|    Oct 24 Tue, 2017 1:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്ലസ്‌വണ്‍: അപേക്ഷിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അവസരം; പ്രവേശനം ലഭിക്കാത്തവര്‍ അപേക്ഷ പുതുക്കിനല്‍കണം

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനായി നേരത്തേ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. ഇവര്‍ വെബ്‌സൈറ്റിലെ APPLYONLINESWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് അതിന്റെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം അടുത്തുള്ള ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ്, ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം.
അപേക്ഷ നല്‍കിയിട്ടും മുഖ്യ അലോട്ട്‌മെന്റുകളിലൊന്നും ഇടംനേടാന്‍ കഴിയാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലെ അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളിലായിരിക്കണം ഇത് നല്‍കേണ്ടത്. അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലെ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും മാറ്റിനല്‍കാം.
മുഖ്യഘട്ടത്തില്‍ അപേക്ഷ പരിപൂര്‍ണമായി ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം പ്രിന്റൗട്ട് സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രസ്തുത പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതിച്ചേര്‍ത്ത് അനുബന്ധരേഖകളൂമായി ഏറ്റവും അടുത്ത സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്‌കൂള്‍, കോമ്പിനേഷന്‍ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കാന്‍ കഴിയൂ. അപേക്ഷകള്‍ നാളെ വൈകീട്ട് 5 മണിക്കുള്ളില്‍ സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി തയ്യാറാക്കുന്ന പുതിയ റാങ്ക്‌ലിസ്റ്റനുസരിച്ച് ഈ അപേക്ഷകരെ വീണ്ടും പ്രവേശനത്തിനായി പരിഗണിക്കും. എന്നാല്‍, അപേക്ഷ പുതുക്കാതിരുന്നാല്‍ അലോട്ട്‌മെന്റിനായി പരിഗണിക്കില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
സിബിഎസ്ഇയുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവരെയും എസ്എസ്എല്‍സി സേ പാസായവരെയും സപ്ലിമെന്ററി അലോട്ട്‌മെന്റ് ഘട്ടത്തിലായിരിക്കും പരിഗണിക്കുക. എന്നാല്‍, നിലവില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ ഈഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി, വെരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഈമാസം 12ന് രാവിലെ 11 മണിക്ക് മുമ്പായി പൂര്‍ത്തീകരിച്ച് അഡ്മിന്‍ യൂസറില്‍ ലഭ്യമാക്കുന്ന സപ്ലിമെന്ററി ഡാറ്റാ അപ്‌ലോഡ് കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനുള്ള ക്രമീകരണം അതത് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണം.
നിര്‍ദിഷ്ട സമയത്തിനുള്ളില്‍ കണ്‍ഫര്‍മേഷന്‍ പൂര്‍ത്തീകരിക്കുന്ന സ്‌കൂളുകളില്‍നിന്നും അപ്‌ലോഡ് ചെയ്യപ്പെട്ട അപേക്ഷകള്‍ മാത്രമേ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പരിഗണിക്കുകയുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക