|    Feb 26 Mon, 2018 1:08 am
FLASH NEWS

പ്ലാന്റേഷന്‍ നിയമങ്ങള്‍ ലംഘിച്ച ക്രഷര്‍ യൂനിറ്റിന് നോട്ടീസ്

Published : 20th January 2017 | Posted By: fsq

 

മാനന്തവാടി: പ്ലാന്റേഷന്‍ നിയമങ്ങള്‍ ലംഘിച്ച് കാപ്പിത്തോട്ടത്തില്‍ പ്രവര്‍ത്തിക്കുവന്ന ക്രഷര്‍ യൂനിറ്റിന് നോട്ടീസ്. വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ പെരുങ്കുളത്തെ മൂണ്‍ലൈറ്റ് ഗ്രാനൈറ്റ്‌സ് ക്രഷര്‍ യൂനിറ്റിനാണ് മാനന്തവാടി തഹസില്‍ദാര്‍ കഴിഞ്ഞ ദിവസം സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. ഒന്നര വര്‍ഷത്തോളമായി ഇവിടെ പ്രവര്‍ത്തിക്കുന്ന ക്രഷറിനെക്കുറിച്ച് നാട്ടുകാര്‍ ഹൈക്കോടതിയിലുള്‍പ്പെടെ പരാതി നല്‍കിയ ശേഷം മാത്രമായിരുന്നു റവന്യൂവകുപ്പിന്റെ നടപടി. വെള്ളമുണ്ട വില്ലേജിലെ റീസര്‍വേ നമ്പര്‍ 606ല്‍പെട്ട ഭൂമിയിലാണ് നിയമങ്ങള്‍ ലംഘിച്ച് ക്രഷര്‍ പ്രവര്‍ത്തിച്ചുവന്നത്. ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ 30 ഏക്കറോളം കാപ്പിത്തോട്ടം ഇളവ് നല്‍കി ഉടമയ്ക്ക് കൈവശാവകാശം അനുവദിച്ച ഭൂമിക്ക് കേരള ഭൂപതിവ് നിയമപ്രകാരം പട്ടയംലഭിച്ചു. ഈ ഭൂമി കൃഷി ആവശ്യത്തിനല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രദേശത്ത് പാറഖനനവും ക്രഷര്‍ യൂനിറ്റും പ്രവര്‍ത്തിച്ചത്. അഞ്ചു ഹെക്റ്റര്‍ വരെയുള്ള ചെറുകിട ഖനനത്തിനും പാരിസ്ഥികാനുമതി വേണമെന്ന നിബന്ധന സുപ്രിംകോടതി കര്‍ശനമാക്കിയതോടെയാണ് ഇതേ ഭൂമിയോട് ചേര്‍ന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചുവന്ന പാറഖനനം കഴിഞ്ഞ മാസം നിര്‍ത്തിയത്. ഈ കരിങ്കല്ല് ഉപയോഗിച്ചായിരുന്നു ക്രഷര്‍ നടത്തിയിരുന്നത്. അതീവ പാരിസ്ഥിക ദുര്‍ബലമെന്നു കണ്ടത്തിയിരുന്ന പ്രദേശത്തെ ഖനനങ്ങള്‍ക്കെതിരേ നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും റവന്യൂവകുപ്പ് നടപടിയെടുത്തിരുന്നില്ല. ഒടുവില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഡബ്ല്യുടിസി 18493/2016 കേസ് നമ്പര്‍ ഉള്‍പ്പെടെ വച്ചുകൊണ്ട് ജില്ലാ കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയപ്പോള്‍ മാത്രമാണ് ഭൂമിയുടെ തരം പരിശോധിക്കാന്‍ റവന്യൂവകുപ്പ് തയ്യാറായത്. തഹസില്‍ദാര്‍ നടത്തിയ പരിശോധനയില്‍ തോട്ടഭൂമിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്. വെള്ളമുണ്ട വില്ലേജില്‍ വാളാരംകുന്നില്‍ ആദിവാസി ഭൂമി കൈയേറി കരിങ്കല്‍ ഖനനം നടത്തിയ സംഭവമുണ്ടായപ്പോഴും വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം മാത്രമാണ് റവന്യൂവകുപ്പ് ഇതു കണ്ടെത്തി പിഴ ചുമത്തിയത്. നാട്ടുകാരും പ്രദേശവാസികളും നല്‍കുന്ന പരാതികള്‍ പരിഗണിക്കാതെ ക്വാറി മാഫിയക്ക് സഹായകമായ നിലപാടാണ് പലപ്പോഴും വില്ലേജ് ഓഫിസര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം പുതിയ സംഭവത്തോടെ കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss