|    Jan 21 Sat, 2017 7:44 am
FLASH NEWS

പ്ലസ് വണ്‍ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിക്കാതെ ഇംപ്രൂവ്‌മെന്റ് പരീക്ഷ

Published : 2nd October 2016 | Posted By: SMR

താമരശ്ശേരി: സംസ്ഥാനത്ത് ഈ വര്‍ഷം നടന്ന പ്ലസ് വണ്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം മൂന്നു മാസം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചില്ല. നാല്‍പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന് പുനര്‍മൂല്യനി—ര്‍ണയത്തിന് അപേക്ഷ നല്‍കിയിരുന്നത്.
കഴിഞ്ഞ ജൂണ്‍ 29നാണ് പ്ലസ് വണ്‍  ഫലം പ്രസിദ്ധീകരിച്ചത്. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ വിദ്യാര്‍ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ഫലം പുറത്ത് വന്നില്ല. പുനര്‍മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 500 രൂപയാണ് ഫീസ്. ഫലം വരുന്നതിന് മുമ്പ് സെപ്തംബര്‍ 26 മുതല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടന്നുകോണ്ടിരിക്കുകയാണ്. പല വിഷയത്തിനും രണ്ടും മൂന്നും മാര്‍ക്ക് കുറവുള്ള കുട്ടികളാണ് പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷ നല്‍കിയവരില്‍ ഭൂരിഭാഗവും. ഫലം പുറത്ത് വരാത്തത് കാരണം ഇവരില്‍ പലരും ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുകയാണ്. ഇത് മൂലം ഇവര്‍ക്ക് ഫീസിനത്തില്‍ അടച്ച തുകയും നഷ്ടമായി. പ്ലസ്ടു പഠനത്തിനിടയില്‍ മുന്‍ വര്‍ഷത്തെ പാഠങ്ങള്‍ കൂടി പഠിക്കേണ്ടി വരുന്നത് കുട്ടികളില്‍ മാനസിക സംഘര്‍ഷവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഒക്ടോബര്‍ മൂന്നിന് ശേഷം ഫലം പ്രസിദ്ധീകരിക്കുമെന്നും അദ്ധ്യാപകരുടെ കുറവ് മൂലമാണ് ഫലം പ്രസിദ്ധികരിക്കുന്നതിലെ കാലതാമസത്തിന് കാരണമെന്നാണ് ഹയര്‍സെക്കണ്ടറി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനത്ത് പുനര്‍മൂല്യനിര്‍ണയത്തിന് മൊത്തം ഒമ്പത് ക്യാംപുകളാണ് ഉണ്ടായിരുന്നത.് ഒരു ക്യാംപില്‍ നിന്നുള്ള വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് ഇവര്‍ പറയുന്നു. നാല്‍പതിനായിരത്തോളം വരുന്ന കുട്ടികളില്‍ നിന്നും 500 രൂപ എന്ന തോതില്‍ ഒരു വിഷയത്തിന് വാങ്ങുകയാണെങ്കില്‍ തന്നെ 20 ലക്ഷം രൂപയോളം ഹയര്‍സെക്കണ്ടറി ബോര്‍ഡിന് ലഭിക്കുന്നു. ഒരു വിദ്യാര്‍ഥി ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കുകയാണെങ്കില്‍ വന്‍തുകയാണ് ബോര്‍ഡിന് ലഭിക്കുക. പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിക്കാതെ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുമ്പോള്‍ അതിനും ഓരോവിഷയത്തിനും 175 രൂപ തോതില്‍ ഫീസ് അടക്കേണ്ടി വരുന്നുണ്ട്. ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നതോടെ പുനര്‍മൂല്യനിര്‍ണയത്തിന്റെ പ്രസക്തിയും നഷ്ടമാകുന്നു. ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന്റെ ഈ തെറ്റായ സമീപനം കാരണം വിദ്യാര്‍ഥികളും രക്ഷിതാക്കളും ധര്‍മസങ്കടത്തിലാണ്. സര്‍ക്കാര്‍ ഇതിന് പരിഹാരം കാണാതെ പോകുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക