|    Nov 15 Thu, 2018 11:36 am
FLASH NEWS

പ്ലാച്ചിമട സമരവും ഒറ്റുകാരും

Published : 8th May 2017 | Posted By: G.A.G

 

വിളയോടി ശിവന്‍കുട്ടി

കൊക്കകോലവിരുദ്ധ സമരസമിതി 2017 ഏപ്രില്‍ 22 മുതല്‍ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകള്‍ക്കു സര്‍ക്കാര്‍ അടിയന്തരമായി ഇടക്കാല സാമ്പത്തികസഹായം അനുവദിക്കുക, പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ കോലക്കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുകയും കൊക്കകോലയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്ലാച്ചിമട സമരത്തിന്റെ 15ാം വാര്‍ഷികദിനമായ ഏപ്രില്‍ 22ന് ഭരണസിരാകേന്ദ്രമായ കലക്ടറേറ്റിനു മുമ്പില്‍ ഇത്തവണ അനിശ്ചിതകാല സത്യഗ്രഹ സമരത്തിനു തുടക്കം കുറിക്കാന്‍ പ്ലാച്ചിമട കൊക്കകോലവിരുദ്ധ സമരസമിതിയും ഐക്യദാര്‍ഢ്യ സമിതിയും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്.

സമരത്തിന്റെ പിന്നാമ്പുറങ്ങള്‍
പ്ലാച്ചിമട സമരത്തിനു മൂന്നു തലങ്ങളുണ്ടായിരുന്നു (1). ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നടത്തിയ സമരം, (2) ആദിവാസികളുടെ പേരില്‍ എന്‍.ജി.ഒകള്‍ നടത്തിയ സമരം, (3) രാഷ്ട്രീയ പാര്‍ട്ടികളും എന്‍.ജി.ഒകളും സംയുക്തമായി നടത്തിയ സമരം. ഇതില്‍ ഒരുഭാഗത്തു കോലയും മറുഭാഗത്തു ജനങ്ങളും അണിനിരന്നു നടത്തിയ സാമ്രാജ്യത്വവിരുദ്ധ സമരത്തെ ആപ്പ് വച്ചാണ് സമരസമിതിയില്‍ എന്‍.ജി.ഒകള്‍ രംഗപ്രവേശം നടത്തിയത്.

ഇത് എന്‍.ജി.ഒകളുടെ ദൗത്യമായിരുന്നു. സാമ്രാജ്യത്വത്തിന്റെ ഫണ്ട് വാങ്ങിച്ചുകൊണ്ട് ലോകത്തിന്റെ മുക്കിലും മൂലയിലും അവര്‍ക്കുവേണ്ടി പണിയെടുത്തുകൊണ്ടിരിക്കുന്ന സര്‍ക്കാരിതര സന്നദ്ധസംഘങ്ങളെയും സംഘടനകളെയും പ്രവര്‍ത്തകരെയുമാണ് എന്‍.ജി.ഒകള്‍ എന്നു വിളിക്കുന്നത്. ഇതില്‍ മനംനൊന്താണ് മയിലമ്മയും സ്വാമിനാഥനും സമരം അവസാനിപ്പിച്ചു വിടവാങ്ങിയത്. സമരം അവകാശത്തര്‍ക്കത്തില്‍ തട്ടിത്തകരുമ്പോള്‍ ആദിവാസികളെ ക്രൂരമായ വംശീയ അധിക്ഷേപത്തിന് ഇരയാക്കുകയായിരുന്നു ഈ എന്‍.ജി.ഒകള്‍.

പ്ലാച്ചിമടയില്‍ ജനങ്ങള്‍ കൊക്കകോലയ്‌ക്കെതിരേ ശക്തമായി പ്രതികരിക്കുമ്പോഴെല്ലാം ജനങ്ങളുടെ സമരവീര്യത്തെ വഴിതിരിച്ചുവിടുന്ന പണിയാണ് സമരസമിതിയും സമരസഹായ സമിതിയും രക്ഷാധികാരിയും നിര്‍വഹിച്ചുകൊണ്ടിരുന്നത്. സമൂഹത്തിലും പ്രകൃതിയിലും കൊക്കകോല മാരകമായ മുറിവുകള്‍ സൃഷ്ടിക്കുമ്പോള്‍, തങ്ങള്‍ ജനങ്ങള്‍ക്കൊപ്പം പ്രതികരണപക്ഷത്തെന്ന വ്യാജേന എന്‍.ജി.ഒകള്‍ നടത്തുന്ന സാന്ത്വന ചികില്‍സാ പദ്ധതികളാണ് പ്ലാച്ചിമടയില്‍ പ്രത്യേകിച്ച് പ്രകടമായി അരങ്ങേറിയത്. ഇപ്പോഴും അതു തുടരുകയാണ്.

ഇത്തരം സമരങ്ങള്‍ക്കെല്ലാം സാമ്പത്തികസഹായം നല്‍കുന്നത് സി.ഐ.എ നിയന്ത്രിക്കുന്ന ഫോര്‍ഡ് ഫൗണ്ടേഷനാണ്. അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുള്ള സമരങ്ങളിലെല്ലാം ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. നന്തിഗ്രാമില്‍ ഭൂമിച്ഛേദ് പ്രതിരോധക്കമ്മിറ്റിക്ക് സി.ഐ.എയില്‍ നിന്നു പണം ലഭിച്ചപ്പോള്‍ ചെങ്ങറയിലെ എന്‍.സി.ഡി.എച്ച്.ആറിന് ഏതാണ്ട് ഒരു കോടി രൂപ നല്‍കിയെന്നു ഫോര്‍ഡ് ഫൗണ്ടേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന നിബന്ധന വയ്ക്കാറില്ല.  പകരം, ദലിത്-ആദിവാസി-പരിസ്ഥിതി പ്രശ്‌നങ്ങളുയര്‍ത്തി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്ക് അവര്‍ നിര്‍ലോഭം പണം നല്‍കുന്നു.
പ്ലാച്ചിമട സമരവും സമരസമിതിയും ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറ്റുന്നതിനു പിന്നില്‍ ഈ താല്‍പ്പര്യമാണുള്ളത്. കോലക്കമ്പനിക്കെതിരേ രാവിലെ ഭൂമി പിടിച്ചെടുക്കല്‍ സമരം പ്രഖ്യാപിക്കും; ഉടനെ വൈകീട്ട് പോലിസുമായി ഒത്തുതീര്‍പ്പിലെത്തും. കഴിഞ്ഞ 15 വര്‍ഷമായി ഈ പൊറാട്ടുനാടകം ആവര്‍ത്തിക്കുന്നു. ഇരകളുടെ അതിജീവനസമരത്തെ ഉപജീവന സമരമാക്കാന്‍ എന്‍.ജി.ഒകള്‍ കാട്ടുന്ന വ്യഗ്രതയാണ് ഇവിടെ പ്രതിഫലിക്കുന്നത്.

പ്ലാച്ചിമടസമരം ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് അവകാശപ്പെടുമ്പോഴും പ്ലാച്ചിമടയിലെ സ്ഥിതിഗതികള്‍ക്ക് ഒരു മാറ്റവും ഇല്ല. ദലിതരും ആദിവാസികളും ദരിദ്ര-ഭൂരഹിതരും തിങ്ങിപ്പാര്‍ക്കുന്ന കോളനികളില്‍ കുടിവെള്ളത്തിന് അധികൃതരുടെ ഔദാര്യത്തിലെത്തിക്കുന്ന ടാങ്കര്‍ലോറിയാണ് ആശ്രയം. അതിനു പ്രതിമാസം 90 രൂപയും നല്‍കണം. ഇതിലൊന്നും പഞ്ചായത്ത് ഭരണസമിതിക്കോ സമരസമിതിക്കോ യാതൊരാക്ഷേപവും ഇല്ല.  തൊണ്ടവരളുന്നതും ദുരിതംപേറുന്നതും ആദിവാസികള്‍ക്കാണല്ലോ. കക്ഷിരാഷ്ട്രീയക്കാര്‍ക്കും സമരസമിതിക്കും ഇവര്‍ വോട്ടുബാങ്ക് മാത്രം.
2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച പ്ലാച്ചിമടയിലെ കൊക്കകോല കമ്പനി ഭൂഗര്‍ഭജലം വന്‍തോതില്‍ ചൂഷണം ചെയ്തു. ആദിവാസികളുടെ ജലസ്രോതസ്സായ കിണറുകള്‍ മുച്ചൂടും മലിനീകരിക്കപ്പെട്ടു.  കര്‍ഷകരുടെ വയലുകള്‍ വിഷമയമായി. ശുദ്ധജലത്തെ കോലയാക്കി പരുവപ്പെടുത്തുമ്പോള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ അരിച്ചിറങ്ങി കിണറുകള്‍ മലീമസമായി. കമ്പനി ജൈവവളമെന്ന പേരില്‍ പുറത്തിറക്കിയതു മാരകവിഷമുള്ള ലെഡ്ഡും കാഡ്മിയവുമായിരുന്നു. ഇതു വാങ്ങിച്ച കര്‍ഷകര്‍ വന്‍തോതില്‍ നെല്‍പ്പാടങ്ങളിലും തെങ്ങിന്‍തോട്ടങ്ങളിലും നിക്ഷേപിച്ചു. പാടത്ത് പണിക്കുപോയിരുന്ന കര്‍ഷകത്തൊഴിലാളികളുടെ കൈകാലുകള്‍ ചൊറിഞ്ഞു പഴുത്തു വ്രണമായി. ഒരു ലാബ് റിപോര്‍ട്ടിന്റെയും പിന്‍ബലമില്ലാതെ അനുഭവജ്ഞാനം കൊണ്ട് ഇതിന് ഉത്തരവാദിയായ കൊക്കകോലയ്‌ക്കെതിരേ ജനങ്ങള്‍ ഉപരോധം തീര്‍ത്തു രംഗത്തുവന്നു.

ജനതാദള്‍ ഭരിക്കുന്ന ഏക പഞ്ചായത്താണ് പെരുമാട്ടി ഗ്രാമപ്പഞ്ചായത്ത്. ജലമലിനീകരണം സംബന്ധിച്ച ജനങ്ങളുടെയും പൊതുപ്രവര്‍ത്തകരുടെയും പരാതികളൊന്നും അവര്‍ ചെവികൊണ്ടില്ല. കുടിവെള്ളമില്ലാതെ ജീവിക്കേണ്ടിവന്നതിന്റെ വര്‍ഗരോഷമാണ് ആദിവാസികള്‍ ആശയപരമായി ആയുധമണിഞ്ഞത്.
കൊക്കകോലയെ പ്ലാച്ചിമടയില്‍ കുടിയിരുത്തി കോലയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത് ഗാട്ടും കാണാച്ചരടും രചിച്ച എം.പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിനേതാക്കളാണ്. കുറഞ്ഞ കൂലിക്ക് മനുഷ്യാധ്വാനം വില്‍ക്കാന്‍ ട്രേഡ് യൂനിയന്‍ നേതാക്കളും മല്‍സരിച്ചു. ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടിയുടെ സ്വകാര്യതോട്ടത്തില്‍ നിന്നു കൊക്കകോലയ്ക്കാവശ്യമുള്ള വെള്ളം നിശ്ചിത വിലയ്ക്കുവിറ്റു. സമരകാലത്തും അതു തുടര്‍ന്നു. ആദിവാസികള്‍ കുടിനീരിനു തപിക്കുമ്പോഴാണ് വോട്ട് ചെയ്തു വിജയിപ്പിച്ച നേതാവിന്റെ വെള്ളക്കച്ചവടത്തിലെ ലാഭക്കൊള്ള ജനങ്ങള്‍ തിരിച്ചറിഞ്ഞത്.
ഇന്നു പ്ലാച്ചിമട കേവലം ഒരു സ്ഥലനാമം മാത്രമല്ല, ഒരു സമരനാമം കൂടിയാണ്. ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമായ പ്രദേശത്തു വളരുന്ന ഒരു കുറ്റിച്ചെടിയുടെ പേരാണ് പ്ലാച്ചി. പണ്ടുകാലത്ത്  ചായപ്പീടികകളില്‍ ഇഡ്ഡലിയും പലഹാരങ്ങളും വിളമ്പാന്‍ ഉപയോഗിച്ചുവന്നത് പ്ലാച്ചിയുടെ ഇലയാണ്. ഇപ്പോള്‍ കോലഫാക്ടറി സ്ഥിതിചെയ്യുന്ന മുഴുവന്‍ സ്ഥലവും ജലസേചന സൗകര്യമുള്ളതും നല്ലപോലെ വിള ലഭിക്കുന്നതുമായ ധാന്യകൃഷിയുടെ കലവറയായിരുന്നു. പാലക്കാട് ജില്ലയിലെ ഈ പ്രദേശം ഏറെ വ്യത്യസ്തമായൊരു കാര്‍ഷിക പ്രദേശമാണ്.
സി.പി.എം, ജനതാദള്‍, കോണ്‍ഗ്രസ്, ബി.ജെ.പി എല്ലാം അക്രമത്തിന്റെ ഗുണ്ടാരാഷ്ട്രീയം പയറ്റുന്നവരാണ് ഇവിടെ. കാലാകാലമായിട്ട് തങ്ങളുടെ തലവിധിയില്‍ മനംനൊന്തു ജീവിക്കുന്നവരാണ് ഇവിടത്തെ പിന്നാക്കക്കാര്‍. സാമ്പത്തികമായും സാമൂഹികമായും അടിച്ചമര്‍ത്തപ്പെട്ടവര്‍. കൊക്കകോലയുടെ കടന്നുവരവിനു മുമ്പും കോലവിരുദ്ധസമരം ലോകോത്തരം വളര്‍ന്നിട്ടും ഇവിടെ അടിസ്ഥാനപരമായി ജനജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
സാറ്റലൈറ്റ് നിരീക്ഷണ ഭൂപടത്തില്‍ ഈ പ്രദേശത്ത് വലിയതോതില്‍ ഭൂഗര്‍ഭജല നിക്ഷേപമുണ്ടെന്നു കണ്ടെത്തിയതാണു കോലക്കമ്പനി ഇവിടെ മൂലധനമിറക്കാന്‍ തീരുമാനിച്ചത്. കമ്പനിയുടെ കൂറ്റന്‍മതിലിനോട് ചേര്‍ന്നുകിടക്കുന്ന വിജയനഗര്‍ കോളനി, പ്ലാച്ചിമട കോളനി, മാധവന്‍നായര്‍ കോളനി, വേലൂര്‍ കോളനി, രാജീവ്‌നഗര്‍ കോളനി, കുഞ്ചിമേനോന്‍പതി കോളനി, തൊട്ടിച്ചിപ്പതി കോളനി എന്നിവ വെള്ളം കിട്ടാതെ വലയുകയാണ്. ഏകദേശം 2000 കുടുംബങ്ങള്‍ ഇവിടെ മലിനജലം കുടിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഇവര്‍ക്കവകാശപ്പെട്ട ജീവജലമാണു കോല ഊറ്റിയെടുത്തു കൊണ്ടുപോയത്.
കര്‍ഷകര്‍ നിലക്കടല, കോറ, ചാമ, തിന, പരുത്തി, മുതിര, ചോളം എന്നിങ്ങനെ കൃഷി ചെയ്തിരുന്ന ഭൂമിയാണ് കൊക്കകോല ചുളുവിലയ്ക്കു ജനങ്ങളില്‍ നിന്നു തട്ടിയെടുത്തത്. 48 ഏക്കര്‍ ഭൂമിയിലാണ് 24 കുഴല്‍ക്കിണറുകള്‍ തുരന്നു വെള്ളം ഊറ്റിയെടുത്തത്. 1500 കുടുംബങ്ങള്‍ താമസിക്കുന്ന ഒരു സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്താണ് 56 കോടി മുടക്കി കമ്പനി സ്ഥാപിതമായത്. ഈ പ്ലാന്റിനെയാണു ജനങ്ങള്‍ കെട്ടുകെട്ടിച്ചത്. സാമ്രാജ്യത്വ കഴുകനെ ഈ മണ്ണില്‍ വച്ചുതന്നെ കണക്കു തീര്‍ക്കുന്നതിനു പകരം നമ്മുടെ നാടിനെയും ജനങ്ങളെയും കൊള്ള ചെയ്ത കൊക്കകോലയെ നാടുവിടാന്‍ സമരനേതാവു തന്നെ സുരക്ഷിതപാത ഒരുക്കുന്നതിനു കൂട്ടുനിന്നത് കോലവിരുദ്ധ സമരത്തെയും ജനങ്ങളെയും വഞ്ചിക്കാനായിരുന്നു. ഇപ്പോള്‍ നഷ്ടപരിഹാരത്തിനു വേണ്ടി മുറവിളി കൂട്ടുന്നത് ഒന്നും നഷ്ടപ്പെടാത്തവന്റെ ആര്‍പ്പുവിളിയാണ്.
ആദിമനിവാസികളായ ഒരു ജനത തങ്ങളുടെ വര്‍ഗദൃഢതയും ഇച്ഛാശക്തിയും കൈമുതലാക്കിക്കൊണ്ട് കോലഭീമനെ നേരിട്ട ചരിത്രമാണ് പ്ലാച്ചിമടസമരം. ബഹുരാഷ്ട്ര കുത്തകയായ കൊക്കകോല കമ്പനി അടച്ചുപൂട്ടണം എന്ന ആവശ്യവുമായാണ് സമരം തുടങ്ങിയത്. ജനങ്ങളുടെ സംഘടിതശേഷിയെ ഭയന്നു കക്ഷിരാഷ്ട്രീയക്കാരും കോലയുടെ ഏജന്റുമാരും എന്‍.ജി.ഒ ഫണ്ടിങ് ബുദ്ധിജീവികളും കോലവിരുദ്ധസമരത്തെ തകര്‍ക്കാന്‍ അന്നുതന്നെ ചരടുവലികള്‍ ആരംഭിച്ചു. അതാണ് പിന്നീട് ആദിവാസികള്‍ക്കിടയിലും സമരസമിതിയിലും അന്തച്ഛിദ്രങ്ങളും ഉള്‍പ്പിരിപ്പുകളും സൃഷ്ടിച്ചു ശിഥിലമാക്കിയത്. 2007 ജനുവരി 6ന് മയിലമ്മ മരിച്ചപ്പോള്‍ സമരപ്പന്തലില്‍ മൃതദേഹം വയ്ക്കാന്‍ അനുവദിക്കാതെ അയിത്തം കല്‍പ്പിച്ചു. ഒടുവില്‍ തെരുവിലാണ് പൊതുദര്‍ശനത്തിനു വച്ചത്. മയിലമ്മയും മക്കളും മരുമക്കളും പേരക്കുട്ടികളടക്കം അന്നുവരെ സമരമിരുന്നവരായിരുന്നു. സമരത്തില്‍ ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടുകയും ലക്ഷ്യം നേടുമ്പോള്‍ മനോവീര്യം തകര്‍ത്ത് ഒടുവില്‍ അവരെ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് എന്‍.ജി.ഒ ഭീകരത. മയിലമ്മയുടെ മരണം അക്ഷരാര്‍ഥത്തില്‍ ഒരു കൊലപാതകമായിരുന്നു. ചില പത്ര-രാഷ്ട്രീയ മുതലാളിമാരുടെ ലാഭച്ചരക്കായിരുന്നു ആദിവാസിവീട്ടമ്മയായ മയിലമ്മ. പിന്നീട് മയിലമ്മയുടെ പേരില്‍ രൂപംകൊണ്ട മയിലമ്മ ട്രസ്റ്റിന്റെ ഉദ്ഘാടനത്തില്‍ നിന്നു മീനാ കന്തസ്വാമി വിട്ടുനിന്നത് ഇതിലെ ചതി തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു. മയിലമ്മ ട്രസ്റ്റില്‍ അവരോധിക്കപ്പെട്ടവരുടെ ലക്ഷ്യവും മുതലെടുപ്പു തന്നെ. മയിലമ്മയെ വെറുക്കപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടവരാണ് മയിലമ്മ ട്രസ്റ്റിലും. ഇവരാണ് മയിലമ്മയുടെ ഘാതകരും. ഇതിന്റെ പേരില്‍ ശക്തമായ വിയോജിപ്പുമായി ആദിവാസിസംരക്ഷണ സംഘം നേതാക്കളായ വേലൂര്‍ സ്വാമിനാഥന്‍, നീളിപ്പാറ മാരിയപ്പന്‍, ഗോവിന്ദാപുരം മുരുകേശന്‍ എന്നിവര്‍ രംഗത്തുവന്നത് ശ്രദ്ധേയമാണ്.
പ്ലാച്ചിമടയില്‍ കൊക്കകോലയുടെ ജലചൂഷണം അഞ്ചു വര്‍ഷമാണ് തുടര്‍ന്നത്. എന്നാല്‍, ഇതിന്റെ പേരില്‍ കഴിഞ്ഞ 15 വര്‍ഷമായി കോലവിരുദ്ധസമരത്തെ മറയാക്കി ആദിവാസികളടക്കമുള്ളവരെ ഇവര്‍ വിറ്റുതിന്നു. വോട്ടും പണവുമാക്കി സമരനിരയിലെ മുന്നണിപ്പോരാളികളുടെ മനോവീര്യവും വിശ്വാസ്യതയും തകര്‍ത്തതു പരിസ്ഥിതി വിനാശത്തേക്കാള്‍ ദുര്‍ഘടമാണ്. ഇപ്പോള്‍ അവര്‍ ഇരകള്‍ക്കു നഷ്ടപരിഹാരം ഓഫര്‍ ചെയ്യുന്നു.
മാതൃഭൂമി നല്‍കിയ 35 സാരികൊണ്ട് സമരമുഖത്തെ സ്ത്രീശാക്തീകരണത്തെ നിരുപാധികം തകര്‍ത്തു. അവാര്‍ഡുകളും റിവാര്‍ഡുകളും ആദിവാസികള്‍ക്കിടയില്‍ അന്തച്ഛിദ്രങ്ങളും ഉള്‍പ്പിരിവുകളും സൃഷ്ടിച്ചു. സമരത്തിന്റെ ആദ്യകാലത്ത് മാധ്യമങ്ങള്‍ പൂര്‍ണമായും സമരവാര്‍ത്തകള്‍ തമസ്‌കരിച്ചിരുന്നു. തങ്ങള്‍ക്കു ലഭിക്കുന്ന കോലപരസ്യങ്ങളില്‍ ചില പത്രമുതലാളിമാരും ചീര്‍ത്തു. കോല വച്ചുനീട്ടുന്ന പാരിതോഷികങ്ങള്‍ കൈപ്പറ്റുന്നതിനു മാധ്യമ പ്രവര്‍ത്തകരും മല്‍സരിച്ചു. രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും അവരുടെ വാലാട്ടികളായിമാറി. അതുകൊണ്ടാണ് ഇവര്‍ കോലക്കമ്പനിയെ വാഴിക്കാന്‍ മല്‍സരിച്ചത്. ഈ കറവപ്പശുവിനെ സംരക്ഷിക്കാനും പ്ലാച്ചിമടയില്‍ തന്നെ നിലനിര്‍ത്താനും കഠിനാധ്വാനം നടത്തിയതില്‍ ഇപ്പോള്‍ സമരാനുകൂലികളായി ഊറ്റം കൊള്ളുന്നവരില്‍ ആരാണ് വിശുദ്ധര്‍?! മയിലമ്മ മരിച്ചതിനു ശേഷം ”കുയിലമ്മ”യെന്ന പേരില്‍ സോപ്പിറക്കി മയിലമ്മയെ അപമാനിച്ച സമരസമിതി രക്ഷാധികാരിയും ഇതില്‍ പ്രതിയാണ്.
കൊക്കകോലയ്‌ക്കെതിരേ സമരം നയിച്ചവരെ ”പണിയില്ലാത്തവരുടെ പണിയാണെന്ന്” ആക്ഷേപിച്ച ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബുദ്ധികേന്ദ്രം ആര്‍.വി.ജി മേനോനും ഇടതുവലതു പാര്‍ട്ടികളും അവരുടെ യൂനിയന്‍ നേതാക്കളും കോല മുതലാളിമാരുടെ ആഗോളകൊള്ളയ്ക്കു ചൂട്ടുപിടിക്കുകയായിരുന്നു. പഞ്ചായത്തും നിയമസഭയും പാര്‍ലമെന്റും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും കോടതിയിലെ നിയമജ്ഞരും ജനവിചാരണയില്‍ കോലക്കമ്പനിയോടൊപ്പം കുറ്റകരമായ മൗനത്തില്‍ അടയിരുന്നവരാണ്. സമരക്കാരുടെ ആവശ്യം ആരോപണങ്ങളായി വിധിയെഴുതി. ഒടുവില്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോയപ്പോഴാണ് ഗത്യന്തരമില്ലാതെ പെരുമാട്ടി ഗ്രാമപ്പഞ്ചായത്ത് കോലക്കമ്പനിക്കുള്ള ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിര്‍ബന്ധിതമായത്. ഈ ലൈസന്‍സിനു സായിപ്പ് ഒരു അപ്പിക്കടലാസിന്റെ വിലപോലും കല്‍പ്പിച്ചിരുന്നില്ല എന്നതു യാഥാര്‍ഥ്യമാണ്.
കൊക്കകോല ദിനംപ്രതി 22 ലക്ഷം ലിറ്റര്‍ വെള്ളം ഊറ്റിയെടുത്തു. അതു ശീതളപാനീയമാക്കി നമ്മുടെ നാട്ടിലെ കമ്പോളത്തില്‍ വിറ്റഴിച്ചു. കോടിക്കണക്കിനു രൂപയാണ് ഡോളറാക്കി അമേരിക്ക കടത്തിക്കൊണ്ടുപോയത്. ലോകത്തെ ഭരണകൂട അട്ടിമറികള്‍ക്കും പ്രമുഖരുടെ അരുംകൊലകള്‍ക്കും കാര്‍മികത്വം വഹിച്ച ഈ സാമ്രാജ്യത്വ ഭീകരന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊക്കകോലയുടെ സഹോദര സ്ഥാപനമായ പെപ്‌സി കോല നിര്‍ബാധം മലമ്പുഴ വെള്ളം കൊള്ള ചെയ്യുന്നു. ഈ വരള്‍ച്ചാ സംസ്ഥാനത്ത് കടുത്ത വേനലിലും ദിനംപ്രതി 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഊറ്റുന്നത്.
ഡിസംബര്‍ മുതല്‍ പെപ്‌സി കമ്പനിയുടെ പ്രവര്‍ത്തനാനുമതി പുതുശ്ശേരി പഞ്ചായത്ത് നിരോധിച്ചെങ്കിലും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഒത്താശയോടെ വീണ്ടും പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണു കമ്പനി. പെപ്‌സിയുടെ പ്രവര്‍ത്തനം കമ്പനി നിര്‍ത്തിവച്ചെന്ന് അവകാശപ്പെടുമ്പോഴും ജലമൂറ്റല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശവാസികള്‍ കുഴല്‍ക്കിണറുകളില്‍ നിന്നു വെള്ളം കിട്ടാതെ ഉഴലുമ്പോള്‍ വിലകൊടുത്തും ടാങ്കര്‍ലോറിയെ ആശ്രയിച്ചും വെള്ളത്തിനുവേണ്ടി പരക്കംപായുമ്പോഴാണ് 55 ഏക്കറില്‍ പരന്നുകിടക്കുന്ന വ്യവസായ ഏരിയയിലെ പെപ്‌സി പ്ലാന്റ് മേഖലയിലെ ഏതാണ്ട് 50 ശതമാനം ജലവും ഊറ്റിയെടുക്കുന്നത്.
2011ലെ ഹൈക്കോടതി ഉത്തരവുപ്രകാരം വേനല്‍ക്കാലത്തും വരള്‍ച്ചക്കാലത്തും ആറുലക്ഷം ലിറ്റര്‍ വെള്ളം മാത്രമേ പ്രതിദിനം എടുക്കാവൂ എന്നു കമ്പനിക്കു നിര്‍ദേശമുണ്ട്. വരള്‍ച്ചക്കാലത്ത് കുടിവെള്ളത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി ഒരു ദിവസം ഒന്നരലക്ഷം ലിറ്ററിലധികം വെള്ളം എടുക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവു കാറ്റില്‍പ്പറത്തി പെപ്‌സി ജനങ്ങളുടെ മുഖത്തുനോക്കി ആര്‍ത്തട്ടഹസിക്കുന്നു. കഞ്ചിക്കോട് മുതല്‍ വാളയാര്‍ വരെയും മേനോന്‍പാറ മുതല്‍ പുതുശ്ശേരി വരെയും കമ്പനിയുടെ നാലുപാടുമുള്ള ജനവാസ ഗ്രാമങ്ങള്‍ കൊടും വരള്‍ച്ചയുടെ പിടിയിലാണ്.
കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ധിക്കാരപൂര്‍വം കമ്പനി അതു തള്ളി. എടുക്കുന്ന ജലത്തിന്റെ അളവ് പരിശോധിക്കാന്‍ മെട്രോളജി വകുപ്പ്, ഗ്രൗണ്ട് വാട്ടര്‍ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, ജലസേചന വകുപ്പ്, താഹസില്‍ദാര്‍, അസി. കലക്ടര്‍ എന്നിവരുടെ സംഘം ചെന്നപ്പോള്‍ കോംപൗണ്ടില്‍ പോലും കടത്തിയില്ല. കലക്ടര്‍ ബോധപൂര്‍വം സ്റ്റോപ്പ് മെമ്മോ നല്‍കി ഈ അപമാനത്തില്‍ നിന്നു തലയൂരി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും എം.എല്‍.എക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലും കമ്പനിക്കകത്തേക്കുള്ള പ്രവേശനം നിഷേധിക്കുമ്പോള്‍ ഒരിക്കലും കമ്പനിയുടെ ജലചൂഷണത്തിന്റെ അളവ് തിട്ടപ്പെടുത്താന്‍ ആവില്ല. 2000ല്‍ പ്രവര്‍ത്തനം ആരംഭിച്ച പെപ്‌സി കമ്പനി ഒരു നയാപൈസ പോലും സര്‍ക്കാരിനു നികുതി അടയ്ക്കുന്നില്ല. സി.പി.എമ്മാണ് കമ്പനി നിലനില്‍ക്കുന്ന പുതുശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്നത്. കമ്പനിയുടെ ഈ ധിക്കാരത്തെ അവര്‍ ചെങ്കൊടികൊണ്ട് മറതീര്‍ക്കുന്നു.
പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കുന്നതില്‍ നിന്നു പെപ്‌സിക്കും കൊക്കകോലയ്ക്കും ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. അവരെ വാഴിക്കുന്നവര്‍ക്കും ചരിത്രത്തില്‍ മാപ്പില്ല. ലോകജലദിനം ആചരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും അവരുടെ കുഴലൂത്തുകാരും ഒറ്റക്കെട്ടായി മല്‍സരിക്കുമ്പോള്‍, ഇടതും വലതും ബി.ജെ.പിയും സാമ്രാജ്യത്വ-കോര്‍പറേറ്റ് ബീഭത്സതയുടെ എന്‍.ജി.ഒ മുഖങ്ങളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss