|    Aug 22 Tue, 2017 10:46 am
FLASH NEWS

പ്ലസ് വണ്‍ പ്രവേശനത്തിന് കോഴ ; എരുമേലി സെന്റ് തോമസ് സ്‌കൂളിനെതിരേ വിജിലന്‍സ് അന്വേഷണം

Published : 1st October 2016 | Posted By: Abbasali tf

എരുമേലി: കത്തോലിക്ക സഭ നടത്തുന്ന എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അര ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പില്‍ പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്. ഇക്കാര്യം നിയമസഭയില്‍ പി സി ജോര്‍ജിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എരുമേലി കണ്ണങ്കര വീട്ടില്‍ സലിം ആണ് ആദ്യം വിദ്യാഭ്യാസ വകുപ്പിലും തുടര്‍ന്ന് എംഎല്‍എയ്ക്കും പരാതി നല്‍കിയത്. സലീമിന്റെ മകള്‍ കത്തോലിക്ക സഭയുടെ എരുമേലിയിലെ സ്‌കൂളില്‍ 98 ശതമാനം മാര്‍ക്കോടെയാണ് എസ്എസ്എല്‍സി പരീക്ഷ ജയിച്ചത്.  ഇത്രയും ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും പ്ലസ് വണ്‍ പ്രവേശനത്തിന് അരലക്ഷം രൂപ ക്രൈസ്തവ മാനേജുമെന്റ് വില പേശി വാങ്ങിയെന്നാണ് സലിമിന്റെ പരാതി.  വിലപേശല്‍ നടത്തിയത് എരുമേലി അസംപ്ഷന്‍ ഫൊറോനപള്ളി വികാരിയായിരുന്നുവന്ന് സലിം പറഞ്ഞു. 60000 രൂപ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ സലീമിന്റെ സഹപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ റെജി അമ്പാറ ഇടപെട്ടപ്പോള്‍ കോഴ തുകയില്‍ 10000 രൂപ കുറയ്ക്കാമെന്ന് സമ്മതിച്ചു. വൈദികന്റെ നിര്‍ദ്ദേശ പ്രകാരം അരലക്ഷം രൂപ കൊടുത്തതോടെയാണ് മകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചതെന്ന് സലിം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക