|    May 28 Sun, 2017 2:55 am
FLASH NEWS

പ്ലസ്‌വണ്‍ പ്രവേശനം: സ്‌കൂള്‍ മാറ്റത്തിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും

Published : 3rd July 2016 | Posted By: SMR

plus-one-alotment

തിരുവനന്തപുരം: ഏകജാലകസംവിധാനത്തില്‍ മെറിറ്റ് ക്വാട്ടയില്‍ അലോട്ട്‌മെന്റ് ലഭിച്ച് പ്ലസ്‌വണ്ണിന് സ്ഥിരപ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും.
നാളെ ഉച്ചയ്ക്ക് രണ്ടുമണി വരെ സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനായി അപേക്ഷിക്കാന്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികളില്‍നിന്ന് നിശ്ചിത ഫോറത്തില്‍ അപേക്ഷ സ്വീകരിക്കണം. അന്നേദിവസം വൈകീട്ട് അഞ്ചുമണിക്ക് ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. സ്‌കൂള്‍ മാറ്റം അനുവദിച്ച വിദ്യാര്‍ഥികളെ ആദ്യം പ്രവേശനം നേടിയ സ്‌കൂളില്‍ ഒരു കാരണവശാലും തുടരാന്‍ അനുവദിക്കരുതെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഏകജാലകത്തിലൂടെ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കോമ്പിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും കോമ്പിനേഷന്‍ മാറ്റത്തോടുകൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കാനുള്ള അവസരം നല്‍കുന്നത്. മുഖ്യഘട്ടത്തില്‍ ഒന്നാം ഓപ്ഷന്‍ പ്രകാരം പ്രവേശനം നേടിയവര്‍ക്ക് സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിനായി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാവില്ല.
സ്‌പോര്‍ട്‌സ്, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളില്‍ പ്രവേശനം നേടിയവര്‍ക്ക് മെറിറ്റ് സീറ്റുകളിലേക്ക് സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റങ്ങള്‍ അനുവദിക്കില്ലെന്ന് ഡയറക്ടറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടിയ സ്‌കൂളില്‍തന്നെ മറ്റൊരു കോമ്പിനേഷനിലേക്കോ മറ്റൊരു സ്‌കൂളിലെ അതേ കോമ്പിനേഷനിലേക്കോ മറ്റൊരു സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ അപേക്ഷ നല്‍കാം. സ്‌കൂള്‍ മാറ്റം അതേ ജില്ലയിലെ മറ്റൊരു സ്‌കൂളിലേക്ക് മാത്രമേ അനുവദിക്കൂ. ഒന്നിലധികം സ്‌കൂളുകളിലേക്കും കോമ്പിനേഷനുകളിലേക്കും മാറ്റത്തിനായി ഓപ്ഷനുകള്‍ നല്‍കാം. മുന്‍ഗണനാക്രമത്തിലാണ് ഓപ്ഷനുകള്‍ നല്‍കേണ്ടത്. മാറ്റം ലഭിച്ചാല്‍ പ്രവേശനം നേടാന്‍ താല്‍പര്യമുള്ള സ്‌കൂളുകളും കോമ്പിനേഷനുകളും മാത്രം വിദ്യാര്‍ഥികള്‍ ഓപ്ഷനായി നല്‍കണം.
സ്‌കൂള്‍ മാറ്റത്തിന്റെ മാനദണ്ഡങ്ങള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികള്‍ക്ക് വ്യക്തമാക്കി കൊടുക്കണം. വെബ്‌സൈറ്റിലെ ഒഴിവുകളുടെ വിശദാംശങ്ങള്‍ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഇത്തരം ഒഴിവുകള്‍ കൂടാതെ സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റങ്ങള്‍ മൂലമുണ്ടാവുന്ന ഒഴിവുകളിലേക്കും വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയ പക്ഷം മാറ്റം അനുവദിക്കും. മാറ്റം ആഗ്രഹിക്കുന്ന സ്‌കൂളില്‍ ഒഴിവുകളില്ലെങ്കിലും അപേക്ഷ നല്‍കാം. മാറ്റങ്ങള്‍ അനുവദിച്ചശേഷം നിലവിലെ ഒഴിവുകളുടെ വിശദാംശങ്ങള്‍ ഈമാസം എട്ടിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിലേക്ക് സിബിഎസ്ഇയുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും പുതിയ അപേക്ഷ നല്‍കാം.
അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാന്‍ കഴിയാത്തവര്‍ക്കും വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കിനല്‍കാം. അപേക്ഷ പുതുക്കുന്നതിനോടൊപ്പം നിലവിലെ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കി നല്‍കാമെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day