|    Jul 22 Sat, 2017 6:03 pm
FLASH NEWS

പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം; ഹോളോഗ്രാം മുദ്ര പതിപ്പിക്കല്‍ നടപ്പാക്കാനാവാതെ നഗരസഭ

Published : 10th October 2016 | Posted By: SMR

തിരുവനന്തപുരം: ചില്ലറ വ്യാപാരികളുടെ നിസ്സഹകരണത്തെ തുടര്‍ന്ന് പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ ഹോളോഗ്രാം മുദ്ര പതിപ്പിക്കുന്ന പദ്ധതി നടപ്പാക്കാനാവാതെ നഗരസഭ. പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായാണ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്ന പ്ലാസ്റ്റിക് കാരി ബാഗുകളില്‍ ഹോളോഗ്രാം പതിക്കാന്‍ നഗരസഭ തീരുമാനിച്ചത്. ഇതിനായി ഹോളോ ഗ്രാം നിര്‍മിക്കാന്‍ സി-ഡിറ്റിനെ ഏല്‍പ്പിച്ചു.
50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളിലാണ് ഹോളോഗ്രാമുകള്‍ പതിക്കുന്നത്. കഴിഞ്ഞ മാസം പകുതിയോടെ സി-ഡിറ്റില്‍ നിന്നും ഹോളോഗ്രാമുകളും എത്തിച്ചു.  ചെറിയ കവറുകള്‍ക്കും വലിയ കവറുകള്‍ക്കും വേണ്ടി രണ്ട് തരത്തിലുള്ള ഹോളോഗ്രാമുകളാണ് നഗരസഭ ഒരുക്കിയത്. ചെറിയ കവറുകള്‍ക്കുള്ള ഹോളോഗ്രാമിന് മൂന്ന് രൂപയും വലിയ കവറുകള്‍ക്ക് അഞ്ച് രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഈ തുക നല്‍കി വ്യാപാരികള്‍ കോര്‍പറേഷനില്‍നിന്ന് മുദ്ര കൈപ്പറ്റണം. വ്യാപാരികള്‍ തന്നെ കവറുകളില്‍ ഹോളോഗ്രാം ഒട്ടിക്കണം. ഉപയോഗിക്കാന്‍ സൗകര്യത്തിനായി സെല്ലോടേപ്പ് പോലെ റോളുകളായാണ് ഹോളോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. വ്യാപാരികള്‍ക്ക് ആവശ്യാനുസരണം റോളുകളും വാങ്ങി സൂക്ഷിക്കാം.
എന്നാല്‍, അഞ്ചര ലക്ഷത്തില്‍ 25,000ത്തോളം ഹോളോഗ്രാമുകള്‍ മാത്രമാണ് ഇതുവരെ വില്‍പന നടത്തിയിട്ടുള്ളത്. ചെറുകിട കച്ചവടക്കാരാണ് ഹോളോഗ്രാമിന് എതിര്‍ത്ത് രംഗത്തെത്തിയിട്ടുള്ളത്. നഗരം പ്ലാസ്റ്റിക് മുക്തമാക്കുന്നതില്‍ തങ്ങള്‍ എതിരല്ല. എന്നാല്‍ കച്ചവടത്തെ ബാധിക്കുന്ന പരിഷ്‌കാരങ്ങളോട് സഹകരിക്കില്ലെന്നുമാണ് ഇവരുടെ നിലപാട്. വഴിവാണിഭക്കാരില്‍ ഭൂരിഭാഗം പേരും വിലകുറഞ്ഞ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
ഹോട്ടലുകളിലും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കവറുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്താതെ നഗരസഭയുടെ തീരുമാനത്തോട് സഹകരിക്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. ഹോളോഗ്രാം മുദ്ര പതിപ്പിക്കുന്ന ഒരു കവറിന് ഒമ്പത് രൂപയാണ് വില. അത്രയും വലിയ തുക നല്‍കി കവര്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാകില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കവറുകളുടെ വില കുറക്കാന്‍ സാധിക്കില്ലെന്നും സാവധാനം പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഉപഭോക്താക്കളെ പിന്തിരിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നുമാണ് നഗരസഭ പറയുന്നത്.
വന്‍കിട സ്ഥാപനങ്ങള്‍ ഹോളോഗ്രാമുകള്‍ വാങ്ങുന്നതായി നഗരസഭ അവകാശപ്പെടുമ്പോഴും ഹോളോഗ്രാം പതിപ്പിച്ച കവറുകളൊന്നും വിപണിയിലിറങ്ങിയിട്ടില്ല.  അതേസമയം നല്ലൊരു വിഭാഗം വ്യാപാരികളും പേപ്പര്‍ കവറുകളിലേക്ക് മാറിയിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പേപ്പറുകളും തുണി സഞ്ചികളും  ഉപയോഗിക്കാനുള്ള പദ്ധതിയുമായി നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
കുടുംബശ്രീ പ്രവര്‍ത്തകരിലൂടെ തുണി സഞ്ചികള്‍ വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓണക്കാലത്തെ ഇടവേളക്ക് ശേഷം നിരോധിത പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുക്കുന്നത് നഗരസഭ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ദിവസേന കിലോക്കണക്കിന് പ്ലാസ്റ്റിക് ആണ് പിടിച്ചെടുക്കുന്നത്. അഞ്ച് കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്താല്‍ 2500 രൂപയാണ് നഗരസഭ പിഴ ചുമത്തുന്നത്. പിഴ ചുമത്തിയാല്‍ 15 ദിവസത്തിനകം തുക അടക്കണമെന്നാണ്.
എന്നാല്‍ പലരും ഇതിനകം തന്നെ സ്വാധീനം ഉപയോഗിച്ച് അടക്കാതെ രക്ഷപ്പെടുകയാണ്.  മുന്‍കാലങ്ങളില്‍ ഉണ്ടായതുപോലെ പ്ലാസ്റ്റിക് നിരോധം നടപ്പാക്കി കുറച്ചുകാലം കഴിയുമ്പോള്‍ വീണ്ടും പഴയപടിയാകുമെന്നാണ് വ്യാപാരികളടക്കമുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇത്തവണ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് നഗരസഭ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക