|    Oct 17 Tue, 2017 3:26 pm
Home   >  Todays Paper  >  Page 5  >  

പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം വ്യാപകമായി നടപ്പാക്കും: മന്ത്രി

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് നിര്‍മാണം വ്യാപകമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ചേര്‍ത്ത ബിറ്റുമിനസ് കോണ്‍ക്രീറ്റ് മിശ്രിതം തയ്യാറാക്കുന്നതിന്റെ ഉദ്ഘാടനം ആക്കുളത്തുള്ള സെന്‍ട്രല്‍ മിക്‌സിങ് പ്ലാന്റില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല നിയമസഭാ മണ്ഡലത്തിലെ മരായമുട്ടം- പാലിയോട് റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് ചേര്‍ത്ത ബിറ്റുമിനസ് കോണ്‍ക്രീറ്റ് ചെയ്യുന്നത്.
സംസ്ഥാനത്തെ പരമാവധി റോഡുകളില്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് നിര്‍മാണം നടത്തുന്നതിനുള്ള ബ്രഹത് പദ്ധതി ആവിഷ്‌കരിക്കും. പ്ലാസ്റ്റിക് മാന്‍’എന്ന പേരില്‍ അറിയപ്പെടുന്ന, ഇന്ത്യയില്‍ പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ച് റോഡ് നിര്‍മാണത്തിന് തുടക്കവും നേതൃത്വവും നല്‍കിയ മധുര ത്യാഗരാജാര്‍ എന്‍ജിനീയറിങ് കോളജിലെ പ്രഫസറായ ഡോ. ആര്‍ വാസുദേവന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്.
കാര്യവട്ടത്തുള്ള കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്ലാസ്റ്റിക് റോഡ് നിര്‍മിതിയെ സംബന്ധിച്ചുള്ള ലബോറട്ടറി പരിശീലനം പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ക്ക് ഇതിന്റെ ഭാഗമായി നല്‍കിയിരുന്നു.
കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡുകളുടെ ഗുണമേന്മ പരിശോധിക്കുകയും അത്തരം റോഡുകളുടെ കാലദൈര്‍ഘ്യത്തെക്കുറിച്ച് പഠനം നടത്തുകയും ചെയ്യും. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പിലെ ചീഫ് എന്‍ജിനീയര്‍മാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക