|    Apr 27 Thu, 2017 6:26 pm
FLASH NEWS

പ്ലാസ്റ്റിക് കാരിബാഗ് ഹോളിഡേ എട്ടിന്; കണ്ണൂര്‍ കോര്‍പറേഷനില്‍ ശുചിത്വ- മാലിന്യസംസ്‌കരണം

Published : 2nd December 2016 | Posted By: SMR

കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയില്‍ ഹരിതകേരളമിഷന്റെ മാലിന്യമുക്തകേരളം പദ്ധതി എട്ടിന് തുടങ്ങും. ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷി വികസനം, ജലവിഭവസംരക്ഷണം തുടങ്ങി മൂന്നു മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി തദ്ദേശഭരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എട്ടിന് പ്ലാസ്റ്റിക് കാരി ബാഗ് ഹോളിഡേയായി ആചരിക്കാനും യോഗം തീരുമാനിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി  ജനപ്രതിനിധികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മയില്‍ വാര്‍ഡ്തല കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് മേയര്‍ ഇ പി ലത പറഞ്ഞു. ഓരോ വാര്‍ഡുകള്‍ക്കും 5000 രൂപ കോര്‍പറേഷന്‍ അനുവദിക്കും. കോര്‍പറേഷന്‍ പരിധിയില്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മൂന്ന് കര്‍മപരിപാടികള്‍ ശുചിത്വമിഷന്‍ പ്രോഗ്രം ഓഫിസര്‍ ശ്രീകല വിശദീകരിച്ചു. മാലിന്യക്കൂമ്പാരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശുചിത്വപ്രവര്‍ത്തനമാണ് ഒന്നാമത്തേത്. മാലിന്യത്തെ ജൈവം, അജൈവം എന്നിങ്ങനെ വേര്‍തിരിക്കും. ജൈവമാലിന്യത്തെ വളമായി ഉപയോഗപ്പെടുത്തി അവിടെ തന്നെ പൂന്തോട്ടം നിര്‍മിക്കും. ജൈവപച്ചക്കറി കൃഷിയും നടത്തും. അജൈവ മാലിന്യങ്ങളെ റീസൈക്ലിങിനായി കൈമാറണം. ഉപയോഗിക്കാത്ത ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ക്ക് വിപണിയുണ്ടാക്കുന്ന സ്‌ക്രാപ് ഷോപ്പ് സ്ഥാപിക്കുകയാണ് രണ്ടാംഘട്ടം. വാര്‍ഡ്തല കമ്മിറ്റികള്‍ വീടുകളില്‍നിന്നും മറ്റും ശേഖരിക്കുന്ന ഇ മാലിന്യം ഉപയോഗപ്രദമാണെന്ന് വിലയിരുത്തിയാവും സ്‌ക്രാപ് ഷോപ്പുകളില്‍ എത്തിക്കുക. എട്ടിന് കോര്‍പറേഷന്‍ പരിധിയില്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് കാരിബാഗ് ഹോളി ഡേക്കായി ജനങ്ങളെയും കച്ചവടക്കാരെയും ബോധവല്‍ക്കരിക്കും. ജലാശയങ്ങളുടെ പുനരുജ്ജീവനവും മണ്ണ് സംരക്ഷണവുും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തണം. കൃഷി വകുപ്പ് നല്‍കുന്ന പച്ചക്കറി വിത്തുകളുപയോഗിച്ച് വീടുകളില്‍ നിര്‍മിച്ച അടുക്കളത്തോട്ടത്തിന്റെ പുരോഗതിയും കമ്മിറ്റി വിലയിരുത്തും. കണ്ണൂര്‍ കോര്‍പറേഷന്‍ കേരളോല്‍സവം 7, 8, 9 തിയ്യതികളില്‍ നടക്കുമെന്ന് മേയര്‍ പറഞ്ഞു. ചര്‍ച്ചയില്‍ വെള്ളോറ രാജന്‍, ടി രവീന്ദ്രന്‍, ടി ഒ മോഹനന്‍, അഡ്വ. പി ഇന്ദിര, ദിനേശ് ബാബു, തൈക്കണ്ടി മുരളീധരന്‍, എം പി മുഹമ്മദലി, സി എറമുള്ളാന്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day