|    Nov 22 Wed, 2017 12:55 pm
FLASH NEWS

പ്ലാസ്റ്റിക് കവറില്‍ കണ്ടെത്തിയ ഭ്രൂണം നാട്ടുകാരേയും പോലിസിനേയും വലച്ചു

Published : 30th November 2016 | Posted By: SMR

കൊച്ചി: കോലഞ്ചേരി പാങ്കോട് പ്ലാസ്റ്റിക് കവറില്‍ കണ്ടെത്തിയ ഭ്രൂണം നാട്ടുകാരേയും പോലിസിനേയും വലച്ചു. മണിക്കൂറുകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഭ്രൂണം പട്ടിക്കുഞ്ഞിന്റെതെന്ന് സ്ഥിരീകരിച്ചു. കോലഞ്ചേരിക്കടുത്ത് പാങ്കോട് തോലംകുളത്ത് ചിറയ്ക്ക് സമീപം ഇന്നലെ രാവിലെ ഏഴ്് മണിയോടെയാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഭ്രൂണം കണ്ടെത്തിയത്. കവര്‍ പരിശോധിച്ച നാട്ടുകാര്‍  ഇത് ഗര്‍ഭസ്ഥ ശിശുവിന്റെതാണെന്ന കരുതി പുത്തന്‍കുരിശ് പോലിസില്‍ അറിയിച്ചു. ഇതോടെ വാര്‍ത്ത കാട്ടുതീപോലെ പരന്നു. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയുമായതോടെ സംഭവസ്ഥലത്തേക്ക് നൂറുകണക്കിന് നാട്ടുകാരും പോലിസുമെത്തി. എസ്‌ഐ കെ പി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കവര്‍ കസ്റ്റഡിയിലെടുത്തു. മൂന്നു മാസമായ ഗര്‍ഭസ്ഥ ശിശുവിനെയാണ് കവറില്‍ കണ്ടെത്തിയതെന്ന നിഗമനത്തില്‍ നാട്ടുകാര്‍ ഉറച്ചുനിന്നതോടെ പോലിസ് ഭ്രൂണം പോസ്റ്റ്‌മോര്‍ട്ടത്തിനുളള നീക്കം ആരംഭിച്ചു. ഇതിനിടെയില്‍ ആലുവയില്‍ നിന്ന് ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി. സയന്റിഫിക് അസിസ്റ്റന്റ് സൂസന്‍ ആന്റണി നടത്തിയ പരിശോധനയിലാണ് ഭ്രൂണം പട്ടിക്കുഞ്ഞിന്റേതാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സ്ഥലത്ത് തടിച്ചുകൂടിയ ജനം പിരിഞ്ഞുപോയി. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹമാണെന്ന ധാരണയില്‍ ഭ്രൂണം ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള ഒരുക്കങ്ങളും പോലിസ് നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക