|    Dec 12 Tue, 2017 5:37 pm
FLASH NEWS

പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ഇന്നുമുതല്‍ ഹോളോഗ്രാം നിര്‍ബന്ധമാക്കി

Published : 1st September 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നുമുതല്‍ കടകളിലൂടെ നല്‍കുന്ന 50 മൈക്രോണിക് മുകളിലുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ഹോളോഗ്രാം മുദ്ര നിര്‍ബന്ധമാക്കി. പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായി 50 മൈക്രോണിന് താഴെയുള്ള കാരിബാഗുകള്‍ നഗരപരിധിയില്‍ പൂര്‍ണമായും നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് നിയന്ത്രണത്തിനുള്ള തുടര്‍നടപടികളുടെ ഭാഗമായാണ് ഹോളോഗ്രാം നിര്‍ബന്ധമാക്കിയത്.
ഹോളോഗ്രാം കടകള്‍ക്ക് ലഭ്യമാക്കുന്നതിന് നഗരസഭയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോളോഗ്രാമുകള്‍ ലഭിക്കുന്നതിന് ജനസൗഹൃദ കേന്ദ്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും വ്യാപാരിയുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കുകയും ഹോളോഗ്രാമിന്റെ വില അടയ്ക്കുകയും വേണം. ഹോളാഗ്രാം പതിക്കുന്നതോടെ പ്ലാസ്റ്റിക് കാരിബാഗിന്റെ കുറഞ്ഞ വില ഒമ്പതു രൂപയായി മാറും. അതേസമയം, ഹോളോഗ്രാം ലഭ്യമാക്കുന്നതിന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികളുടെ പരാതി. അതേസമയം, എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ എട്ടു കേന്ദ്രങ്ങളിലായി സജ്ജീകരിച്ച പ്രത്യേക കൗണ്ടറുകളിലൂടെ കോര്‍പറേഷന്‍ 10 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു.
കോര്‍പറേഷനും നാഗര്‍കോവില്‍ ആസ്ഥാനമായ സരോജിനി പൊന്നയ്യ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനചംക്രമണത്തിനായി നാളെ കൈമാറും. അജൈവ മാലിന്യങ്ങളുടെ പുനചംക്രമണം സാധ്യമാകുന്ന തരത്തില്‍ വേര്‍തിരിച്ചുള്ള ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് മേയര്‍ അറിയിച്ചു. ഈമാസം കുപ്പിമാലിന്യങ്ങളും ഇ-വേസ്റ്റും ശേഖരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക