|    Jul 21 Fri, 2017 8:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്ലാച്ചിമടയിലെ പ്ലാന്റ് ഇനി തുറക്കില്ലെന്ന് കൊക്കകോല കമ്പനി

Published : 14th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജനകീയസമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പ്ലാന്റ് ഇനി തുറക്കാന്‍ പദ്ധതിയില്ലെന്ന് കൊക്കകോല കമ്പനി സുപ്രിംകോടതിയെ അറിയിച്ചു. പ്ലാച്ചിമടയില്‍ കൊക്കകോല കമ്പനിക്ക് ലൈസന്‍സ് പുതുക്കിനല്‍കാന്‍ പെരുമാട്ടി ഗ്രാമപ്പഞ്ചായത്ത് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കൊക്കകോലയുടെ അഭിഭാഷകന്‍ വിശ്വനാഥന്‍ ഇക്കാര്യം ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് മുമ്പാകെ അറിയിച്ചത്. പഞ്ചായത്തിന്റെ നടപടിയെ ഇന്നലെ കൊക്കകോല എതിര്‍ക്കുകയോ ആ വിഷയം ഉന്നയിക്കുകയോ ചെയ്തില്ല. ഇതോടെ ഇതുമായി ബന്ധപ്പെട്ട ഹരജിയും കോടതി തീര്‍പ്പാക്കി. പ്ലാച്ചിമടയിലെ യൂനിറ്റ് തുറക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഇപ്പോള്‍ സുപ്രിംകോടതി മുമ്പാകെയുള്ള ഹരജിയില്‍ വാദംകേള്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് വിശ്വനാഥന്‍ അറിയിച്ചു. ഹരജി കാലഹരണപ്പെട്ടു കഴിഞ്ഞുവെന്നും കമ്പനി പറഞ്ഞു. ഇതിനോട് സുപ്രിംകോടതിയും യോജിച്ചു. അങ്ങനെയാണെങ്കില്‍ ഹരജികള്‍ ഇനിയും വച്ചുകൊണ്ടിരിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഇതു തീര്‍പ്പാക്കാമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഇതിനോട് ഹരജിക്കാരായ മലിനീകരണ നിയന്ത്രണ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും പെരുമാട്ടി ഗ്രാമപ്പഞ്ചായത്തും യോജിച്ചതോടെ കേസ് തീര്‍പ്പാക്കിയതായി കോടതി അറിയിച്ചു. കമ്പനിയുടെ ലൈസന്‍സ് പുതുക്കുന്നതിനായി പുതിയ വ്യവസ്ഥകള്‍ വയ്ക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടോ എന്നതു സംബന്ധിച്ച നിയമപ്രശ്‌നമായിരുന്നു കോടതിയുടെ മുന്നില്‍ പ്രധാനമായി ഉണ്ടായിരുന്നത്. ഇതില്‍ കോടതി ഇടപെട്ടില്ല. ഇത്തരത്തിലുള്ള കേസുകള്‍ ഇനി സുപ്രിംകോടതി മുമ്പാകെ വരുകയാണെങ്കില്‍ അപ്പോള്‍ പരിഗണിക്കാമെന്ന് നിലപാടെടുക്കുകയായിരുന്നു. 2000ലാണ് കമ്പനി പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക