|    Mar 25 Sun, 2018 4:59 am
FLASH NEWS
Home   >  Kerala   >  

പ്രൗഢസദസ്സില്‍ മഅ്ദനിയുടെ മകന്‍ വിവാഹിതനായി

Published : 9th August 2017 | Posted By: shadina sdna

തലശ്ശേരി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ മൂത്തമകന്‍ ഹാഫിസ് ഉമര്‍ മുക്താറിന്റെ വിവാഹം തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലെ പ്രൗഢമായ സദസ്സില്‍ നടന്നു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജാമ്യം ലഭിച്ച് ബംഗളുരൂവിലെ ആശുപത്രിയില്‍ കഴിയുകയായിരുന്ന അബ്ദുന്നാസിര്‍ മഅ്ദനി, സുപ്രിംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാനായി ഇന്നലെ രാവിലെ തന്നെ തലശ്ശേരിയിലെത്തിയിരുന്നു. തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസില്‍ രാവിലെ 7.20നു തലശ്ശേരിയിലെത്തിയ മഅ്ദനിയെ പിഡിപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കര്‍ണാടക പോലിസിന്റെ അകമ്പടിയിലെത്തിയ മഅ്ദനി തുടര്‍ന്ന് പഴയ ബസ് സ്റ്റാന്റ് പരിസരത്തെ പാരിസ് പ്രസിഡന്‍സിയില്‍ വിശ്രമിച്ചു. വീല്‍ചെയറില്‍ 12ഓടെ ടൗണ്‍ഹാളിലെത്തിയ മഅ്ദനി, വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ-മത-സാമൂഹിക സംഘടനാ നേതാക്കളെ ഹസ്്തദാനം ചെയ്യുകയും നാലു മിനുട്ട് നീണ്ട ആമുഖത്തിനു ശേഷം നികാഹ് കര്‍മങ്ങളിലേക്കു കടക്കുകയും ചെയ്തു. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കു സമീപത്തെ പുത്തന്‍പുരയില്‍ ബൈത്തുല്‍ നിഹ്്മത്തില്‍ ഇല്യാസ്-സറീന ദമ്പതികളുടെ മകള്‍ നിഹ്മത്ത് ജബിനാണ് ഹാഫിസ് ഉമര്‍ മുക്്താറിന്റെ വധു. നികാഹിനു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ കാര്‍മികത്വം വഹിച്ചു. അറബി ഖുതുബ ഖാസി ടി എസ് ഇബ്രാഹീം മുസ്്‌ല്യാരും മലയാണഭാഷണം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയും ഹജ്ജ് കമ്മിറ്റി സംസ്ഥാന ചെയര്‍മാനുമായ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിയും നിര്‍വഹിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ നേതാവ് അബ്്ദുല്‍ ജബ്ബാര്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. അഡ്വ. പി ടി എ റഹീം എംഎല്‍എ, മുന്‍മന്ത്രി നീല ലോഹിതദാസ നാടാര്‍, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, മുന്‍ എംപി കെ സുധാകരന്‍, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് ഗ്രോ വാസു, ജമാഅത്തെ ഇസ്്‌ലാമി കേരള അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ ്അബ്്ദുര്‍റഹ്്മാന്‍, എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നാസിര്‍ ഫൈസി കൂടത്തായി, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, നജീബ് മൗലവി, സമാജ്‌വാദി പാര്‍ട്ടി നേതാവ് ജോസ് ആന്റണി, മോയിന്‍ ബാപ്പു, ആര്‍ വി കുട്ടിഹസന്‍ ദാരിമി, പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, നേതാക്കളായ മൈലക്കാട് ഷാ, സുബൈര്‍ സ്വലാഹി, നിസാര്‍ മേത്തര്‍, വര്‍ക്കല രാജ്, എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍, സാലിം അഴിയൂര്‍, കെ ജലീല്‍ സഖാഫി, സവാദ് വടകര, പി കെ ഫാറൂഖ് തുടങ്ങി സാമൂഹിക-രാഷ്ട്രീയ-മത-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ സംബന്ധിച്ചു. വിവാഹസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടോടെ പാരിസ് പ്രസിഡന്റ്‌സിയിലേക്കു പോയ മഅ്ദനി വാര്‍ത്താസമ്മേളനത്തിനു ശേഷം അഴിയൂരിലെ വധൂഗൃഹത്തിലേക്കു തിരിച്ചു. വൈകീട്ട് വധൂഗൃഹത്തിലെ സല്‍ക്കാരശേഷം റോഡ് മാര്‍ഗം മഅ്ദനി കോഴിക്കോട്ടേക്കു തിരിച്ചു. കര്‍ണാടക പോലിസിനു പുറമെ തലശ്ശേരിയിലും പരിസരങ്ങളിലും കേരള പോലിസും സുരക്ഷാ സന്നാഹങ്ങളൊരുക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss