയന്ത്രണ പരിപാടിയും നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുകയാണ്. അതേസമയം, സ്‌റ്റോക്ക് വിറ്റുതീരുന്നതുവരെ പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കരുതെന്ന അഭിപ്രായത്തിലാണ് വ്യാപാരി വ്യവസായികള്‍.
കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റസ്‌റ്റോറന്റ് അസോസിയേഷന്‍, റസിഡന്‍സ് അസോസിയേഷന്‍ ഫെഡറേഷനുകളായ ഫ്രാറ്റ്, ട്രാക്ക് എന്നിവരെയും സഹകരിപ്പിക്കും. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് കവറുകള്‍ ഒരു കാരണവശാലും കച്ചവട സ്ഥാപനങ്ങള്‍ വില്‍ക്കരുതെന്ന് നഗരസഭ അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകള്‍ വാങ്ങി പകരം തുണിസഞ്ചി നല്‍കും. പ്ലാസ്റ്റിക് നിയന്ത്രണത്തിന് ഹോളോഗ്രാം സംവിധാനം കൊണ്ടുവരാനും കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം, ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
മികച്ച രീതിയില്‍ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ജില്ലയിലെ ആദ്യ വിദ്യാലയത്തിനുള്ള ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് സെന്റ് ജോസഫ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ജെ വര്‍ഗീസ് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ശ്രീകുമാര്‍, വഞ്ചിയൂര്‍ പി ബാബു, ആര്‍ ഗീത ഗോപന്‍, സഫീറ ബീഗം, അഡ്വ. ആര്‍ സതീഷ്‌കുമാര്‍, എസ് ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ ഡി അനില്‍കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ ജോ ണ്‍ മാത്യു പങ്കെടുത്തു.
നഗരസഭാ കൗണ്‍സില്‍ പാസാക്കിയ നിയമം അനുസരിച്ച് ഇന്നലെ മുതല്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു. ഈ മാസം 15 വരെ ഊര്‍ജിത ബോധവല്‍ക്കരണ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss