|    Oct 19 Thu, 2017 7:33 am
FLASH NEWS

പ്ലാസ്റ്റിക്കിനെതിരേ തുണിസഞ്ചി വിപ്ലവവുമായി സേവ് രംഗത്ത്

Published : 6th August 2017 | Posted By: fsq

 

വടകര: വിദ്യാഭ്യാസ ജില്ലയില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ തുണിസഞ്ചി വിപ്ലവം പരിപാടിക്ക് തുടക്കമായി. പ്ലാസ്റ്റിക് സഞ്ചികളുപേക്ഷിച്ച് തുണിസഞ്ചി ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന പദ്ധതിയാണ് ഇത്. 2014 മുതല്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യജ്ഞത്തിലൂടെ നാലുഘട്ടങ്ങളിലായി പതിനഞ്ച് ടണ്‍ പ്ലാസ്റ്റിക് മാലിന്യം സേവ് ശേഖരിച്ച് സംസ്‌കരണത്തിന് അയക്കുകയുണ്ടായി. പിന്നീട് സംസ്‌കരിച്ച പ്ലാസ്റ്റിക്കിന് ആവശ്യക്കാരില്ലാതായതോടെ ഇത് നിര്‍ത്തി വയ്ക്കുകയായിരുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് കൊണ്ടുവരാനാണ് തുണിസഞ്ചി വിപ്ലവത്തിലുടെ സേവ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ ജില്ലയിലെ ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ക്കും തുണിസഞ്ചി വിതരണം ചെയ്യാനാണ് തീരുമാനം. തുണിസഞ്ചി വിപ്ലവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ അശോക് സമം നിര്‍വഹിച്ചു. ആരോഗ്യവും സമാധാനവും നഷ്ടപ്പെട്ട ഇന്നത്തെ ജീവിതത്തില്‍ ഇവ തിരിച്ചു പിടിക്കാന്‍ എന്തൊക്കെ ചെയ്യാതിരിക്കണം എന്ന കാഴ്ചപ്പാടോടെ ജീവിക്കുന്നവരാണ് സമം പ്രവര്‍ത്തകര്‍. ഉപയോഗിച്ച് വലിച്ചെറിയല്‍ സംസ്‌കാരത്തിനെതിരേ, ആറു വര്‍ഷമായി താന്‍ ഉപയോഗിക്കുന്ന ചെരിപ്പ് ഉയര്‍ത്തി പിടിച്ചായിരുന്നു അശോകിന്റെ പ്രസംഗം. ചടങ്ങില്‍ എഎസ് റൂബി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം അജിതകുമാരി, സേവ് ജില്ലാ കോ-ഓഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, പികെ യൂസഫ്, കെ കൃഷ്ണപ്രിയ, അബ്ദുള്‍സമദ് എടവന, ടി പി അഭിമന്യ, എംകെ മനോജ്, കെടി ഷീല സംസാരിച്ചു. തികച്ചും ജൈവികമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് തുണിസഞ്ചി നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും 9447262801 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക