|    Jun 21 Thu, 2018 11:47 am
FLASH NEWS

പ്ലസ്‌വണ്‍ തുല്യതാപരീക്ഷ നീളുന്നു; ആശങ്കയോടെ വിദ്യാര്‍ഥികള്‍

Published : 12th July 2016 | Posted By: SMR

പാലക്കാട്: സംസ്ഥാന സാക്ഷരതാമിഷന്‍ തുടങ്ങിയ പ്ലസ് വണ്‍ തുല്യതാ പരീക്ഷ അനന്തമായി നീളുന്നു. സാക്ഷരതാമിഷന്‍ 2015ല്‍ ആദ്യമായാണ് പ്ലസ്ടു തുല്യതാ കോഴ്‌സ് തുടങ്ങിയത്. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് എന്നീ കോഴ്‌സുകളാണ് പ്രഥമഘട്ടത്തില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സാക്ഷരതാമിഷന്‍ തുടങ്ങിയത്. കോഴ്‌സ് നടത്തുന്നതിനും മറ്റുമായി പഞ്ചായത്ത് തല തുടര്‍വിദ്യാകേന്ദ്രം പ്രേരകുമാരും പിന്നീട് ബ്ലോക്ക് പ്രേരകുമാരുമാണ് ജില്ലാ ഓഫിസിനു കീഴില്‍ കോഴ്‌സിന്റെ രജിസ്‌ട്രേഷനും സമ്പര്‍ക്കക്ലാസും നടത്തി വരുന്നത്.
നേരത്തെ തന്നെ നാലാംതരം, ഏഴാംതരം തുല്ല്യതക്ക് പുറമെ പത്താം തരം തുല്യതയും വളരെ വിജയകരമായി നടത്തി വരുന്നുണ്ട്. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി 2015 ജൂണ്‍ മാസത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ അവധി ദിവസങ്ങളില്‍ നടത്തുന്ന സമ്പര്‍ക്ക ക്ലാസും തുടങ്ങിയിരുന്നു. പത്ത് മാസം ദൈര്‍ഘ്യമുള്ള ഒന്നാംവര്‍ഷവും, അത്രതന്നെ കാലാവധിയില്‍ രണ്ടാം വര്‍ഷമായ പ്ലസ്ടുവുമാണ് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. ഇതു പ്രകാരം 2016 ഏപ്രില്‍ മാസത്തില്‍ പരീക്ഷ നടക്കേണ്ടതായിരുന്നു.
എന്നാല്‍ വര്‍ഷം ഒന്ന് പൂര്‍ത്തിയായിട്ടും പരീക്ഷ എന്ന് നടക്കുമെന്ന് ഇപ്പോഴും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഓരോ ജില്ലയിലും ആയിരത്തോളം പഠിതാക്കളാണ് തുല്യതാ പ്ലസ് വണിന് രജിസ്റ്റര്‍ ചെയ്ത് പരീക്ഷക്ക് കാത്തിരിക്കുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം വിജയിച്ചവര്‍ക്ക് പ്രായം മാനദണ്ഡമില്ലാതെയും ഔപചാരികമായ പത്താം തരം വിജയിച്ചവര്‍ക്കും, ഉപരിപഠനം നടത്താത്തവര്‍ക്കും പ്ലസ്ടു/ പ്രീഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കും പാതി വഴിയില്‍ നിര്‍ത്തിയവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും ജനുവരി ഒന്നിന് 22 വയസ്സ് പൂര്‍ത്തിയാവണമെന്ന നിബന്ധനയോടെയാണ് പ്ലസ് വണ്‍ കോഴ്‌സ് തുടങ്ങിയത്.
18-04-2013 ന് 138/2013 നമ്പര്‍ ഉത്തരവ് പ്രകാരം 2015മുതലാണ് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് തുടങ്ങിയത്.2000ല്‍ നാലാംതരവും 2005ല്‍ ഏഴാംതരവും 2006ല്‍ പത്താംതരം തുല്യതയുമാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സാക്ഷരതാ മിഷന്‍ നടത്തി വരുന്നത്.
ഇതിനിടെ പ്ലസ് വണ്‍ രണ്ടാമത് ബാച്ചിനുള്ള അപേക്ഷകള്‍ ക്ഷണിക്കുകയും, സ്വീകരിക്കുന്ന സമയം അവസാനിക്കുകയും ചെയ്തിട്ടുണ്ട്. ജനസമ്പര്‍ക്ക ക്ലാസുകള്‍ തുടങ്ങിയിട്ട് 13-ാം മാസത്തേക്ക് പ്രവേശിച്ചു. പഠിതാക്കള്‍ നല്‍കേണ്ട അസൈന്‍മെന്റ്, പ്രൊജക്റ്റ് വര്‍ക്കുകളും നല്‍കിയിട്ടും മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ പരീക്ഷക്കുള്ള വിജ്ഞാപനം പോലും നാളിതുവരെയായി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇറക്കിയിട്ടില്ല.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പദ്ധതി പിന്നീടെത്തിയ ഇടതുസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന ആക്ഷേപവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss